ചെന്നൈ: പാരാലിംപിക്സില്‍ ഇന്ത്യക്കായി വെള്ളിമെഡല്‍ നേടിയ മാരിയപ്പന് തങ്കവേലുവിന് രണ്ടു കോടി രൂപ നല്‍കുമെന്ന് തമിഴ്നാട് സര്‍ക്കാര്‍. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. ടോക്കിയോയില്‍ പുരുഷ ഹൈജമ്പിലാണ് തങ്കവേലു വെള്ളി നേടിയത്. 1 .86 മീറ്ററാണ് തങ്കവേലു മറികടന്ന ഉയരം. തമിഴ്നാട് സേലം സ്വദേശിയായ മാരിയപ്പന് ചെറുപ്പത്തിലുണ്ടായ ബസപകടത്തിലാണ് അംഗവൈകല്യം സംഭവിച്ചത്. കഴിഞ്ഞ റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയിരുന്നു മാരിയപ്പന് തങ്കവേലു.
1995 ജൂണ്‍ 28ന് തമിഴ്നാട്ടിലെ സേലം ജില്ലയിലെ പെരിയവടഗാമ്പടിയിലാണ് മാരിയപ്പന്തങ്കവേലുവിന്റെ ജനനം. അഞ്ചാം വയസ്സില്‍ ഉണ്ടായ ഒരു ബസ്സപകടത്തില്‍ വലതു കാലിന്റെ മുട്ടിന് താഴെ തകര്‍ന്നു. പച്ചക്കറി കച്ചവടക്കാരിയായ സരോജയുടെ അഞ്ചുമക്കളില്‍ ഒരാളാണ് മാരിയപ്പന്.
2015ല്‍ എവിഎസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം നേടി. 2016ലെ റിയോ പാരാലിമ്പിക്സില്‍ 1.89 മീറ്റര്‍ ചാടിയാണ് തങ്കവേലു രാജ്യത്തിനായി സ്വര്‍ണം നേടിയത്. ഇതിനു പിന്നാലെ 2017-ല്‍ പദ്മശ്രീയും അര്‍ജുന അവാര്‍ഡും നല്കി രാജ്യം മാരിയപ്പന് തങ്കവേലുവിനെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: