പാലക്കാട്: ഓഫീസില്‍ ജീവനക്കാരെ ‘സാര്‍’, ‘മാഡം’ എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. കഴിഞ്ഞ ചൊവ്വാഴ്ച പഞ്ചായത്ത് ഭരണസമിതി യോഗം ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. മുതിര്‍ന്ന ജീവനക്കാരെ അഭിസംബോധന ചെയ്യാന്‍ സാര്‍, മാഡം എന്നതിന് പകരം ‘ചേട്ടന്’,’ചേച്ചി’ എന്നീ വാക്കുകള്‍ ഉപയോഗിക്കാം.
സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ഭരണത്തിന്റെ ശേഷിപ്പുകളാണ്. ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യ സ്വതന്ത്ര്യം നേടിയിട്ട് 75 വര്‍ഷം പിന്നിട്ടു. ജനാധിപത്യവും ജനധിപത്യ സര്‍ക്കാറുമാണ് നമ്മെ ഭരിക്കുന്നത് – ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച മാത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ആര് പ്രസാദ് പറയുന്നു.
പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ ജീവനക്കാരെ സാര്‍, മാഡം എന്ന് അഭിസംബോധന ചെയ്യുന്നതിന് പകരം അവരുടെ പേരുകളോ സ്ഥാനങ്ങളോ വച്ച് അഭിസംബോധന ചെയ്യാം. ജീവനക്കാരുടെ പേരുകള്‍ അവരുടെ സ്ഥാനങ്ങളില്‍ എഴുതിവയ്ക്കും.
ഒപ്പം തന്നെ ‘അപേക്ഷിക്കുന്നു’, ‘അഭ്യര്‍ത്ഥിക്കുന്നു’ എന്നിവ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചുള്ള കത്തുകളില്‍ ഉപയോഗിക്കേണ്ടതില്ലെന്നും പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. ഇതിന് പകരം ആവശ്യപ്പെടുന്നു, താല്‍പ്പര്യപ്പെടുന്നു എന്നീ വാക്കുകള്‍ ഉപയോഗിക്കാം. ഏതെങ്കിലും ജീവനക്കാരന് ഈ വാക്കുകള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടാല്‍ അത് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിയായി നല്‍കാം എന്നും മാത്തൂര്‍ പഞ്ചായത്ത് ഭരണ സമിതി പറയുന്നു.
ജനാധിപത്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സേവകരാണ്, ജനങ്ങളാണ് അധികാരികള്‍. അവരുടെ അവകാശങ്ങള്‍ ആരുടെയും ഔദ്യാര്യമല്ല – പഞ്ചായത്തില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നു. ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസാക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പവിത്ര മുരളീധരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: