ആലപ്പുഴ : വസ്തു തീറുനല്‍കാമെന്നു പറഞ്ഞ് മുന്‍കൂറായി 30 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് വസ്തു എഴുതി നല്‍കാതെ വഞ്ചിക്കുകയും ചെയ്ത സംഭവത്തിൽ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതി നോര്‍ത്ത് പോലീസിനു നിര്‍ദ്ദേശം നല്‍കി. പുന്നപ്ര പാര്‍വ്വണം വീട്ടില്‍ റെജിയുടെ ഭാര്യ അമ്പിളി നല്‍കിയ പരാതിയിലാണ് മജിസ്‌ട്രേറ്റ് രജനി തങ്കപ്പന്റെ ഉത്തരവ്.
2015 ഡിസംബര്‍ മുതല്‍ പല തവണയായി പ്രതികളായ തകഴി പടഹാരം പയ്യനാട് പുത്തന്‍ വേലി വീട്ടില്‍ ജേക്കബ് (65), ഭാര്യ ത്രേസ്യാമ്മ (58) മകന്‍ ടോം ജേക്കബ് (32) എന്നിവര്‍ നേരിട്ടും ബാങ്ക് ഇടപാടുകള്‍ വഴിയുമാണ് പരാതിക്കാരിയില്‍ നിന്ന് പണം വാങ്ങിയെടുത്തത്. പരാതിക്കാരിയുടെ വിദേശത്തുള്ള ഭര്‍ത്താവില്‍ നിന്നും ഇവര്‍ പണം കൈക്കലാക്കി. പരാതിക്കാരിക്ക് എഴുതി നല്‍കിയ വസ്തുവില്‍പ്പന കരാറിന്റെ അസലും പിന്നീട് വസ്തു എഴുതുന്ന ആവശ്യത്തിലേക്ക് എന്ന വ്യാജേന ഇവര്‍ കൈക്കലാക്കി.
ഇതേ തുടര്‍ന്ന് കരാര്‍ പ്രകാരം തനിക്കു ഭൂമി എഴുതി നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ച് വീട്ടമ്മ ആലപ്പുഴ സബ് കോടതിയില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പരാതിക്കാരിയില്‍ നിന്നു പ്രതികള്‍ കൈക്കലാക്കിയ വസ്തുവില്‍പ്പന കരാര്‍ ഹാജരാക്കാന്‍ സബ് കോടതി ഉത്തരവായി. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ പരാതിക്കാരി നല്‍കിയ തുക തിരിച്ചു കിട്ടാന്‍ അവര്‍ക്ക് അര്‍ഹതയില്ല എന്നു രേഖപ്പെത്തിയ വ്യാജ കരാര്‍ ചമച്ച് അതില്‍ വീട്ടമ്മയുടെ ഒപ്പും കൈവിരലടയാളവും വ്യാജമായി ചേര്‍ത്ത് 2021 ഏപ്രില്‍ മാസത്തില്‍ സബ് കോടതിയില്‍ ഹാജരാക്കി.
തന്റെ കളള ഒപ്പിട്ട രേഖകള്‍ ചമക്കാന്‍ ഗൂഡാലോചന നടത്തിയത് തകഴി പടഹാരം കൊല്ലംകളം വീട്ടില്‍ ആന്‍ ജോസ്, ആലപ്പുഴ തത്തംപള്ളി തട്ടുങ്കല്‍ വീട്ടില്‍ ടോം തോമസ്, ആലപ്പുഴ ആശ്രമം വാര്‍ഡില്‍ എല്‍.കെ കമ്പിയില്‍ വീട്ടില്‍ മുജീബ് എന്നിവരും കൂടി ചേര്‍ന്നാണെന്നു മനസിലാക്കിയ വീട്ടമ്മ എല്ലാവര്‍ക്കുമെതിരെ ഇക്കഴിഞ്ഞ ജൂലായ് മാസത്തില്‍ ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടില്ല. ഒടുവിലാണ് അഭിഭാഷകനായ ബിജിലി ജോസഫ് മുഖേന കോടതിയെ സമീപിച്ചത്.
പ്രതികള്‍ക്കെതിരെ വിശ്വാസവഞ്ചന നടത്തി പണം തട്ടിയെടുക്കല്‍, വ്യാജ രേഖ ചമക്കല്‍, വ്യാജ രേഖ ചമച്ച് കോടതിയില്‍ ഹാജരാക്കി കോടതിയെ കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനാണ് ഉത്തരവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: