ഓവല്‍: ലീഡ്സിലെ നാണംകെട്ട തോല്‍വി മറക്കാം. ഇനി ഓവലില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കണം. വിജയം പിടിച്ച് പരമ്പരയില്‍ മുന്നിലെത്തണം കോഹ്ലിയും സംഘവുവും ആത്മവിശ്വാസത്തോടെ പോരിനിറങ്ങുകയാണ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം ടെസ്റ്റ് ഓവലില്‍ നാളെ ആരംഭിക്കും. വൈകിട്ട് 3.30നാണ് കളി തുടങ്ങുന്നത്.
ലോഡ്സിലെ രണ്ടാം ടെസ്റ്റിലെ തിളക്കമാര്‍ന്ന വിജയവുമായി ലീഡ്സില്‍ മൂന്നാം ടെസ്റ്റിനിറങ്ങിയ ഇന്ത്യ ഇന്നിങ്സ് തോല്‍വി ഏറ്റുവാങ്ങി. ഇതോടെ പരമ്പരയില്‍ ഇംഗ്ലണ്ട് ഇന്ത്യക്കൊപ്പം (1-1) എത്തി. മൂന്നാം ടെസ്റ്റിലെ തോല്‍വി മറന്ന് മികച്ച പ്രകടനം കാഴ്ചവെച്ചാലേ ഇന്ത്യക്കു പരമ്പരയില്‍ മുന്നിലെത്താനാകൂ. ഓവലില്‍ ജയിച്ചാല്‍ അഞ്ചു മത്സരങ്ങളുടെ പരമ്പര തോല്‍ക്കില്ലെന്ന് ഉറപ്പിക്കാം.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര എന്നിവരുടെ മോശം ഫോമാണ് ഇന്ത്യയെ അലട്ടുന്നത്. മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ പൂജാര 91 റണസ് നേടിയത് പ്രതീക്ഷയ്ക്ക് വക നല്കുന്നു. എന്നാല്‍ കോഹ്ലി, രഹാനെ എന്നിവരില്‍ നിന്ന് ഇതുവരെ വമ്പന്‍ പ്രകടനം ഉണ്ടായിട്ടില്ല. രഹാനെയാണ് ഏറെ നിരാശപ്പെടുത്തിയത്. അഞ്ചു ഇന്നിങ്സിലായി നേടിയത് വെറും 95 റണ്‍സ് . ഈ സാഹചര്യത്തില്‍ രഹാനെയെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. രഹാനെയെ തഴഞ്ഞാല്‍ ഹനുമ വിഹാരിക്ക് അവസരം ലഭിച്ചേക്കും. സ്പിന്നര്‍ ഓള് റൗണ്ടറായ വിഹാരിയെ ബൗളിങ്ങിനും ഉപയോഗിക്കാനാകും.
ഓവലിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെയാണ് തുണയ്ക്കാറ്. അതിനാല്‍ സീനിയര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ അവസാന ഇലവനില്‍ സ്ഥാനം നല്‍കിയേക്കും. നിറം മങ്ങിയ പേസര്‍ ഇഷാന്ത് ശര്‍മ്മയേയും ഒഴിവാക്കിയേക്കും. പകരം ഓള് റൗണ്ടറായ ഷാര്‍ദുല്‍ താക്കുറെ ഉള്‍പ്പെടുത്താനാണ് സാധ്യത. പേസര്‍മാരായ മുഹമ്മദ് ഷമിക്കും ജസ്പ്രീത് ബുംറക്കും അവസാന ഇലവനില്‍ സ്ഥാനമുറപ്പാണ്.
ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്റെ അപാര ഫോമാണ് ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നത്. മൂന്ന് ടെസ്റ്റിലും സെഞ്ചുറി കുറിച്ച റൂട്ട് അഞ്ഞൂറിലേറെ റണ്‍സ് നേടിക്കഴിഞ്ഞു. തുടക്കത്തിലെ റൂട്ടിനെ വീഴ്ത്തിയാലേ ഇന്ത്യക്ക് വിജയത്തിലേക്ക് പിടിച്ചുകയറാനാകൂ.
മൂന്ന് വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്ന ഡേവിഡ് മലാന് മികച്ച ഫോമിലാണ്. പരിക്ക് ഭേദമായി പേസര്‍ മാര്‍ക്ക് വുഡും ഓള് റൗണ്ടര്‍ ക്രിസ് വോക്സും തിരിച്ചെത്തിയത്് ഇംഗ്ലണ്ടിന്റെ കരുത്ത് കൂട്ടിയിട്ടുണ്ട്. ജോസ് ബട്ലറര്ക്ക് പകരം ജോണി ബെയര്‍സ്റ്റോ വിക്കറ്റ് കീപ്പറാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: