ന്യൂദല്‍ഹി : പ്രതിദിന കോവിഡ് കേസുകള്‍ ഉയരുമ്പോഴും കേന്ദ്രസര്‍ക്കാര്‍ നല്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേരളത്തിനെതിര വിമര്‍ശനവുമായി ആരോഗ്യ മന്ത്രാലയം. കോവിഡ് നിരക്ക് കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിത നടപടികള്‍ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ കോവിഡ് രോഗികളില്‍ 85 ശതമാനവും വീടുകളിലാണ് കഴിയുന്നത്. ഇവര്‍ കോവിഡ് രോഗികള്‍ പ്രതിരോധ സുരക്ഷാ മാര്‍ഗങ്ങള്‍ വേണ്ട രീതിയില്‍ പാലിക്കാത്തതാണ് സംസ്ഥാനത്തെ രോഗവ്യാപനം ഇത്രയും ഉയരാന്‍ കാരണം. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി തന്ത്രപരമായ ലോക്ഡൗണാണ് ഏര്‍പ്പെടുത്തേണ്ടത്. ജില്ലാതലത്തില്‍ മാത്രമല്ല രോഗബാധയുള്ള പ്രദേശങ്ങളിലും ശ്രദ്ധകാണിക്കുകയും നടപടികള്‍ കൈക്കൊള്ളുകയും വേണം. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ ആഘാതം അയല്‍ സംസ്ഥാനങ്ങളും അനുവഭവിക്കുന്നുണ്ട്.
കേരളത്തില്‍ കോവിഡ് ബാധിച്ച വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വൈറസ് സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിക്കുന്നില്ല. അതുകൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് ഇത്രയും അധികം വ്യാപിച്ചത്. സംസ്ഥാനങ്ങളിലെ തീരദേശങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഈ മേഖലകളില്‍ കണ്ടെയ്ന്മെന്റ് സോണ്‍ ആക്കുന്നത് ഉള്‍പ്പടെ അടിയന്തിരമായി കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. കേരളത്തിലെ പ്രതിവാര പോസിറ്റിവിറ്റി റേറ്റ് 14 മുതല്‍ 19 ശതമാനം വരെയാണ്. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുറയ്ക്കായില്ലെങ്കില് തൊട്ടടുത്തുള്ള സംസ്ഥാനങ്ങള്‍ക്കും ഇത് ഭീഷണിയാകും.
കേരളത്തില്‍ ഇതുവരെ 40 ലക്ഷം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. 20000ഓളം പേര് മരിച്ചതായും കണക്കുകളില്‍ പറയുന്നുണ്ട്. ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 41965 ആയിരിക്കേ കേരളത്തില്‍ മാത്രം 30,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ തുടര്‍ന്ന് രാത്രി 10 മുതല്‍ രാവിലെ 6 വരെ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അതേസമയം കേരളത്തില്‍ നിന്ന് വരുന്നവരില്‍ നടത്തിയ പരിശോധനയില്‍ പലരും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു നിന്നുള്ളവര്‍ 7 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന് വേണമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ അതിര്‍ത്തികളിലും റെയില്‍വേ സ്റ്റേഷനുകളിലും എത്തുന്ന യാത്രക്കാരില്‍ പ്രത്യേക പരിശോധനയും നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: