കണ്ണൂര്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ മാതൃകയാക്കണമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരുടെ പരിശീലനപരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമെങ്കില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഉത്തര്‍പ്രദേശ് സന്ദര്‍ശിച്ച് പ്രതിരോധപ്രവര്‍ത്തനം പഠിക്കണം.
ലോക്ഡൗണ്‍ കാലം മറ്റ് സംസ്ഥാനങ്ങള്‍ ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഉപയോഗിച്ചപ്പോള്‍ കേരളം അവസരം പാഴാക്കുകയായിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വ്യാപകമായി പരിശോധന നടത്തി ഹോം ക്വാറന്റൈനും ഇന്‍സ്റ്റിട്യൂഷണല്‍ ക്വാറന്റൈനും കര്‍ശനമാക്കി രോഗവ്യാപനം നിയന്ത്രിച്ചു. എന്നാല്‍ കേരളത്തില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം സമ്പൂര്‍ണ്ണ പരാജയമായിരുന്നു.
കേന്ദ്രം നിരന്തരമായി മുന്നറിയിപ്പ് നല്‍കിയിട്ടും കേരളം അത് അവഗണിച്ചു. പിആര്‍ വര്‍ക്കിലൂടെ തെറ്റായ കാര്യങ്ങളാണ് സംസ്ഥാനത്ത് പ്രചരിപ്പിച്ചത്. പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിന്റെ തിക്തഫലമാണ് കേരളം ഇപ്പോള്‍ അനുഭവിക്കുന്നത്. കൊവിഡിനെ രാ ഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചത്. വാക്സിന് ചലഞ്ചിലൂടെ 874 കോടി രൂപയാണ് കേരളം സമാഹരിച്ചത്. കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായും സൗജന്യമായാണ് ജനങ്ങള്‍ക്ക് വാക്സിന് നല്‍കുന്നത്. കൊറോണ ചികിത്സ സൗജന്യമാക്കണമെന്ന് മോദിയെ ഉപദേശിച്ച പിണറായി ഇപ്പോള്‍ ജനറല്‍ ആശുപത്രികളില്‍ പോലും ചികിത്സയ്ക്ക് പണം ഈടാക്കുകയാണ്.
മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യമായ മുന്നൊരുക്കം നടത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുമായി കൃത്യമായ ആശയവിനിമയം നടത്തിയാണ് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. ആശുപത്രി സംവിധാനങ്ങള്‍, ഓക്സിജന്‍ പ്ലാന്റുകള്‍ തുടങ്ങിയവയെല്ലാം രാജ്യത്തുടനീളം തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. കൊറോണ പ്രതിരോധത്തിന് ബിജെപി 10 ലക്ഷം സന്നദ്ധ പ്രവര്‍ത്തകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. കേരളത്തില്‍ അന്‍പതിനായിരം പേര്‍ക്ക് പരിശീലനം നല്‍കും. പൊതുസമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ബിജെപിക്ക് ഉയരാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.കെ. വിനോദ്കുമാര്‍, ബിജു ഏളക്കുഴി എന്നിവര്‍ സംസാരിച്ചു. മുകേഷ് മുകുന്ദ് സ്വാഗതവും അഡ്വക്കേറ്റ് ശ്രദ്ധ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: