മറയൂര്‍: സ്വകാര്യ വ്യക്തിയുടെ ഭൂമിയില്‍ നില്ക്കുന്ന ഒരു കോടിയിലധികം വിലമതിക്കുന്ന ചന്ദന മരം മുറിക്കാനുള്ള വനംവകുപ്പ് അപേക്ഷയില്‍ നടപടിയില്ല. അനുമതി തേടി വനം വകുപ്പ് ഒന്നര മാസം മുമ്പ് വന്യൂ വകുപ്പിന് അപേക്ഷ നല്‍കിയെങ്കിലും നടപടികള്‍ ഇഴയുന്നു.
മറയൂര്‍ കുണ്ടക്കാട് പേരൂര്‍ സോമനാണ് തന്റെ പുരയിടത്തില്‍ നില്ക്കുന്ന 80 ഇഞ്ച് വണ്ണവും 160 അടിയിലധികം ഉയരവുമുള്ള ചന്ദനമരം കൊള്ളക്കാര്‍ മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും മുറിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് മറയൂര്‍ ഡിഎഫ്ഒയ്ക്കു കത്ത് നല്‍കിയത്. പ്രദേശത്ത് സ്വകാര്യ ഭൂമിയില്‍ നില്ക്കുന്ന ഏറ്റവും വലിപ്പം കൂടിയ ചന്ദനമരം ആണിത്. സര്‍ക്കാരിന് ഒരു കോടിയിലധികം വരുമാനം ലഭിക്കേണ്ട ചന്ദനമരമാണ് വകുപ്പുകള്‍ തമ്മിലുള്ള ചുവപ്പുനാടയുടെ കുരുക്കില്‍പ്പെട്ടിരിക്കുന്നത്.
അപേക്ഷ പരിഗണിച്ച വനം വകുപ്പ് മരം മുറിച്ച് നീക്കാന്‍ അനുമതി തേടി ദേവികുളം സബ് കളക്ടര്‍ക്കും തഹസീല്‍ദാര്‍ക്കും കത്തയച്ചു. സോമന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലുണ്ടായിരുന്ന രണ്ട് ചന്ദന മരങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊള്ളക്കാര്‍ മുറിച്ചു മാറ്റിയിരുന്നു. 1964ലെ നിയമ പ്രകാരം പട്ടയ ലഭിച്ച ഭൂമിയിലെ ചന്ദനം ഉള്‍പ്പെടെയുള്ള വൃക്ഷങ്ങളുടെ ഉടമസ്ഥാവകാശം സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. ഇത്തരം വൃക്ഷങ്ങള്‍ ഭൂവുടമയ്ക്ക് സംരക്ഷിക്കാനാവാത്ത സാഹചര്യത്തില്‍ വനം വകുപ്പ് റവന്യൂ വകുപ്പില്‍ നിന്ന് അനുമതി തേടി മുറിച്ച് സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടുകയാണ് പതിവ്.
റവന്യൂ വകുപ്പില്‍ നിന്ന് അനുമതി ലഭിച്ചാല്‍ പിറ്റേന്ന് തന്നെ മരം മുറിച്ച് സ്ട്രോംഗ് റൂമിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു. മുന്‍പ് മോഷണം പോയ രണ്ടു ചന്ദനമരങ്ങള്‍ക്കും ഒരു കോടിയിലധികം വീതം വില ലഭിക്കുന്നതായിരുന്നുവെന്നും എന്നാല്‍ റവന്യൂ വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം പോലും നടത്താന്‍ തയാറായില്ലെന്നുമാണ് വനംവകുപ്പിന്റെ വിശദീകരണം. രാജകീയ മരങ്ങള്‍ മുറിക്കേണ്ടിവന്നാല്‍ അതിന് അനുമതി നല്‍കേണ്ടത് ജില്ലാ കളക്ടര്‍, സബ് കളക്ടര്‍ പോലുള്ളവരാണ്. എന്നാല്‍ ഇത്തരത്തിലൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് കളക്ടര്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: