മലപ്പുറം: ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്കിയ വാരിയംകുന്നന് സ്മാരകം നിര്‍മിക്കാനുള്ള മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ തീരുമാനം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന് തില്ലങ്കേരി. ഹിന്ദുഐക്യവേദി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാരിയംകുന്നന് സ്ഥാപിച്ചത് മലയാള രാജ്യമല്ല, മാപ്പിള രാജ്യമായിരുന്നു. കെ.ടി. ജലീലിന്റെ പുസ്തകം മുന്‍നിര്‍ത്തി ഇടതന്മാരും ഇസ്ലാമിസ്റ്റുകളും അത് മലയാളരാജ്യമായിരുന്നുവെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണെന്ന് വത്സന് തില്ലങ്കേരി പറഞ്ഞു. എല്ലാ മുസ്ലിങ്ങളും കലാപകാരികളല്ല. സഹജീവികളെ കൊന്നൊടുക്കുന്നതിനെ ശക്തമായി എതിര്‍ത്ത കൊണ്ടോട്ടി തങ്ങളെപ്പോലുള്ള മഹാരഥന്മാരും ജീവിച്ചിരുന്നു. കലാപത്തെ എതിര്‍ത്ത കൊണ്ടോട്ടി തങ്ങളടക്കമുള്ളവരാണോ കലാപകാരികളാണോ ആദരിക്കപ്പെടേണ്ടതെന്ന് ഭരണകൂടങ്ങള്‍ ചിന്തിക്കണം.
1973 ആഗസ്ത് 23ന് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി ഉമാശങ്കര്‍ ദീക്ഷിത് തന്നെ മഹാത്മാഗാന്ധി, ഡോ.ബി.ആര്. അംബേദ്ക്കര്‍ എന്നിവരുടെ അഭിപ്രായവും മാധ്യമ വാര്‍ത്തകളും മുന്‍നിര്‍ത്തി 1921ല്‍ മലബാറില്‍ നടന്നത് സ്വാതന്ത്ര്യസമരമല്ലെന്ന് വ്യക്തമാക്കിയിരുന്നു. രാജ്യത്തെ പ്രമുഖരായ നേതാക്കള്‍ മുതല്‍ ദൃക്സാക്ഷികള്‍വരെ പറഞ്ഞ സത്യങ്ങള്‍ മറന്ന് കലാപത്തെ വെള്ളപൂശാന്‍ ശ്രമിക്കരുത്. നാട് മുഴുവനും കൊലയാളികളുടെ പേര് കൊത്തിവെയ്ക്കാനാണ് ഭരണകൂടങ്ങളുടെ ശ്രമമെങ്കില്‍ അവര്‍ കൊലയാളികളാണെന്ന് ഉറക്കെ പറയാന്‍ ഹിന്ദുക്കള്‍ക്ക് ശക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖിലാഫത്ത് ലഹള ആരംഭിച്ചത് സ്വാതന്ത്ര്യസമരമായിട്ടാണ്, എങ്കിലും അതില്‍ ചില പാകപ്പിഴകള്‍ ഉണ്ടായിട്ടുണ്ടെന്നാണ് കപടമതേതരന്മാരുടെ വാദം. പക്ഷേ, എന്താണ് ആ വഴിപിഴയ്ക്കലെന്ന് പറയാനുള്ള നട്ടെല്ല് ഇവര്‍ക്കാര്‍ക്കുമില്ല. ഖിലാഫത്ത് എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും വ്യക്തമാക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാകണം. സവര്‍ണര്‍ക്കും ജന്മിമാര്‍ക്കും എതിരെയാണ് കലാപം നടന്നതെന്നാണ് ഇവരുടെ ഒരു വാദം ഉയരുന്നു. എന്നാല്‍ കൊലക്കത്തിക്ക് ഇരയായതില്‍ എല്ലാ വിഭാഗം ഹിന്ദുക്കളുമുണ്ടായിരുന്നു എന്ന സത്യം ഇവര്‍ മറക്കുകയാണ്. മലപ്പുറം മുസ്ലിം ഭൂരിപക്ഷ ജില്ലയായി എങ്ങനെ മാറിയെന്ന് ഇവര്‍ വസ്തുനിഷ്ഠമായി വിലയിരുത്തണമെന്ന് വത്സന് തില്ലങ്കേരി ആവശ്യപ്പെട്ടു.
ഹിന്ദുഐക്യവേദി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് വാര്യര്‍.എസ്.ദാസ് അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധാകരന്, ആശാരി സമാജം ജില്ലാ സെക്രട്ടറി രഘുനാഥ്, വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി രജനീഷ്, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്, കെ.എം. ഷബി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: