രാഷ്‌ട്രീയത്തില്‍ സ്ത്രീകളുടെ പങ്കിനെകുറിച്ച് ഒരു പുതിയ മാനം ലോകമെമ്പാടും അടുത്ത കാലത്തായി ഉയര്‍ന്നുവന്നിരിക്കുന്നു. മുന്‍പത്തേക്കാള്‍ കൂടുതലായി സ്ത്രീകള്‍ ഇപ്പോള്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നുണ്ട്. ചരിത്രം കാലാകാലങ്ങളില്‍ സ്ത്രീകളുടെ രാഷ്‌ട്രീയമികവിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം മികവുറ്റ, സ്വാധീനമുള്ള വനിതാ രാഷ്‌ട്രീയ നേതാക്കളെ ഭാരതവും കണ്ടിട്ടുണ്ട്. അവരുടെ രാഷ്‌ട്രീയ സവിശേഷതകളും പദ്ധതികളും പലപ്പോഴും അഭിനന്ദിക്കപ്പെടുകയും അതിനേക്കാളേറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ടെങ്കിലും രാജ്യത്തിന്റെ വികസനത്തിന് അവര്‍ നല്‍കിയ സംഭാവനകള്‍ ഒരിക്കലും അവഗണിക്കാനാവുകയില്ല.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ ഭാരതത്തിലെ ഭൂരിപക്ഷം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശമില്ലായിരുന്നു. 1947ല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ഭരണഘടന സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വോട്ടവകാശം നല്‍കി. രാഷ്‌ട്രീയ പങ്കാളിത്തത്തിന്റെ വിശാലമായ അളവില്‍ രാഷ്‌ട്രീയത്തിലെ വനിതാ പ്രാതിനിധ്യം വിലയിരുത്തുമ്പോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണവും സംസ്ഥാന നിയമസഭകളിലെ പ്രാതിനിധ്യവും കണക്കാക്കപ്പെടേണ്ടതാണ്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക ആഗോള ലിംഗ വിടവ് സൂചിക പഠനമനുസരിച്ച്, വര്‍ഷങ്ങളായി ലോകമെമ്പാടുമുള്ള മികച്ച 20 രാജ്യങ്ങളില്‍ ഭാരതീ സ്ഥാനം നേടിയിട്ടുണ്ട്.
യുഎന്‍ ജനറല്‍ അസംബ്ലി അധ്യക്ഷ(വിജയ് ലക്ഷ്മി പണ്ഡിറ്റ്), പ്രധാനമന്ത്രി (ഇന്ദിരാഗാന്ധി), രാഷ്‌ട്രപതി (പ്രതിഭപാട്ടീല്‍), മുഖ്യമന്ത്രി (സുചേത കൃപലാനി, ജയലളിത, ഉമാഭാരതി, മായാവതി, വസുന്ധര രാജെ, സുഷമ സ്വരാജ്, ഷീല ദീക്ഷിത്, ആനന്ദിബെന്‍ പട്ടേല്‍)….. വിവിധ വകുപ്പുകളില്‍ മന്ത്രിമാര്‍ എന്നിങ്ങനെ വിവിധ പദവികള്‍ അലങ്കരിക്കാനും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കാനും ഭാരതത്തില്‍ സ്ത്രീകള്‍ക്ക് സാധിച്ചിട്ടുണ്ട്.
വേദകാലം തൊട്ടു വര്‍ത്തമാന കാലം വരെ ഭാരതീയ സ്ത്രീകള്‍ക്ക് കുടുംബത്തിനകത്തും സമൂഹത്തിലും നല്‍കിവരുന്ന സ്ഥാനത്തെ സംബന്ധിച്ചുള്ള അവലോകനം ഭാരതത്തിലെ സ്ത്രീകളുടെ ഇപ്പോഴുള്ള രാഷ്‌ട്രീയ പങ്കാളിത്തത്തെക്കുറിച്ച് വിശകലനം ചെയ്യുമ്പോള്‍ പ്രസ്താവ്യമാണ്. മാനവികതയുടെ അഭിന്നങ്ങളായ രണ്ടു ഘടകങ്ങള്‍ ആണ് സ്ത്രീയും പുരുഷനും. വൈദിക സംഹിതയുടെ കാലഘട്ടത്തില്‍ സ്ത്രീ വേദാധ്യായനത്തിനും തനിച്ച് യജ്ഞം ചെയ്യാനും അധികാരമുള്ളവളായി പരിഗണിക്കപ്പെട്ടിരുന്നു. ബ്രഹ്മാവ് തന്റെ ദേഹം രണ്ടു ഭാഗമാക്കിയതില്‍ ഒരു പകുതി പുരുഷനും മറ്റേ പകുതി സ്ത്രീയുമായി എന്ന് മനുസ്മൃതിയിലും പറയുന്നു. ഭാരതീയ ദര്‍ശനം സ്ത്രീക്കും പുരുഷനും തുല്യമായ പ്രാധാന്യം നല്‍കുന്നു എന്നാണ് ഇതിന്റെ അര്‍ഥം. സ്മൃതികാലഘട്ടത്തില്‍ ഭാരതീയ സ്ത്രീയുടെ സ്ഥിതി വേദോപനിഷത് കാലത്തെയപേക്ഷിച്ചു താഴ്ന്നുപോയിരുന്നുവെന്നിരിക്കിലും ‘യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത’ എന്ന ശ്ലോകം സ്ത്രീയെ സംബന്ധിച്ച കാഴ്ചപ്പാടും പെരുമാറ്റവും എന്തായിരിക്കണമെന്ന നിര്‍ദ്ദേശം സമൂഹത്തിനു നല്‍കുന്നുണ്ട്.
ഇതിഹാസകാലമെടുത്താല്‍ കിഷ്‌കിന്ധയിലെ താരയും ലങ്കയിലെ ശൂര്‍പ്പണഖയും രാജനീതീയില്‍ നിപുണരായിരുന്നു. വിവാഹപ്രായത്തില്‍ സ്വയംവര സമ്പ്രദായത്തിലൂടെ സ്ത്രീയുടെ അഭിപ്രായത്തിന് അക്കാലത്തു മുന്‍ഗണന നല്‍കിയിരുന്നതായും നമുക്ക് കാണാം. ഇതിഹാസകാലത്തിനുശേഷം പുരുഷന്റെ ആധിപത്യം വര്‍ധിക്കുകയും ഭാരതീയ സ്ത്രീയുടെ സ്ഥിതി താരതമ്യേന അധഃപതിക്കുകയും, സമൂഹത്തില്‍ സ്ത്രീയുടെ ഇടവും ഇടപെടലുകളും ക്രമാനുഗതമായി കുറഞ്ഞുവന്നതായും കാണുന്നു. പിന്നീടുള്ള അടിമത്തത്തിന്റെ കാലഘട്ടത്തില്‍ അധിനിവേശമതാനുയായികള്‍ ഭാരതീയ സ്ത്രീകളെ അപഹരിക്കുകയും അടിമയാക്കുകയും ബലാല്‍ക്കാരം ചെയ്യുകയുമൊക്കെ ചെയ്ത സാഹചര്യങ്ങള്‍ സ്ത്രീയുടെ സുരക്ഷ പരമപ്രധാനമാവുകയും അത് ഉറപ്പാക്കുന്നതിനായി അവളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടുന്ന പരിഹാരമാര്‍ഗ്ഗത്തിലേക്ക് സമാജം എത്തി എന്നും വേണം കരുതാന്‍.
ഭാരതീയ സ്ത്രീ നേരിട്ട സാമൂഹികാപചയത്തിന്റെ നാള്‍വഴികള്‍ ഇങ്ങനെയാണെന്നിരിക്കിലും ഇന്നത്തെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തില്‍ സ്ത്രീ മുന്നേറ്റങ്ങള്‍ യഥേഷ്ടം ദൃശ്യമാണ്. സാമൂഹ്യ പരിഷ്‌കരണ രംഗത്ത് കാലഹരണപ്പെട്ട ദുരാചാരങ്ങളെ പിഴുതെറിയാന്‍ അനേകം വീട്ടമ്മമാര്‍ പ്രവര്‍ത്തിച്ചതായും കാണാം. ബാലവിവാഹം വൃദ്ധവിവാഹം സതി മുതലായ ദുരാചാരങ്ങള്‍ ഇല്ലാതായി. പുനര്‍ വിവാഹം, വിധവാവിവാഹം, സ്ത്രീകളുടെ വിദ്യാഭ്യാസം, കടല്‍ കടന്നുള്ള വിദേശയാത്ര മുതലായ പരിഷ്‌കാരങ്ങള്‍ സമൂഹത്തില്‍ സ്വീകരിക്കപ്പെട്ടു.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവുമുള്ള പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ രാഷ്‌ട്രീയത്തിലും ചില അധികാരങ്ങള്‍ നേടാന്‍ ഭാരതത്തില്‍ സ്ത്രീകളെ സഹായിച്ചിട്ടുണ്ട്. കാലക്രമത്തില്‍ ഭരണനിര്‍വഹണത്തില്‍ വന്ന വനിതകളുടെ കുറഞ്ഞ പങ്കാളിത്തം പരിഹരിക്കുന്നതിന് 1994ല്‍ ഭരണഘടനാ ഭേദഗതികളിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയതിലൂടെ സ്ത്രീകള്‍ അഭൂതപൂര്‍വമായ ഒരു രാഷ്‌ട്രീയ വഴിത്തിരിവ് നേടി. എന്നാല്‍ സംസ്ഥാന നിയമ സഭകളിലും രാജ്യത്തെ പാര്‍ലമെന്റിലും ഇന്നും വനിതകളുടെ പ്രാതിനിധ്യം കുറവുതന്നെയാണ്.
നിരവധി നേട്ടങ്ങള്‍ക്കിടയിലും ഭാരതത്തിലെ സ്ത്രീകളുടെ രാഷ്‌ട്രീയ പങ്കാളിത്തം ഉയര്‍ത്തുന്നതിന് ഇനിയും വളരെയധികം കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ‘രാഷ്‌ട്രീയ പങ്കാളിത്തം’ എന്ന വാക്കിന് വിശാലമായ അര്‍ത്ഥമുണ്ട്. ഇത് ‘വോട്ടവകാശം’ എന്നതുമായി മാത്രമല്ല മറിച്ച് തീരുമാനമെടുക്കല്‍ പ്രക്രിയ, രാഷ്‌ട്രീയത്തില്‍ സ്ത്രീകളുടെ സജീവമായ ഇടപെടല്‍, സ്ത്രീകളുടെ രാഷ്‌ട്രീയ ബോധം എന്നീ വിഷയങ്ങളുമായികൂടി ബന്ധപ്പെട്ടതാണ്. രാഷ്‌ട്രീയ പാര്‍ട്ടികളിലെ സ്ത്രീകളുടെ ഇടപെടല്‍ തുല്യ അവകാശങ്ങള്‍ക്കായുള്ള വര്‍ധിച്ചുവരുന്ന ആവശ്യവുമായി ബന്ധപ്പെട്ടതാണ്. സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭാരതത്തിലെ സ്ത്രീകള്‍ സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുമായി കാര്യക്ഷമമായി ഇടപെടുന്നവരാണ്. ഭാരതത്തിലെ രാഷ്‌ട്രീയപാര്‍ട്ടിസമ്പ്രദായം കൂടുതല്‍ മത്സരാത്മകമായതിനാല്‍ വലിയ രാഷ്‌ട്രീയ പാര്‍ട്ടികള്‍ വനിതാ വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പാര്‍ട്ടികളില്‍ വനിതാ വിഭാഗങ്ങളും രൂപീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ഉയര്‍ന്ന ഘടകങ്ങളില്‍ സ്ത്രീപ്രാതിനിധ്യവും പങ്കാളിത്തവും ഇന്നും ചോദ്യചിഹ്നമാണ്.
സ്ത്രീപുരുഷ സംബന്ധിയായ ഏതൊരു പ്രശ്‌നം കൈകാര്യം ചെയ്യുമ്പോഴും കണക്കിലെടുക്കേണ്ട അടിസ്ഥാനപരമായ വസ്തുത പ്രകൃതിജന്യമായ ലിംഗഭേദങ്ങളൊഴിച്ചു സ്ത്രീക്കും പുരുഷനുമിടയില്‍ യാതൊരു അന്തരവും ഇല്ല എന്നതാണ്. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടന സ്ത്രീക്കും പുരുഷനും തുല്യ അവസരം എന്നത് മൗലിക അവകാശമായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഭരണകൂടം അതിന്റെ പൗരന്മാര്‍ക്കായുള്ള നയരൂപീകരണത്തില്‍ പുരുഷനും സ്ത്രീക്കും തുല്യമായ ഉപജീവന മാര്‍ഗ്ഗം ലഭിക്കാനുള്ള അവകാശം ഉറപ്പുവരുത്തണമെന്നത് ഒരു തത്വമായി ഉള്‍ക്കൊള്ളണമെന്ന് ഭരണഘടനയുടെ 39ാം അനുച്ഛേദത്തിലും പറയുന്നു.
രാഷ്‌ട്രീയത്തില്‍ സ്ത്രീ പങ്കാളിത്തത്തിന്റെ സ്ഥിതിയും നിലവാരവും ഇന്ന് ഭാരതത്തില്‍ പ്രധാനമായും രൂപപ്പെടുത്തുന്നത് അക്രമത്തിന്റെയും വിവേചനത്തിന്റെയും നിരക്ഷരതയുടെയും രൂപത്തിലുള്ള സാംസ്‌കാരികവും സാമൂഹികവുമായ തടസ്സങ്ങളാണ്. ഇടതുപക്ഷ ബുദ്ധിജീവികള്‍ വ്യാപകമായി നടത്തുന്ന ഒരു പ്രചരണം പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് ഭാരതീയത സ്ത്രീകളെ തടഞ്ഞുനിര്‍ത്തി എന്നതാണ്. കൂടാതെ വിശ്വാസപരമായ വിലക്കുകളും അവര്‍ നേരിട്ടതായി ആരോപിക്കപ്പെടുന്നു. ഇത്തരം പല കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ക്ക് മുന്നോട്ടുവരാന്‍ സാധിച്ചില്ല എന്ന വ്യാഖ്യാനമാണ് ഭാരതത്തില്‍, പ്രത്യേകിച്ചു കേരളത്തില്‍ ഏറ്റവും ശക്തമായിട്ടുള്ളത്.
പുരാണങ്ങളിലോ ഉപനിഷത്തുകളിലോ ഈ പ്രസ്താവ്യങ്ങളുടെ അടിസ്ഥാനം നമുക്ക് കാണാന്‍ സാധിക്കില്ല. ദാര്‍ശനിക തലത്തില്‍ ഗാര്‍ഗിയെയും മൈത്രേയിയെയും പോലെയുള്ളവര്‍, യുദ്ധത്തില്‍ പോരാടി മരിച്ച ധീര വനിതകള്‍ എന്നിങ്ങനെ ധാരാളം സ്ത്രീകള്‍ നമുക്ക് മുന്‍ഗാമികളായുണ്ട്. മുഗളന്മാരുടെ ആക്രമണകാലത്തു ശത്രുസൈന്യം വളഞ്ഞ കോട്ടയിലെയോ പട്ടണത്തിലെയോ സ്ത്രീകള്‍, കൊച്ചുകുട്ടികള്‍, മറ്റ് ആശ്രിതര്‍ എന്നിവര്‍ അത്തരം പ്രതിസന്ധിഘട്ടങ്ങളില്‍ ശത്രുവിനെതിരെ പരമാവധി പോരാടി നിന്നതിനു ശേഷം പിടിച്ചുനില്‍ക്കുന്നത് മേലില്‍ സാധ്യമല്ലെന്നും ജീവനോടെ ശത്രുവിന്റെ കൈകളില്‍ അകപ്പെട്ടാല്‍ ഉണ്ടാകാവുന്ന മാനഹാനിയും ജീവഹാനിയും പരിഗണിക്കുമ്പോള്‍ മരിക്കുവാനായുള്ള മാന്യമായ ഒരേയൊരു മാര്‍ഗ്ഗമായിക്കണ്ട് സ്വയമേവ നടത്തിയ കൂട്ടായ ബലി അനുഷ്ഠാനമായിരുന്നു ജൗഹര്‍. പിടിക്കപ്പെടാതിരിക്കാനും തങ്ങളുടെ മാനം സംരക്ഷിക്കാനുമായി ചിറ്റോറിലെ മറ്റ് സ്ത്രീകളോടൊപ്പം പദ്മാവതി, നാഗ്മതി എന്നിവര്‍ കൂട്ടത്തോടെ ജൗഹര്‍ അനുഷ്ടിച്ചത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ബ്രിട്ടീഷ് അധിനിവേശ കാലത്തു ഭാരത സ്ത്രീകള്‍ നടത്തിയ പ്രതിരോധത്തിന്റെയും പ്രത്യാക്രമണത്തിന്റെയും മറ്റൊരു ഉദാഹരണമാണ് കിത്തൂര്‍ റാണി ചന്നമ്മയുടെ ചരിത്രം. ഭര്‍ത്താവിന്റെയും മകന്റെയും മരണശേഷം തന്റെ ഡെപ്യൂട്ടി സാങ്കോളി റായാനയുടെ സഹായത്തോടെ കടുത്ത പോരാട്ടം നടത്തിയെങ്കിലും ഒടുവില്‍ ബെയ്ല്‍ഹോംഗല്‍ കോട്ടയില്‍ വച്ച് അവര്‍ പിടിക്കപ്പെടുകയും ജയിലിലടയ്‌ക്കപ്പെടുകയും അവിടെ വച്ച് 1829ല്‍ മരിക്കുകയും ചെയ്തു. ഭാരതീയ സംസ്‌കൃതി യുദ്ധമുറകള്‍ സ്ത്രീകളെയും പഠിപ്പിച്ചിരുന്നു എന്നതിനും തന്റെ രാജ്യത്തിനുവേണ്ടി യുദ്ധത്തില്‍ പോരാടി മരിക്കുന്നത് പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകളും അഭിമാനമായി കണ്ടിരുന്നു എന്നതിനും ഈ സ്തീകളുടെ ജീവിതം ഉദാഹരണമാണ് . വിഷ്ഫലയെ പോലെയുള്ളവര്‍ വേദകാലഘട്ടത്തിലും ഝാന്‍സി റാണിയെപ്പോലെയുള്ളവര്‍ പിന്നീടും ഭാരതത്തില്‍ ജീവിച്ചവരാണ്. വ്യാപകമായി സ്ത്രീകള്‍ യുദ്ധത്തിലും ഭരണ രംഗത്തും ഉണ്ടായിരുന്നിട്ടില്ലെങ്കില്‍ കൂടി ഈ രാജ്യത്തിന്റെ സംസ്‌കാരവും ദര്‍ശനവുംഒരിക്കലും സ്ത്രീകളുടെ മുന്നേറ്റങ്ങള്‍ക്കു തടസ്സമായിരുന്നില്ല എന്നുവേണം കരുതാന്‍.
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലൊക്കെത്തന്നെ ഭാരതത്തിന്റെ രാഷ്‌ട്രീയരംഗത്തുണ്ടായ സ്ത്രീമുന്നേറ്റങ്ങള്‍ സംവരണത്തിന്റെ തിണ്ണമിടുക്കിലല്ല എന്നതും ഇവിടെ എടുത്തു പറയേണ്ടതാണ്. എന്നാല്‍ സ്വാതന്ത്ര്യനന്തരം രാഷ്‌ട്രീയരംഗത്തും മറ്റു മേഖലകളിലും സ്ത്രീകള്‍ മുന്നോട്ടു വരുന്നതിനെ തടുത്തത് ആണ്‍കോയ്മയുടെ ഇടപെടലുകള്‍ ആണ്. ഇന്ന് ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ രാഷ്‌ട്രീയപാര്‍ട്ടികളുടെ നിലനില്‍പ്പ് മതന്യൂനപക്ഷ പ്രീണനത്തിനുകൂടി വിധേയമായപ്പോള്‍ തദ്ദേശസ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പില്‍ സംവരണത്തിലൂടെ ലഭിച്ച സീറ്റില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പോസ്റ്ററില്‍ അവരുടെ ഭര്‍ത്താവിന്റെ ഫോട്ടോ പതിച്ചത് ‘പ്രബുദ്ധ’ കേരളത്തിലാണെന്ന് ഓര്‍ക്കണം.
ഇന്ന് വിവിധ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുള്ള കഴിവുറ്റ സ്ത്രീകള്‍ പോലും ആണ്‍കോയ്മയുടെ അധികാരദണ്ഡേറ്റ് നിഷ്പ്രഭരാക്കപ്പെടുന്നത് നാം കാണുന്നുണ്ട്. സ്വന്തമായ അഭിപ്രായം ഉള്ള സ്ത്രീ പലപ്പോഴും ഈ ആണ്‍ അധികാരികളുടെ കണ്ണിലെ കരടാണ്. അവരെ പാര്‍ശ്വവല്‍ക്കരിക്കാനായി സ്വീകരിക്കുന്ന ഏറ്റവും എളുപ്പ മാര്‍ഗ്ഗം സംഘടനയുടെ തീരുമാനമെടുക്കല്‍ പ്രക്രിയയുടെ ഭാഗമല്ലാത്ത ഏതെങ്കിലും ഒരു ചുമതലയിലേക്കു അവരെ ഒതുക്കുക എന്നതാണ്.
നിയമനിര്‍മ്മാണസഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍പോലും ഈ ആണ്‍കോയ്മയുടെ ഇടപെടല്‍ കാണാം. വിജയസാധ്യതയില്ലാത്ത സീറ്റുകള്‍ നല്‍കി സ്ത്രീകളുടെ മുന്നോട്ടുവരവിനെ തടയുന്ന രീതി മിക്ക രാഷ്‌ട്രീയ പാര്‍ട്ടികളും സ്വീകരിച്ചു വരുന്നുണ്ട്. വനിതാ സംവരണബില്‍ പാസ്സാക്കാത്തതുമായി ബന്ധപ്പെട്ടു ഒട്ടേറെ വിമര്‍ശനങ്ങള്‍ നാം കേള്‍ക്കാറുണ്ട്. എന്നാല്‍ നിയമനിര്‍മ്മാണസഭകളിലെ വനിതകളുടെ പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ അവശ്യം വേണ്ടത് നേതൃത്വത്തിന്റെ ഇച്ഛാശക്തിയാണ്. വനിതാ സംവരണബില്‍ പ്രകടന പത്രികയുടെ ഭാഗമാക്കാതെ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കി ക്രമാനുഗതമായി വനിതകളുടെ പങ്കാളിത്തം ഉയര്‍ത്തി കൊണ്ടുവരാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ശ്രമിച്ചിരുന്നെങ്കില്‍ വനിതാ സംവരണ ബില്ലിനെ ചൊല്ലിയുള്ള അവരുടെ അവകാശവാദങ്ങള്‍ക്കു മാന്യതയുണ്ടായേനെ. തമിഴ്‌നാട്ടില്‍ നിന്നുള്ള ‘നാം തമിളര്‍ കച്ചി’ ഈ വിഷയത്തില്‍ എടുത്ത നിലപാട് ഇവിടെ പ്രസക്തമാണ്. അവര്‍ 2019 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആകെയുള്ള 40 ലോക്‌സഭാ സീറ്റുകളില്‍ 50 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളെ അണിനിരത്തി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യമായ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ രാഷ്‌ട്രീയ പാര്‍ട്ടിയായി. 2021 ലെ തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലും അവര്‍ അതേ 50:50 അനുപാതത്തെ പിന്തുടര്‍ന്ന് ആകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളില്‍ 117 സീറ്റുകള്‍ വനിതകള്‍ക്ക് വാഗ്ദാനം ചെയ്തു. ഈ ഉദാഹരണം വനിതാ സംവരണ ബില്ലിന്റെ പാസ്സാകലുമായി ബന്ധപ്പെടുത്തിപറയുന്ന മുട്ടുന്യായങ്ങള്‍ക്കുള്ള മറുപടിയാണ്.
സ്ത്രീ എന്നത് കേവലം ഒരു ഉപഭോഗ ജീവിയല്ല, മറിച്ചു പ്രപഞ്ചസൃഷ്ടിയുടെ കാരണങ്ങളോളം നീളുന്ന ആത്മചൈതന്യമാണ്. നിത്യജീവിതത്തില്‍ അവള്‍ ഒരേസമയത്തു അനേകം കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവുള്ള മനുഷ്യജന്മവുമാണ്. അത്തരം കഴിവുറ്റ സ്ത്രീകള്‍ ഈ ഭാരതഭൂമിയില്‍ എന്നും ജന്മമെടുക്കുകതന്നെ ചെയ്യും . പൊതുമണ്ഡലത്തിലേക്കുവന്ന് അവര്‍ സാമൂഹിക ജീവിതത്തില്‍ പുരുഷനുതുല്യമായിത്തന്നെ ഉണര്‍ന്നും ഉയര്‍ന്നും പ്രവര്‍ത്തിച്ച് വ്യത്യസ്തമണ്ഡലങ്ങളില്‍ പ്രശോഭിക്കുകയും ചെയ്യും. അതിനു വിലങ്ങുതടിയായി നില്‍ക്കുന്ന ആണ്‍കോയ്മയുടെ വിലകുറഞ്ഞ മനോഭാവം പിന്നോട്ട് വലിക്കുന്നതു സ്ത്രീയുടെ മാത്രമല്ല ഈ സമൂഹത്തിന്റെകൂടി മുന്നേറ്റത്തെയാണ്. പില്‍കാലഘട്ടങ്ങളില്‍ ഈ നാടിന്റെ സംസ്‌കൃതിയില്‍ അലിഞ്ഞുചേര്‍ന്ന് അതിന്റെ സ്വത്വത്തെ മലിനമാക്കിയ പ്രത്യയശാസ്ത്രങ്ങളുടെ വിഷചേരുവകളെ അരിച്ചുമാറ്റി ഈ പുണ്യഭൂമിയുടെ ആത്മസത്തയറിഞ്ഞു അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക