ന്യൂദല്‍ഹി : 1921 ലെ മാപ്പിള കലാപത്തിനെതിരെ ശക്തമായ നിലപാടെടുത്ത കുമാരനാശാനെ കൊലപ്പെടുത്തിയതാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ടായിരുന്നെന്ന് പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. ഇന്നും ഇത് സംബന്ധിച്ച് സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നുണ്ട്. ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സത്യാവസ്ഥ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഭരണാധികാരികള്ക്കുണ്ടെന്നും ജെ.നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
‘മലബാര്‍ ഇസ്ലാമിക് സ്റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും’ എന്ന വിഷയത്തില്‍ ജനം ടിവിയുടെ ട്വിറ്ററില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുദേവന്റെ ആവശ്യമനുസരിച്ചാണ് കുമാരനാശാന് മലബാര്‍ സന്ദര്‍ശിച്ചത്. അന്നത്തെ ഹിന്ദുക്കളുടെ വേദന അറിഞ്ഞിട്ടാണ് അദ്ദേഹം ദുരവസ്ഥ എഴുതിയത്. അതിനെതിരെ ശക്തമായ പ്രതിഷേധം തന്നെ ഇസ്ലാമിക മതഭ്രാന്തന്മാര് നടത്തി. കുമാരനാശാന് ദുരവസ്ഥ എന്ന കൃതി പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ വളരെ കൃത്യമായി അദ്ദേഹം അതിനു മറുപടി നല്‍കിയെന്നും നന്ദകുമാര്‍ ചൂണ്ടിക്കാട്ടി.
തന്റെ നേരിട്ടുള്ള അനുഭവത്തിലും ബോദ്ധ്യത്തിലുമുള്ള കാര്യങ്ങള്‍ മാത്രമേ എഴുതിയിട്ടുള്ളൂ എന്നും അത് ഒരു കാരണവശാലും പിന്‍വലിക്കുകയില്ലെന്നു കുമാരനാശാന് വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ പല്ലനയാറ്റില്‍ നടന്ന ബോട്ടപകടത്തില്‍ അദ്ദേഹം കൊല്ലപ്പെടുകയായിരുന്നു. ഖിലാഫത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്ന ആര്യസമാജത്തിലെ സ്വാമി ശ്രദ്ധാനന്ദന്‍ കൊല്ലപ്പെടുകയായിരുന്നു. സമാനമായ സാഹചര്യത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ട്. കുമാരനാശാന് ആ പട്ടികയില്‍ പെട്ടാണോ കൊല്ലപ്പെട്ടതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്ന് നന്ദകുമാര്‍ പറഞ്ഞു.
പിടിച്ചുപറിക്കാരനും മതഭ്രാന്തനുമായ വാരിയന്‍കുന്നനെ സ്വാതന്ത്ര്യസമരസേനാനിയായി വെള്ളപൂശുന്നത് തികഞ്ഞ രാജ്യവിരുദ്ധപ്രവര്‍ത്തനമാണ്. രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം കൊണ്ടാടുമ്പോഴാണ് കേരളത്തില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഹിന്ദുവംശഹത്യയെ സ്വാതന്ത്ര്യസമരമാക്കാന്‍ പ്രചാരവേല നടത്തുന്നത്. മാപ്പിള കലാപം ഹിന്ദുകൂട്ടക്കൊല തന്നെയായിരുന്നെന്ന് ആനിബസന്റ് ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പ്രഭാഷണത്തില്‍ വ്യക്തമാക്കി.
മലബാര്‍ ഇസ്ലാമിക് സ്റ്റേറ്റും 1921 ലെ ഹിന്ദു വംശഹത്യയും എന്ന വിഷയത്തിലെ രണ്ടാമത്തെ പ്രഭാഷണം ഇന്ന് ട്വിറ്റര്‍ സ്പേസില്‍ നടക്കും. ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ പ്രഫുല്‍ കേത്കറാണ് ഇന്ന് പ്രഭാഷണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: