കോഴിക്കോട്: കേരളത്തിലും താലിബാന് മനസ്സുളളവരുണ്ടെന്നും താലിബാനിസത്തേയും ജിഹാദിസത്തേയും പിന്തുടരുന്നവര് ഏഴാം നൂറ്റാണ്ടിലെ ഇസ്ലാമിക കാലത്തെ തിരിച്ചു കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നും പ്രൊഫ.ഹമീദ് ചേന്ദമംഗലൂര്‍. ബിജെപി കോഴിക്കോട് ജില്ലാ സമിതി സംഘടിപ്പിച്ച ‘താലിബാനിസം വിസ്മയമോ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിസ്മയം പോലെ താലിബാനെന്ന് 1996 സപ്തംബര്‍ 28നും അധിനിവേശം ഒഴിഞ്ഞു, അഫ്ഗാന് സ്വതന്ത്രം എന്ന് ഇപ്പോഴും ഒന്നാം പേജില്‍ തലക്കെട്ട് നിരത്തിയ മാധ്യമം പത്രം ഇതിന്റെ തെളിവാണ്. ജമാത്തെ ഇസ്ലാമിയുടെ മുഖപത്രം എന്ന നിലയിലുള്ള മാധ്യമം പത്രത്തിന്റെ നിലപാട് താലിബാന് നല്ലതാണെന്ന ആശയമാണ് മുന്നോട്ടുവെക്കുന്നത്. താലിബാനിസവും ഈ പത്രം പ്രതിനിധീകരിക്കുന്ന പ്രത്യയശാസ്ത്രവും ഒന്നാണ്.
ഇതുതന്നെയാണ് 1996ല്‍ എന്‍ഡിഎഫ് എന്ന പേരിലും 2006 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് എന്ന പേരിലും അറിയപ്പെടുന്ന കൂട്ടരും ചെയ്യുന്നത്. ജെയ്ഷേ മുഹമ്മദും ലഷ്കര്‍ ഇ ത്വയിബയും അല്‍ഖ്വെയ്ദയുമൊക്കെ ഇതേ ആശയത്തെയാണ് പ്രതിനിധീകരിക്കുന്നത്. താലിബാന് മനുഷ്യാവകാശത്തേയും ആധുനിക ചിന്താഗതികളെയും അംഗീകരിക്കുന്നില്ല. സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്ക്കും അവര്‍ വിദ്യാഭ്യാസം നിഷേധിക്കുന്നു. ലോകത്ത് മുഴവന്‍ ഇസ്ലാം മതം സ്ഥാപിക്കലാണ് മുസ്ലീം മതമൗലികവാദികളുടെ ലക്ഷ്യം.
കേരളത്തില്‍ ഇന്ന് ബുദ്ധിജീവികളല്ല, സാമര്ത്ഥ്യജീവികളാണ് ഉള്ളത്. താലിബാനിസത്തിനെതിരെ ശബ്ദിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. തങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും ഭാവിയില്‍ ലഭിച്ചേക്കാവുന്നതുമായ ആനുകൂല്യങ്ങള്‍ നഷ്ടമാവുമെന്ന് ഭയക്കുന്നവരാണ് കേരളത്തിലെ ബുദ്ധിജീവികള്‍. പ്രസ്താവനായുദ്ധക്കാര് ഇന്ന് നിശ്ശബ്ദരാണ്. കല്‍ബുര്‍ഗിയും പന്‍സാരയും ഗൗരി ലങ്കേഷും കൊല്ലപ്പെട്ടപ്പോള്‍ രംഗത്തുവന്നവര്‍ താലിബാന്‍കാര്‍ ഹാസ്യനടനെ അടിച്ചു കൊന്നപ്പോഴും നാടോടി ഗായകനെ വെടിവെച്ചുകൊന്നപ്പോഴും പ്രതികരിക്കുന്നില്ല. 1993ല്‍ ചേകനൂര്‍ മൗലവിയെ കൊലചെയ്തപ്പോഴും കോയമ്പത്തൂരില്‍ എച്ച്. ഫറൂഖിനെ വധിച്ചപ്പോഴും മലാലാ യൂസഫ് എന്ന പെണ്‍കുട്ടി വേട്ടയാടപ്പെട്ടപ്പോഴും ഇവര്‍ നിശ്ശബ്ദരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്. മധു, റിട്ട. ജില്ലാ ജഡ്ജ് പി.എന്‍. ശാന്തകുമാരിയമ്മ എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: