തിരുവനന്തപുരം: യുഎസ് സൈന്യം മുന്‍നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 31ന് പൂര്‍ണമായി പിന്‍മാറുകയും അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഭീകരസംഘടന താലിബാന്‍ ഏറ്റെടുക്കുകയും ചെയ്തതിനെ സ്വാതന്ത്ര്യസമര പോരാട്ടമായി വിശേഷിപ്പിച്ച് ജമാഅത്തെ ഇസ്ലാമി മുഖപത്രം മാധ്യമം. അധിനിവേശം ഒഴിഞ്ഞു, സ്വതന്ത്ര അഫ്ഗാന്‍ എന്ന പ്രധാന തലക്കെട്ടോടെയാണ് മാധ്യമം ഇന്ന് പുറത്തിറങ്ങിയത്. താലിബാന്റെ ഭീകര ഭരണത്തില്‍ നിന്ന് രക്ഷനേടി രാജ്യം വിടാന്‍ ലക്ഷക്കണക്കിനു പേര്‍ ഇപ്പോഴും നെട്ടോട്ടം ഓടുമ്പോഴാണ് മാധ്യമത്തിന് താലിബാന്റെ ഭരണം സ്വാതന്ത്ര്യമായി മാറുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അമേരിക്കന്‍ സേന പിന്മാറ്റം പൂര്‍ത്തിയായത്. ശേഷിച്ച സൈനികരേയും വഹിച്ച് അവസാന അമേരിക്കന്‍ സേന വിമാനം കാബൂള്‍ വിമാനത്താവളത്തില്‍ നിന്ന് യാത്രയായതോടെ പടക്കം പൊട്ടിച്ചും ആകാശത്തേക്ക് വെടിയുതിര്‍ത്തും താലിബാന്‍ സേന ആഹ്ലാദം പ്രകടിപ്പിച്ചു. കാബൂള്‍ വിമാനത്താവളത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തു. സേന പിന്‍മാറ്റം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനം തെരുവിലിറങ്ങി ആഘോഷിച്ചെന്നും മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ജനങ്ങളല്ല മറിച്ച് താലിബാന്‍ ഭീകരരാണ് ആഘോഷിച്ചതെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം, മാധ്യമം ദിനപത്രത്തിന്റെ താലിബാന്‍ അനുകൂല നിലപാടിനെതിരേ സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. വിദേശികള്‍ക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവര്‍ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികല്‍പ്പനയേയുമാണ് അവഹേളിക്കുന്നതതെന്ന് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ഇന്നത്തെ അഫ്ഗാനിസ്ഥാനെ “സ്വതന്ത്രം” എന്നൊക്കെ വിശേഷിപ്പിക്കുന്നത് ശുദ്ധ അസംബന്ധമാണ്. വിദേശികൾക്ക് പകരം തദ്ദേശീയരായ തീവ്രവാദികളുടെ കൈകളിലേക്ക് അധികാരമെത്തുന്നതിനെ സ്വാതന്ത്ര്യമായി കാണുന്നവർ ആ വാക്കിനെയും സ്വാതന്ത്ര്യമെന്ന മഹത്തായ പരികൽപ്പനയേയുമാണ് അവഹേളിക്കുന്നത്. മതരാഷ്‌ട്ര വാദത്തെ ഇങ്ങനെ പരസ്യമായി ഗ്ലോറിഫൈ ചെയ്യുന്നത് നമ്മുടെ സമൂഹത്തിന്റെയും ജനാധിപത്യ ചിന്തയിലേക്കുള്ള ചുവടുവയ്‌പ്പുകൾക്ക് തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: