കോഴിക്കോട്: മുപ്പത് വര്‍ഷം മുമ്പ് കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ ഇടപെട്ട്, കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കാന്‍ വരെ പ്രധാന പങ്ക് വഹിച്ച മുസ്ലിം ലീഗ് ഇപ്പോള്‍ പറയുന്നു, കോണ്‍ഗ്രസിന്റെ കാര്യം അവര്‍ നോക്കുമെന്ന്. ഇത് കോണ്‍ഗ്രസ് വളര്‍ന്നതുകൊണ്ടോ, മുസ്ലിംലീഗ് തളര്‍ന്നതുകൊണ്ടോ എന്നാണിപ്പോള്‍ ചര്‍ച്ച.
1991ല്‍ നാലാംവട്ടം കരുണാകരന്‍ മുഖ്യമന്ത്രിയായപ്പോഴായിരുന്നു അത്. കാര്‍ അപകടത്തില്‍ പരിക്കേറ്റ കെ. കരുണാകരന്‍ അതോടെ തീര്‍ന്നെന്ന് കണക്കാക്കി കരുനീക്കിയ എ ഗ്രൂപ് കോണ്‍ഗ്രസ് നേതാക്കള്‍ നേതൃമാറ്റം മുദ്രാവാക്യമാക്കി പാര്‍ട്ടിയില്‍ സമരം തുടങ്ങി. പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് പ്രതിനിധിയായി ജി.കെ. മൂപ്പനാര്‍ കേരളത്തിലെത്തി. യുഡിഎഫിലെ നേതാക്കളേയും കോണ്‍ഗ്രസ് എംഎല്‍എ മാരേയും ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കണ്ടു മൂപ്പനാര്‍ നിലപാടറിഞ്ഞു.
അന്ന് ഘടകകക്ഷികളായ സിഎംപിയും (എം.വി. രാഘവന്‍) എന്‍ഡിപിയും (പി.കെ. നാരായണപ്പണിക്കര്‍) മാത്രമാണ്, ഈ വിഷയം കോണ്‍ഗ്രസ് ആഭ്യന്തരകാര്യമാണ്, അവര്‍ തീര്‍ക്കട്ടെ എന്ന്. കേരള കോണ്‍ഗ്രസ് (കെ.എം. മാണി) നിലപാട് എന്തായിരുന്നുവെന്നതിനേക്കാള്‍ വിഷയമായത് മുസ്ലിം ലീഗിന്റെ നിലപാടായിരുന്നു. പാണക്കാട്ട് വീട്ടിലെത്തി കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റും മുഖ്യമന്ത്രിയും ആരാകണമെന്ന് ആ പാര്‍ട്ടി നേതൃത്വത്തോട് അഭിപ്രായം ചോദിക്കുന്ന കാലം. അങ്ങനെ ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു കരുണാകരന്‍ മാറണം എന്ന്. ഇക്കാര്യം പരോക്ഷമായി ജി.കെ. മൂപ്പനാരും കെ. കരുണാകരനും വെളിപ്പെടുത്തിയിട്ടുമുണ്ട്.
അന്ന് ഉമ്മന്‍ ചാണ്ടി കരുണാകരനു പകരം മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചിരിക്കെ, പ്രത്യേക വിമാനത്തില്‍ പറന്നിറങ്ങിയ എ.കെ. ആന്റണി മുഖ്യമന്ത്രിയായതും മുസ്ലിം ലീഗ് ആന്റണിയെ തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ചതും പിന്‍സീറ്റ് ഭരണം നടത്തിയതും ലീഗിന്റെ നല്ലകാല ചരിത്രം.
അങ്ങനെ കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ ഇടപെട്ട്, ഹൈക്കമാന്‍ഡിനെ പോലും നിയന്ത്രിച്ച മുസ്ലിം ലീഗാണ് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ല എന്ന് 30 വര്‍ഷം കഴിയുമ്പോള്‍ നിലപാടെടുക്കുന്നത്. ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാമിന്റെ ഈ പ്രസ്താവന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ശബ്ദമാണ്. എം.കെ. മുനീറും അതാവര്‍ത്തിക്കുമ്പോള്‍ പാര്‍ട്ടിയില്‍ അക്കാര്യത്തില്‍ തര്‍ക്കമില്ലെന്നാണ്. ഇതുതന്നെ പാര്‍ട്ടി അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങളും പറഞ്ഞതോടെ ഒന്ന് വ്യക്തമായി, കോണ്‍ഗ്രസിനോടുള്ള ഈ സമീപനമാറ്റത്തിന് കാരണം ലീഗിന്റെ ക്ഷീണംതന്നെ. കാരണം, കോണ്‍ഗ്രസില്‍ ലീഗിടപെട്ടാല്‍ മുസ്ലിം ലീഗില്‍ നേതൃത്വത്തിനെതിരേ ഉയര്‍ന്നിരിക്കുന്ന ശബ്ദങ്ങള്‍ ലീഗ് നേതാക്കള്‍ക്ക് വിനയായേക്കുമെന്നാണ് അവരുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: