Categories: Article

ഖിലാഫത്തും സാമൂഹ്യബന്ധങ്ങളും

ഭാരതത്തില്‍ നൂറ്റാണ്ടുകളായി നില നിന്ന ഹിന്ദു മുസ്ലിം വേര്‍തിരാവിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് ഖിലാഫത്തിനെ പിന്തുണക്കുന്ന നിസ്സഹകരണ പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിക്കുന്നത്. ഹിന്ദുമുസ്ലിം സഹവര്‍ത്തിത്വത്തിന്റെ നീണ്ട ചരിത്രമുള്ള മലബാറില്‍ ടിപ്പുവിന്റെ പടയോട്ടം സൃഷ്ടിച്ച സാമൂഹിക സ്പര്‍ധക്കായിരുന്നു മുന്‍തൂക്കം. അതായത് ടിപ്പുവിന്റെ പടയോട്ട സ്മരണ ഒരു വിഭാഗം മുസ്ലീങ്ങളില്‍ ഇസ്ലാമിക അധീശത്വം എന്ന സ്വപ്‌നവും ബ്രിട്ടീഷ് വിരോധവും തീര്‍ത്തപ്പോള്‍ ഹിന്ദുക്കളില്‍ മാപ്പിളമാരോടുള്ള ഭയവും സംശയവും ഒപ്പം ബ്രിട്ടിഷ് വിധേയത്വവുമായി മാറിക്കഴിഞ്ഞിരുന്നു. ഈ മുറിവുകള്‍ മാറ്റാനുള്ള ദീര്‍ഘകാല ആസൂത്രണമോ പദ്ധതിയോ നേതൃത്വമോ ഖിലാഫത്ത് പ്രസ്ഥാനത്തിന് മലബാറില്‍ വേണ്ടത്ര ഉണ്ടായിരുന്നില്ല.

ഭാരതത്തില്‍ നൂറ്റാണ്ടുകളായി നില നിന്ന ഹിന്ദു മുസ്ലിം വേര്‍തിരാവി ന്റെ ചരിത്ര പശ്ചാത്തലത്തിലാണ് ഖിലാഫത്തിനെ പിന്തുണക്കുന്ന നിസ്സഹകരണ പ്രസ്ഥാനത്തിന് ഗാന്ധിജി തുടക്കം കുറിക്കുന്നത്. ഹിന്ദുമുസ്ലിം സഹവര്‍ത്തിത്വത്തിന്റെ നീണ്ട ചരിത്രമുള്ള മലബാറില്‍ ടിപ്പുവിന്റെ പടയോട്ടം സൃഷ്ടിച്ച സാമൂഹിക സ്പര്‍ധക്കായിരുന്നു മുന്‍തൂക്കം. അതായത് ടിപ്പുവിന്റെ പടയോട്ട സ്മരണ ഒരു വിഭാഗം മുസ്ലീങ്ങളില്‍ ഇസ്ലാമിക അധീശത്വം എന്ന സ്വപ്‌നവും ബ്രിട്ടീഷ് വിരോധവും തീര്‍ത്തപ്പോള്‍ ഹിന്ദുക്കളില്‍ മാപ്പിളമാരോടുള്ള ഭയവും സംശയവും ഒപ്പം ബ്രിട്ടിഷ് വിധേയത്വവുമായി മാറിക്കഴിഞ്ഞിരുന്നു. ഈ മുറിവുകള്‍ മാറ്റാനുള്ള ദീര്‍ഘകാല ആസൂത്രണമോ പദ്ധതിയോ നേതൃത്വമോ ഖിലാഫത്ത് പ്രസ്ഥാനത്തിന് മലബാറില്‍ വേണ്ടത്ര ഉണ്ടായിരുന്നില്ല.

ഹിന്ദുമുസ്ലിം ഐക്യം.

‘ഭാരതത്തിലെ മുസല്‍മാന്മാര്‍ ഖിലാഫത്ത് കാര്യത്തില്‍  നീതി ലഭിക്കുന്നതിന് വേണ്ടി ഗവണ്‍മെന്റുമായി നിസ്സഹകരിക്കുകയാണെങ്കില്‍ അവരുടെ മാര്‍ഗ്ഗം ശരിയായിരിക്കുന്നിടത്തോളം കാലം അവരെ സഹായിക്കേണ്ടത് ഹിന്ദുക്കളുടെ കര്‍ത്തവ്യമാണെന്ന് താന്‍ വിശ്വസിക്കുന്നു എന്നാണ് 1920 ആഗസ്റ്റ് 18ന് കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ പുരുഷാരത്തെ അഭിസംബോധന ചെയ്ത് ഗാന്ധിജി പറഞ്ഞത്.  ‘ഹിന്ദുക്കളും മുസല്‍മാന്‍മാരും തമ്മിലുള്ള ശാശ്വതമായ സൗഹാര്‍ദ്ദം ബ്രിട്ടീഷുകാരോടുള്ള ബന്ധത്തേക്കാള്‍ വിലപ്പെട്ടതാണെന്ന’ത് അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയുള്ള കാഴ്ചപ്പാടായിരുന്നു. ‘അടുത്ത ഒരു നൂറ് കൊല്ലത്തേക്ക് ഇത്തരം സന്ദര്‍ഭം ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. പക്ഷേ അധികം മുന്നോട്ടു നീങ്ങുന്നതിനു മുന്നേ മലബാറിലെ സാമൂഹ്യ ജീവിതത്തെ ആകെ തകിടം മറിച്ചു കൊണ്ടാണ് 1920 ആഗസ്റ്റില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. അത് ഹിന്ദു വിരുദ്ധകലാപവും കൊടിയ വംശഹത്യയുമായി പരിണമിച്ചു. ഈ കലാപത്തെക്കുറിച്ച് ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനത്തിന്റെ പ്രമുഖ സംഘാടകനായിരുന്ന കെ മാധവന്‍ നായര്‍ തന്റെ പുസ്തകത്തില്‍ വിലയിരുത്തുന്നത് ‘അന്യഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേത്’ എന്നാണ്.

സങ്കല്പവും യാഥാര്‍ത്ഥ്യവും

പ്രസ്ഥാനം വഴിമാറി പോകാനും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിക്കാനും ഇടയായ സാഹചര്യത്തെ വിലയിരുത്തി മാധവന്‍ നായര്‍ ഇങ്ങനെ പറയുന്നു. ‘മതത്തിന് ഹാനി തട്ടി എന്ന വിശ്വാസം മതപ്രസക്തമായ ഒരു സമുദായത്തില്‍ പരന്നിരുന്നു. അതിന്റെ സൂക്ഷ്മ സ്വഭാവവും അക്രമരഹിതമായ മാര്‍ഗ്ഗത്തിലൂടെ അതിനുള്ള നിവര്‍ത്തിമാര്‍ഗ്ഗവും ആ സമുദായത്തെ ധരിപ്പിക്കാന്‍ ഉത്തരവാദിത്വമുള്ള പ്രവര്‍ത്തകര്‍ക്ക്  കഴിയാതിരിക്കുക, വിവരമില്ലാത്തവരും അക്രമരാഹിത്യം സ്വീകരിച്ചിട്ടില്ലത്തവരുമായ ചിലര്‍  പള്ളികളില്‍ വെച്ചോ വേറെ വല്ല സ്ഥലങ്ങളില്‍ വെച്ചോ ജനങ്ങളെ ക്ഷുഭിതരാക്കി അക്രമത്തിന് പ്രോത്സാഹിപ്പിക്കുക, അവരുടെ ശ്രമങ്ങള്‍ തടുക്കുവാന്‍ ഗവണ്‍മെന്റിനോ സഹകരണ ത്യാഗികള്‍ക്കോ സാധിക്കാതിരിക്കുക… ഇങ്ങനെയുള്ള പല സംഗതികളും കൂടിച്ചേര്‍ന്നാല്‍ പിന്നെയുള്ള ഭവിഷ്യത്താണ് മലബാറില്‍ നമുക്ക് അനുഭവിക്കാന്‍ ഇടവന്നത്.’ ഉള്‍നാട്ടിലെ മാപ്പിളമാരുടെ അജ്ഞാനത്തിനും അന്ധവിശ്വാസത്തിനും അഗാധത കുറച്ചൊന്നുമല്ല എന്ന് ഇക്കാലം സമ്പൂര്‍ണ്ണമായി തെളിയിച്ചിട്ടുണ്ട്. പക്ഷേ അവരുടെയും പുറമേയുള്ള സഹോദരന്മാരുടെയും അജ്ഞതയുടെ അപാരത ഞങ്ങളാല്‍ ചിലര്‍ മനസ്സിലാക്കിയില്ല എന്ന് സമ്മതിച്ചേ തീരൂ. ‘ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ അവസാനഫലം ഇസ്ലാം സാമ്രാജ്യ സ്ഥാപനമാണ് എന്ന് പല മാപ്പിളമാരും ധരിച്ചു വെച്ചിരുന്നുവെന്നാണ് അവരുടെ പ്രവര്‍ത്തികൊണ്ടും ചിലരുടെ വാക്കുകള്‍ കൊണ്ടു അനുമാനിക്കേണ്ടത് എന്നും മാധവന്‍ നായര്‍ നിരീക്ഷിക്കുന്നു. ഏറ്റവും ആപല്‍ക്കരമായ ഒരു മനസ്ഥിതിയാണിതെന്ന് പറയാതെ വയ്യ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മാപ്പിളലഹളകളെ കുറിച്ച് ആഴത്തില്‍ പഠിച്ച ഡോ.എം. ഗംഗാധരനും സമാന നിരീക്ഷണം തന്നെയാണ് പങ്കിടുന്നത്. ‘ഒരു ഖിലാഫത്ത്(ഇസ്ലാമിക്) സര്‍ക്കാര്‍ സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് സര്‍ക്കാറിന് എതിരായി നടത്തിയ രാഷ്‌ട്രീയ നീക്കമായിരുന്നു അടിസ്ഥാനപരമായി മലബാര്‍കലാപം’ എന്ന് അദ്ദേഹം വാദിക്കുന്നു.

ലഹളയുടെ അനന്തരഫലം

ലഹളയ്‌ക്ക് ശേഷം കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ വിദ്വേഷം നിലനിന്നിരുന്നു എന്ന് ചരിത്രകാരനായ എ.ശ്രീധരമേനോന്‍ വിലയിരുത്തുന്നു. ആദ്യകാല കോണ്‍ഗ്രസ് നേതാവായിരുന്നു കെ.പി. കേശവമേനോന്‍ തന്റെ ആത്മകഥയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘കലാപത്തിനുശേഷം ദീര്‍ഘകാലത്തോളം മലബാറില്‍ യാതൊരു പൊതുപ്രവര്‍ത്തനവും സാധ്യമായിരുന്നില്ല. കോണ്‍ഗ്രസിനോടുള്ള ശത്രുത എല്ലായിടത്തും സ്പഷ്ടമായിരുന്നു. ഖിലാഫത്ത് പ്രക്ഷോഭത്തിലെ പങ്കാളിത്തത്തിലൂടെ കോണ്‍ഗ്രസുകാര്‍ രാജ്യത്ത്  ദുരന്തങ്ങള്‍ കൊണ്ടുവന്നു എന്ന്  അധികാരികള്‍ പറഞ്ഞു. ഖിലാഫത്തുകാരോടൊപ്പം ചേര്‍ന്നതിന്റെ പേരില്‍ ഹിന്ദു നേതാക്കള്‍ കോണ്‍ഗ്രസിനെ രാജ്യദ്രോഹികള്‍ എന്ന് കുറ്റപ്പെടുത്തി. കോണ്‍ഗ്രസില്‍ ചേരാന്‍ തങ്ങളെ പ്രേരിപ്പിച്ചിട്ട് പോലീസ് മര്‍ദ്ദനവും പട്ടാളത്തിന്റെ വെടിവെപ്പുണ്ടായപ്പോള്‍ തങ്ങളെ കൈവെടിഞ്ഞു വെന്ന് മുസ്ലീങ്ങളും പരാതിപ്പെട്ടു.’ ചുരുക്കത്തില്‍ കലാപാനന്തരം കോണ്‍ഗ്രസ് മലബാറില്‍ അസ്തമിച്ചതു പോലെയായി. ‘സാമുദായിക സ്പര്‍ദ്ധ ഊതി കത്തിച്ച് ഹിന്ദുക്കളെയാകെ ശത്രുക്കളായി കണ്ടു  ഏറനാട്ടിലെ മാപ്പിളമാരുടെ അജ്ഞതയെയും ഭയത്തെയും ചൂഷണം ചെയ്തു കോണ്‍ഗ്രസ്സില്‍ അംഗങ്ങളായി ചേര്‍ന്ന ശേഷം അഹിംസാനയപ്രതിജ്ഞ ലംഘിച്ചതിലൂടെ പ്രസ്ഥാനത്തെ വഞ്ചിച്ച് ചില മതനേതാക്കളുടെ നേതൃത്വത്തില്‍ ഇസ്ലാമിക രാജ്യം സ്ഥാപിക്കാന്‍ നടത്തിയ ശ്രമം മലബാറില്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ തന്നെ പിന്നോട്ടടിച്ചു. ഹിന്ദു മുസ്ലിം ഐക്യം  പൂര്‍ണമായി നശിച്ചു എന്നതിനേക്കാള്‍ ദേശീയ പ്രചരണം പോലും അസാധ്യമായി എന്നും സാമൂഹ്യ സംസ്‌കാരിക വിദ്യാഭ്യാസ വികസനം അതു തടഞ്ഞു നിര്‍ത്തി’ എന്നുമാണ് ചരിത്രകാരനായ എംജിഎസ് നാരായണന്‍ ലഹളയുടെ അനന്തരഫലം വിലയിരുത്തുന്നത്.

ഹിന്ദു മുസ്ലിം ഐക്യം എന്ന സങ്കല്‍പത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനം വഴി പിരിഞ്ഞ് ഹിന്ദു വിരുദ്ധമായ കലാപമായി പരിണമിച്ചതിന്റെ കാരണങ്ങളെക്കുറിച്ച് ഡോ.എം. ഗംഗാധരന്‍ നടത്തുന്ന നിരീക്ഷണം ഏറേ പ്രാധാന്യമുള്ളതാണ്. അദ്ദേഹം പറയുന്നു, ‘അടിസ്ഥാനപരമായി മലബാര്‍ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരായ രാഷ്‌ട്രീയ നീക്കത്തിലൂടെ ഒരു ഖിലാഫത്ത് (ഇസ്ലാമിക) സര്‍ക്കാര്‍ സ്ഥാപിക്കാനുള്ള നീക്കം തന്നെയായിരുന്നു. അതിന്റെ ദീര്‍ഘകാല രാഷ്‌ട്രീയ അഭിലാഷങ്ങളും പ്രത്യാഘാതങ്ങളും വേണ്ടരീതിയില്‍ പഠിച്ചിട്ടില്ല എന്നതാണ് വസ്തുത. മലബാര്‍ കലാപത്തിന്റെ അടിസ്ഥാന സ്വഭാവം വര്‍ഗീയമല്ലെങ്കിലും അതിന്റെ ആഘാതവും അനന്തര ഫലങ്ങളും വര്‍ഗീയ വികാരങ്ങളും വര്‍ഗീയ രാഷ്‌ട്രീയവും രാജ്യത്തുടനീളം മൊത്തത്തില്‍ വളരുന്നതിന് ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്.’  ‘കലാപാനന്തര കാലത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മില്‍ ഹിംസാത്മകമായ വലിയ സംഘട്ടനങ്ങള്‍ ഉണ്ടായില്ലെങ്കിലും കലാപത്തിലെ അക്രമസംഭവങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ അതിലും വലിയ വിടവ് സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. ഇരുപതുകളിലുണ്ടായ ഈ വര്‍ഗീയമായ പൊരുത്തക്കേടുകളില്‍ നിന്ന് വളര്‍ന്നു വന്ന അസ്വാസ്ഥ്യങ്ങളും തുടര്‍ന്ന് രൂപപ്പെട്ട വര്‍ഗീയ രാഷ്‌ട്രീയവും ഒടുവില്‍ 1947വിഭജനത്തിലാണ് എത്തിച്ചേര്‍ന്നത്. സങ്കീര്‍ണമായ ഈ സംഭവവികാസം മനസ്സിലാക്കാനുള്ള ഏതു ശ്രമത്തിനും ഇരുപതുകളുടെ ആദ്യത്തിലുണ്ടായ മലബാര്‍കലാപത്തിന്റെ ആഘാതം മൂലം സംജാതമായ വര്‍ഗീയ വിയോജിപ്പുകള്‍ കണക്കിലെടുക്കാതിരിക്കാന്‍ ആവില്ല.’ ചുരുക്കത്തില്‍ വെളുക്കാന്‍ തേച്ചത് പണ്ടായി എന്നു പറയുന്നതു പോലെയായിരുന്ന ഖിലാഫത്ത്  നിസ്സഹകരണ പ്രസ്ഥാനം.

ഗാന്ധിജിയുടെ വിലയിരുത്തല്‍

കലാപം പൊട്ടിപ്പുറപ്പെട്ട്  ഒരു മാസം തികയുന്നു  1921 സെപ്റ്റംബര്‍ 22 ന് പുറത്തിറങ്ങിയ യങ് ഇന്ത്യയില്‍ ഗാന്ധിജി എഴുതിയ ലേഖനത്തില്‍  അദ്ദേഹം ഇങ്ങനെ വിലപിക്കുന്നത് കാണാം. ‘മലബാറില്‍ സംഭവിച്ച കാര്യങ്ങള്‍ നമ്മുടെ മനസ്സിനെ കാര്‍ന്നുതിന്നുകയാണ്. നമ്മുടെ മാപ്പിള സഹോദരന്‍മാര്‍ക്ക് ഭ്രാന്തുപിടിച്ചു പോയി എന്ന് ഓര്‍ക്കുമ്പോള്‍ ഹൃദയത്തില്‍ നിന്ന് രക്തം വാര്‍ന്നു ഒഴുകുകയാണ്.

ഒരു മാസം കഴിഞ്ഞ് സംഭവങ്ങളുടെ കൂടുതല്‍ വസ്തുതകള്‍ ശേഖരിച്ചതിന് ശേഷം 1921 ഒക്ടോബര്‍ 20 ന് പ്രസിദ്ധീകരിച്ച യങ് ഇന്ത്യയില്‍ ലഹളയുടെ അര്‍ഥം എന്ന പേരില്‍ എഴുതിയ ലേഖനത്തില്‍ ലഹള നല്‍ക്കുന്ന മൂന്ന് പാഠങ്ങള്‍ ഗാന്ധിജി ഇങ്ങനെ പറയുന്നു. ‘എത്ര കടുത്ത (മുസ്ലിം) മതഭ്രാന്ത് പൊട്ടി പുറപ്പെട്ടാലും സ്വന്തം മതത്തെ സംരക്ഷിക്കുന്നതിന് സാധിക്കും എന്ന വിശ്വാസം, ആ ധൈര്യം ഹിന്ദുക്കള്‍ക്ക് ഉണ്ടാവണം. മുസല്‍മാന്‍മാര്‍ (പൊതുവില്‍ ഭാരതത്തിലെ മുസ്ലീങ്ങള്‍) മാപ്പിളമാരുടെ (മലബാറിലെ മുസ്ലീങ്ങളുടെ) മതഭ്രാന്തിനെ വെറുതെ വാക്കുകള്‍ മാത്രം കൊണ്ട് നിന്ദിക്കാന്‍ ഒരുങ്ങിയാല്‍ അത് മുസല്‍മാന്റെ സൗഹാര്‍ദ്ദ മനോഭാവത്തിന് തെളിവാകുകയില്ല. കൊള്ളയും നിര്‍ബന്ധിച്ചുള്ള മതപരിവര്‍ത്തനവുമൊക്കെ കാട്ടിക്കൂട്ടിയ മാപ്പിളമാരുടെ നടപടിയെ കുറിച്ച് മുസല്‍മാന്‍മാര്‍ക്ക് സ്വഭാവികമായി തന്നെ ലജ്ജ തോന്നണം. മുസല്‍മാന്‍മാരില്‍ ഏറ്റവും വിറളി പിടിച്ച ആളുകള്‍ പോലും ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യുന്നതിന് സാധ്യമല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കണം.’ എന്നതാണ് ഒന്നാമത്തെ പാഠം. ഇത് പ്രധാനമായും മുസ്ലിം സമൂഹത്താേടാണ് പറയുന്നത്. രണ്ടാമത്തെ പാഠം, ‘ഓരോ വ്യക്തിയും ആത്മരക്ഷയ്‌ക്കുള്ള സമ്പ്രദായങ്ങള്‍ പഠിച്ചിരിക്കണം. പ്രതികാരം ചെയ്യുന്നതിന് പറ്റിയ രീതിയില്‍ കായിക പരിശീലനം നേടണം എന്നല്ല അതിനര്‍ഥം. അത് കൂടുതലും മാനസീകമായ ഒരു സജ്ജീകരണമാണ് കായിക ശക്തി ഏറ്റവും കുറഞ്ഞ ആളുകള്‍ക്ക് പോലും അപകടങ്ങള്‍ അഭിമുഖീകരിക്കുന്നത് എങ്ങിനെയെന്ന് പഠിപ്പിച്ചു കൊടുക്കേണ്ടിയിരിക്കുന്നു. മാപ്പിള സഹോദരന്റെ അന്ധമായ മത ഭ്രാന്താണോ കുടുമ മുറിച്ചെടുക്കുന്നതിനും കുപ്പായം മാറ്റുന്നതിനും അനുമതി കൊടുത്തിട്ട് നിസ്സഹായനായി ഇസ്ലാമിന്റെ മന്ത്രങ്ങള്‍ ഉരുവിടാനൊരുങ്ങുന്ന (കലിമ ചൊല്ലുന്ന) ഹിന്ദു സഹോദരന്റെ ഭീരുത്വമാണോ ഇതില്‍ ഏതാണ് കൂടുതല്‍ അപലപനീയം?’ ഇത് ഹിന്ദുക്കളോടാണ്. അടുത്ത പാഠം, ‘നമ്മുടെ നാട്ടുകാരില്‍ ഏതെങ്കിലും ഒരു വിഭാഗത്തെ അജ്ഞതയില്‍ ജീവിക്കുന്നതിന് നാം അനുവദിച്ചുകൂടാ. അങ്ങിനെ അനുവദിച്ചാല്‍ പിന്നീടൊരിക്കല്‍ അവര്‍ നമ്മെ കീഴ്‌പ്പെടുത്തും. യഥാകാലം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ മറ്റ് അധ:സ്ഥിത വിഭാഗങ്ങളും ഇതേ മട്ടിലുള്ള ഒരു ദുരന്ത നാടകം അവതരിപ്പിക്കുന്നത് നമുക്ക് കാണേണ്ടി വരും അതിന് മുമ്പ് നാം തൊട്ടുകൂടാത്തവരും അപരിഷ്‌കൃതരുമെന്ന് വിളിക്കപ്പെടുന്നവരോടും പ്രായശ്ചിത്തം ചെയ്യണം. താമസിച്ചു പോയ നീതി അവരോട് കാണിക്കുകയും വേണം.’ ഇത് പൊതുവില്‍ എല്ലാവരോടും കൂടിയാണ്.

ചുരുക്കത്തില്‍ ഹിന്ദു തന്റെ മതബോധത്തില്‍ ഉറച്ചു നില്‍ക്കുകയും കരുത്താര്‍ജിക്കുകയും അവശ വിഭാഗങ്ങളെ ചേര്‍ത്ത് പിടിക്കുകയും ചെയ്ത് ആത്മാഭിമാനമുള്ള സംഘടിത സമൂഹമാകണമെന്നും മുസ്ലിം സമൂഹം മതഭ്രാന്തിന്റെ ചെയ്തികളെ തള്ളിപ്പറയുകയും അന്ധവിശ്വാസവും അജ്ഞതയും ദാരിദ്രവും ഇല്ലായ്മ ചെയ്ത്, മത ഭ്രാന്തിന്നിട നല്‍കാത്ത വിധം സമൂഹത്തെ പരിഷ്‌ക്കരിക്കുകയും വേണമെന്നുമാണ് മലബാറിലെ മാപ്പിള ലഹള നല്‍കുന്ന പാഠം എന്ന് ലഹള കൊടുമ്പിരി കൊണ്ടു നടക്കുന്ന സമയത്ത് തന്നെ മഹാത്മജി വിലയിരുത്തി.

കലാപാനന്തര ഹിന്ദു സമാജം

ദേശീയ തലത്തില്‍ ആരംഭിച്ച പല ഹൈന്ദവ നവോത്ഥാന പ്രസ്ഥാനങ്ങളും മാപ്പിള ലഹളയ്‌ക്ക് മുമ്പ് തന്നെ കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. എന്നാല്‍ കലാപകാലത്ത് ഹിന്ദു സമൂഹത്തിന് ആത്മവിശ്വാസം നല്‍കാനും സമാശ്വാസമരുളാനും ആര്യസമാജമാണ് ഓടിയെത്തിയത്. അവര്‍ അതിന് മുമ്പ് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. പിന്നീടുള്ള ഹിന്ദു സമൂഹത്തിന്റെ പുനസംഘടനാ പ്രവര്‍ത്തനത്തിന്‍ ആര്യസമാജത്തിന്റെ ഈ പ്രവര്‍ത്തനം വലിയ സ്വാധീനം ചലുത്തിയുണ്ടുണ്ട്. കോഴിക്കോടിന് പുറമേ കലാപം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളായ തിരുരങ്ങാടി, തുവ്വൂര്‍, നീര്‍മുക്ക് മ്രുക്കം), നിലമ്പൂര്‍, പൊന്നാനി എന്നിവിടങ്ങളിലെല്ലാം സമാജത്തിന്റെ പ്രവര്‍ത്തനം നീണ്ടകാലം നിലനിന്നു. ശ്രീനാരായണ ഗുരുവിന്റെയും ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തിന്റെയും നേരിട്ടുള്ള സ്വാധീനമാണ് ലഹളയുടെ രണ്ടാം തരംഗത്തില്‍ ചെറുത്തു നില്‍പ്പിനും പ്രതിരോധത്തിനം ചില സമൂഹങ്ങളെ തയ്യാറാക്കിയത് എന്നതില്‍ സംശയമില്ല. 1910ലെ ഗുരുദേവന് കോഴിക്കോട് വലിയ സ്വാധീനം ചലുത്താന്‍ കഴിഞ്ഞിരുന്നു. യോഗം സെക്രട്ടറിയായിരുന്ന കുമാരനാശാന്‍ ഒന്നില്‍ കൂടുതല്‍ തവണ കോഴിക്കോട് സന്ദര്‍ശിച്ചിട്ടുണ്ട്. കുമാരനാശാന്‍ ദുരവസ്ഥ എന്ന കാവ്യം എഴുതുതിയത് തന്നെ സമുദായ പുന സംഘടനത്തിന്റെ സമീപനരേഖയായാണ്. ചരിത്ര പാഠങ്ങള്‍ എത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നതാണ് എന്ന് ബോധ്യപ്പെടുത്താന്‍ കൂടിയാണ് ഈ കാവ്യം വിലക്ഷണമെങ്കിലും അവതരിപ്പിക്കുന്നത് എന്ന് ആശാന്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.(20)

കലാപത്തിനും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും സമാധനപരവും എന്നാല്‍ ശക്തവുമായ മറുപടിയായിരുന്നു ആര്യസമാജത്തിന്റെ ശുദ്ധികര്‍മ്മങ്ങള്‍. 3000 ല്‍ അധികം ഹിന്ദു സഹോദരങ്ങളെ ശുദ്ധികര്‍മ്മത്തിലൂടെ ഇസ്ലാമില്‍ നിന്നും തിരിച്ചു കൊണ്ടുവന്നു എന്ന് രേഖകള്‍ സാക്ഷ്യം വഹിക്കുന്നു.  ധര്‍മ്മത്തിലേക്ക് തിരിച്ചുവന്നതില്‍ അധികം പേരും പിന്നാക്ക സമുദായങ്ങളിലും കീഴാളജാതി സമുഹങ്ങളെന്നു കരുതുന്നവരുമായിരുന്നു എന്നതും  പ്രത്യേകം പ്രസ്താവ്യമാണ്. സാമൂതിരിയുടെ രാജകല്‍പ്പനയും പണ്ഡിതസമൂഹത്തിന്റെ പിന്തുണയും ഉണ്ടായത് വിപ്ലവകരമായ പരിവര്‍ത്തനത്തിന്റെ നാന്ദിയായി കണക്കാക്കാം. കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ സ്വീകരിച്ച് സ്വയം മുന്നേറാനുള്ള ഉള്‍ക്കരുത്ത് സ്വീകരിച്ചതില്‍ തെളിവുകളാണ് തുടര്‍ന്ന നടന്ന സംഭവ പരമ്പരകള്‍.

ഹിന്ദു പരിഷ്‌ക്കരണ ശ്രമങ്ങള്‍

1924 മെയ് മാസത്തില്‍ തിരുന്നാവയയില്‍ നടന്ന അഖില കേരള ഹിന്ദുമഹാസമ്മേളനം സമൂഹത്തെ ആധുനികവല്‍ക്കരിക്കാനുള്ള കാഹളമായിരുന്നു. ജാതിഭേദമില്ലാത്ത ഹിന്ദു സമാജത്തിന്റെ സംഘാടനത്തിന് വിഘാതമായ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ തിരിച്ചറിയുന്നതും നിരാകരിക്കുന്നതുമായിരുന്നു സമ്മേളന പ്രമേയങ്ങള്‍. ക്ഷേത്രപ്രവേശനം അനുവദിക്കല്‍, മൃഗബലി അവസാനിപ്പിക്കല്‍, തൊട്ടുകൂടായ്മയെ ബഹിഷ്‌ക്കരിക്കല്‍ എന്നിവക്ക് വേണ്ടി സമ്മേളനം ആഹ്വാനം ചെയ്തു. പത്ത് വര്‍ഷത്തിനുള്ളില്‍ നടന്ന ഗുരുവായൂര്‍ സത്യാഗ്രഹവും അതിനോട് അനുബന്ധിച്ച് പൊന്നാനി താലൂക്കിലെ സവര്‍ണ്ണ ഹിന്ദുക്കളുടെ ഇടയില്‍ നടന്ന ഹിതപരിശോധനയും ഹിന്ദു സമൂഹത്തിന്റെ പൊതു മനഃസ്ഥിതിയില്‍ വന്ന പരിവര്‍ത്തനത്തിന്റെ സൂചകങ്ങള്‍ ആണ്.

നമ്പൂതിരി, നായര്‍, തിയ്യ സമുദായങ്ങളില്‍ മാത്രമല്ല അരയ, പുലയ സമുദായങ്ങളിലും നവോത്ഥാനത്തിന്റെ ആവേശം തിരതല്ലി. മലബാര്‍ ബോര്‍ഡിന്റെ കീഴില്‍ ആരംഭിച്ച പൊതുവിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ അതിന് ശക്തി പകര്‍ന്നു. എല്ലാ ദേശീയ ആധ്യാത്മിക പ്രസ്ഥാനങ്ങളും പത്ത് വര്‍ഷത്തോടെ മലബാറില്‍ സജീവമായി.

ലീഗിലൂടെ ഖിലാഫത്തിന് പുനര്‍ജീവനം

കലാപത്തെ തുടര്‍ന്ന് ഖിലാഫത്ത് പ്രസ്ഥാനം ഉപേക്ഷിച്ച മുഹമ്മദ് അബ്ദുറഹിമാനെപ്പോലുള്ളവര്‍ മുസ്ലീം സമൂഹത്തിന്റെ പരിഷ്‌കരണത്തിനും വിദ്യാഭ്യാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കി പത്രപ്രവര്‍ത്തനരംഗത്ത് മാതൃഭൂമിയുടെ സമാന സ്വഭാവത്തില്‍  പ്രവര്‍ത്തനം ആരംഭിച്ചു. എങ്കിലും ദേശീയ ധാരയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

മതവര്‍ഗ്ഗീയ ശക്തികള്‍ക്ക് പുതുജീവന്‍ പകര്‍ന്നു കൊണ്ട് 1935 ഓടെ മുസ്ലിം ലീഗ് പ്രവര്‍ത്തനം മലബാറില്‍ ആരംഭിച്ചത് വീണ്ടും അസ്വസ്ഥതകള്‍ക്ക് വഴിമരുന്നിട്ടു. ദേശീയ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്  സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ചേരികളായി വിഘടിച്ചതും ആധ്യാത്മിക നവോത്ഥാന പ്രസ്ഥാനങ്ങള്‍ സാമൂഹ്യപരിവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതും ഹിന്ദു സമൂഹത്തിന് രാഷ്‌ട്രീയമുഖം നഷ്ടപ്പെടുത്തി. അതേ സമയം മുസ്ലിം ലീഗ് മുസ്ലിം സമുദായത്തിന്റെ കേവല പ്രാതിനിധ്യം അവകാശപ്പെട്ട് മുഖ്യധാരയില്‍ അംഗീകരിക്കപ്പെട്ടു. ദേശീയധാരയ്‌ക്കൊപ്പം നിന്ന് മുസ്ലീങ്ങള്‍ അപ്രസക്തരായി.

വീണ്ടും ഉലയുന്ന ബന്ധങ്ങള്‍

സ്വാതന്ത്ര്യത്തോട് അടുത്ത സമയത്ത് മുസ്ലിം ലീഗിന്റെ മാപ്പിളസ്ഥാന്‍ വാദം വീണ്ടും ഈ പ്രദേശത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചു. ഹിന്ദുക്കളില്‍ മതബോധവും തൊട്ടുകൂടായ്മക്കും ജാതിഭേദത്തിനുമെതിരെയുള്ള വികാരവും സാമൂഹ്യ പരിഷ്‌ക്കരണത്തിന്റെ ആവശ്യകതയും ഉണ്ടായിരുന്നുവെങ്കിലും ആത്മാഭിമാനവും സംഘടിതരൂപവും  വളര്‍ന്നു വന്നിരുന്നില്ല. അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു രാമസിംഹന്‍ വധത്തെ തുടര്‍ന്ന് അതിനോട് പ്രതികരിക്കാനോ ആ കുടുംബത്തെ സമാശ്വസിപ്പിക്കാനോ മൃതശരീരങ്ങള്‍ ഏറ്റുവാങ്ങി ആചാരപ്രകാരം മാന്യമായി സംസ്‌ക്കരിക്കാനോ ഹിന്ദുക്കള്‍ ആരും മുന്നോട്ടുവരാതിരുന്നത്. നാഗപൂരില്‍ നിന്നും  കോഴിക്കോട് വന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന  ആര്‍എസ്എസ് പ്രചാരകനായിരുന്ന ശങ്കര ശാസ്ത്രീയും ആര്യസമാജം പ്രവര്‍ത്തകനായിരുന്ന ബുദ്ധസിംഹനും ചേര്‍ന്നാണ് മൃതദേഹം ഏറ്റുവാങ്ങി സംസ്‌ക്കരിച്ചത്. സ്വാതന്ത്ര്യപ്രാപ്തിയുടെ അനര്‍ഘ നിമിഷങ്ങള്‍ മലപ്പുറം ജില്ലയുടെ പ്രദേശങ്ങളില്‍ നിരോധനാജ്ഞയുടെ ഭീകരാന്തരീക്ഷത്തിലായിരുന്നു. അന്തരീക്ഷത്തില്‍ ഭയവിഹ്വലതകളും മതവിദ്വേഷവും മുറ്റി നിന്നു. രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞിരുന്ന കോഴിക്കോടും പാലക്കാടും മാത്രമാണ് ഹിന്ദുസമൂഹം നേരിയ തോതിലെങ്കിലും പ്രതിഷേധിച്ചത്.

ഹിന്ദുസംഘാടന പര്‍വ്വം.

വളരെപ്പെട്ടന്ന് രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങാടിപ്പുറത്തും കൊളത്തൂരും മങ്കടയിലും പ്രവര്‍ത്തനം ആരംഭിച്ചതിന്റെ പ്രതിഫലനം തളിക്ഷേത്ര വിമോചന സമരത്തിലൂടെ പ്രകടമായി. കേളപ്പജിയുടെ വ്യക്തിപ്രഭാവവും നേതൃത്വവും എന്നതുപോലെ പ്രാധന്യമര്‍ഹിക്കുന്നതാണ് സംഘാടനത്തിന്റെ സംഘസ്പര്‍ശം. കുലീന കുടുംബത്തിലെ യശോധയും ചെറുമക്കുടിയിലെ നീലിയും സമര നായികമാരായി. സമരത്തില്‍ പ്രത്യേക സവര്‍ണ്ണജാഥയോ അവര്‍ണ്ണസത്യാഗ്രഹമോ ഉണ്ടായില്ല. അമ്മമാരുടെ നാമജപമുണ്ടായി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും സമരത്തില്‍ പങ്കാളിത്തമുണ്ടായി. ഹിന്ദു സമൂഹത്തില്‍ ഉദാസീനത മാറി ഉന്മേഷം തുടിച്ചു.

തളിക്ഷേത്ര വിമാചന സമരം ഒരു പ്രതീകമായിരുന്നു. ആത്മാഭിമാനത്തിന്റേയും ജാതിക്കതീതമായ ഐക്യത്തിന്റെയും സര്‍വ്വ സ്പര്‍ശിയായ സംഘാടനത്തിന്റെയും. മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിയുടേയും പിന്നീട് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടേയും പ്രവര്‍ത്തനത്തിലൂടെ ടിപ്പുവിന്റെ പടയോട്ടക്കാലത്തും 1921ലെ മാപ്പിള ലഹളയിലും ഹിന്ദുക്കളുടെ തന്നെ അലംഭാവത്തിലും നശിക്കുകയും തറപറ്റുകയും ചെയ്ത ക്ഷേത്രങ്ങള്‍ ഓരോന്നോരോന്നായി നാമ്പെടുത്തു. സമസ്ത ഹിന്ദുസമാജത്തിന്റേയും പങ്കാളിത്തത്തോടെ ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മ്മിക്കപ്പെട്ടു. അന്തിത്തിരി അണഞ്ഞിരുന്ന കല്‍വിളക്കുകളില്‍ പ്രതീക്ഷയുടെ സന്ധ്യാദീപം തെളിഞ്ഞു. സാമൂഹ്യാരാധനയും മത പാഠശാലകളും ഗ്രാമക്ഷേത്ര സങ്കേതങ്ങളിലേക്കുള്ള ആചാര്യന്മാരുടെ യാത്രകളും ഹിന്ദു സമൂഹത്തില്‍ സൃഷ്ടിച്ച ചലനങ്ങള്‍ അചിന്ത്യങ്ങളായിരുന്നു. രാമായണ മാസാചരണവും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രകളും സമാജത്തെ ആര്‍ക്കും എതിര്‍ക്കാനാവാത്ത രീതിയില്‍ സംഘടിപ്പിക്കാനുള്ള പദ്ധതികള്‍ ആയി. ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലപ്പുറം ജില്ലാ വിരുദ്ധ പോരാട്ടം പോലുള്ള സമരപരിപാടികള്‍ ഉയര്‍ന്നുവന്ന ഹിന്ദു രാഷ്‌ട്രീയ ബോധത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു എന്ന് തന്നെ വിലയിരുത്തണം. ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ മാത്രം  പ്രകടമായിരുന്ന ഹിന്ദു കൂട്ടായ്മ ഇന്ന് സാമ്പത്തിക, തൊഴില്‍ സംരംഭങ്ങളിലും  വിദ്യാഭ്യാസരംഗത്തും പ്രകടമാകുന്നുണ്ട്.

മുസ്ലിം രാഷ്‌ട്രീയത്തിന്റെ വളച്ച

1935 ഓടെ മലബാറില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തനം ആരംഭിച്ചു. വടക്കേ ഇന്ത്യയിലെ ഹിന്ദു മുസ്ലിം ചേരിതിരിവ് രാഷ്‌ട്രീയം വീണ്ടും മുസ്ലിം ലീഗിലൂടെ  ഇവിടെ ശക്തമായി വേരൂറച്ചു. മാപ്പിളസ്ഥാന്‍ വാദവും മുസ്ലിം ജില്ലയുമെല്ലാം അതിന്റെ പരിണതഫലങ്ങള്‍ ആയിരുന്നു. കേരള സംസ്ഥാന രൂപീകരണത്തോടെ അധികാര രാഷ്‌ട്രീയത്തില്‍  പങ്കാളിത്തം ലഭിച്ച മുസ്ലിം ലീഗ്, ഒരുവശത്ത് സമുദായ ക്ഷേമത്തിന്റെ പേരില്‍ വര്‍ഗീയ കാര്‍ഡും മറുവശത്ത് സമ്മര്‍ദ്ദതന്ത്രങ്ങളും നടത്തി. മറ്റു രാഷ്‌ട്രീയപാര്‍ട്ടികള്‍ പ്രീണനരാഷ്‌ട്രീയം അവരുടെ മുഖമുദ്രയാക്കി മാറ്റി. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തെ രണ്ടു പതിറ്റാണ്ടുകളില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴിലിനു വേണ്ടിയുള്ള പാലായനം ഇവിടത്തെ ദരിദ്ര മാപ്പിള സമൂഹത്തെ സാമ്പത്തികമാക്കി ശക്തമാക്കി. അത് വിദ്യാഭ്യാസരംഗത്തും പ്രകടമായി. ഒപ്പം തന്നെ അറേബ്യന്‍വല്‍ക്കരണത്തെയും അത് ത്വരിതപ്പെടുത്തി.

മാപ്പിള ലഹളയുടെ ഭാഗമായി രൂപപ്പെട്ട ഹിന്ദുവിരുദ്ധ പാരമ്പര്യം മുസ്ലിം ലീഗ് പിന്നീട് ഏറ്റെടുത്തതും ഇന്ന് അതിനെ മനസ്സില്‍ താലോലിക്കുന്നു എന്നതും വിചിത്രമാണ്. കാരണം അഖിലേന്ത്യ ലീഗ് ഖിലാഫത്തിനെ അത്ര പിന്തുണച്ചിരുന്നില്ല. അന്നത്തെ ദേശീയ പ്രസ്ഥാനങ്ങള്‍ തള്ളിക്കളഞ്ഞ മാപ്പിളലഹളയുടെ അധ്യായങ്ങളെ വെള്ളപൂശി അവതരിപ്പിക്കാന്‍ നിരന്തരം ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. വാരിയം കുന്നത്ത് കുഞ്ഞിമുഹമ്മദാജിയേയും ആലി മുസ്ലിയാരേയും ലവകുട്ടിയേയും അവര്‍ ഉയര്‍ത്തി കാട്ടുമ്പോള്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിനെയും സി.വി. മുഹമ്മദ്, മൊയ്തുമൗലവി, കട്ടിലശ്ശേരി മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവരെ വിസ്മൃതിയിലേക്ക് തള്ളിവിടുകയും ചെയ്യുന്നു. വാഗണ്‍ട്രാജഡിക്ക് സ്മാരകങ്ങള്‍ ഉയര്‍ത്തുമ്പോള്‍  ഹിന്ദു കൂട്ടക്കൊലയുടെ സംഹാര താണ്ഡവങ്ങള്‍ നടന്ന തുവ്വൂര്‍, വേങ്ങര, അരീക്കോട്, വള്ളിക്കുന്ന്, തേഞ്ഞിപ്പാലം, പുത്തൂര്, മണ്ണൂര്‍ എന്നിവിടങ്ങളിലെല്ലാം കബന്ധങ്ങള്‍ കൊണ്ട് നിറഞ്ഞ കിണറുകള്‍ മാത്രമല്ല, ചരിത്ര ശേഷിപ്പുകളും മണ്ണിട്ട് നികത്തുന്നു. ഗാന്ധിജിയുടെ വിലാപമോ ഖിലാഫത്ത് കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനയോ പൊതുസ്ഥലങ്ങളില്‍ പോയിട്ട് ഗ്രന്ഥശേഖരങ്ങളിലോ ഗവേഷണസ്ഥാപനങ്ങളിലോ പോലും കണ്ടുകിട്ടാനില്ല. കലാപത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ വേണ്ടത് വിദ്വേഷം സൃഷ്ടിക്കാന്‍ അല്ല, തെറ്റ് ആവര്‍ത്തിക്കാതിരിക്കാനും വിവേകവും വിശ്വാസവും ഉറപ്പാക്കാനാവണം.

എണ്‍പതുകളുടെ തുടക്കം വരെ മലബാറിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ പലയിടത്തും പള്ളികളുടെ മുന്‍പിലൂടെ ക്ഷേത്ര ഘോഷയാത്രകള്‍ വാദ്യമേളങ്ങളുടെ പോകുന്നത് തടസ്സപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ന് മിക്ക ഇടങ്ങളിലും ക്ഷേത്ര  ഹൈന്ദവ ഘോഷയാത്രകളെ സ്വീകരിക്കുന്നതും അതിനുവേണ്ട സഹായങ്ങളും മുസ്ലിം സമുദായാംഗങ്ങള്‍ നല്‍കുന്ന കാഴ്ചകള്‍ കാണാന്‍ കഴിയും. തിരിച്ചും അങ്ങനെ തന്നെ.  ഇത് വളരെ ശുഭോദര്‍ക്കമാണ്. ഇരുസമുദായങ്ങളിലുമുള്‍പ്പെട്ട രാഷ്‌ട്രീയ മത നേതാക്കള്‍ തമ്മില്‍ ഒരുമിച്ച് വരുന്നത് മാത്രമല്ല,  ഊഷ്മളമായ സൗഹൃദം നിലനിര്‍ത്തുന്നതുമാണ് ഇതിന്റെ അടിസ്ഥാനം. എന്നാല്‍  ചില ഛിദ്ര ശക്തികള്‍ക്ക് ഇന്നും മുസ്ലിം സമൂഹത്തെ  വളരെ പെട്ടെന്ന് തെറ്റിദ്ധരിപ്പിക്കാനും അക്രമാസക്തമാക്കാനും കഴിയുന്നുണ്ടെന്ന് മറക്കരുത്.

മുസ്ലിം സമൂഹം വിദ്യാഭ്യാസത്തിലൂടെയും ദാരിദ്ര്യനിര്‍മാര്‍ജനത്തിലൂടെയും ശാക്തീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം സാംസ്‌കാരികമായി ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കേണ്ട മത പരിഷ്‌കരണങ്ങള്‍ നടപ്പാക്കിയിട്ടുണ്ടോ എന്ന് ആത്മപരിശോധന നടത്തേണ്ടതുണ്ട്. ഇത്തരം പരിഷ്‌കരണ ചിന്തകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും മുസ്ലിം സമൂഹത്തില്‍ എത്രത്തോളം സ്വീകാര്യത ലഭിച്ചുവരുന്നു? ഒന്നിച്ചു ജീവിക്കുക എന്നതല്ല ഒന്നായി ജീവിക്കുക എന്നതാണ് ബഹുസ്വരത. ആ തത്വത്തെ സാംശീകരിച്ച്  ജീവിക്കാന്‍ കഴിയുന്നുണ്ടോ? വിദ്യാഭ്യാസവും സാമ്പത്തിക അഭിവൃദ്ധിയും നേടിയ മുസ്ലിം സമൂഹത്തിന്റെ നേതൃത്വം ഇത്തരം മത പരിഷ്‌കരണത്തില്‍  എത്രത്തോളം തല്‍പരരാണ്? വിദ്യാഭ്യാസ  സാമ്പത്തിക രംഗങ്ങളില്‍ പോലും മതവല്‍ക്കരണം ശക്തമാക്കുകയും അത് അറബി വല്‍ക്കരണമായി പരിണമിക്കുകയും ചെയ്യുന്നു. ഇന്ന്  ആ പക്ഷത്തിനാണ് പ്രഭാവം ഉള്ളത്. കലാ കായികരംഗം, ആരോഗ്യം, സാഹിത്യം, കൃഷി, ഭക്ഷണശീലം, വ്യാപാരം തുടങ്ങിയ രംഗങ്ങളില്‍ പോലും മതസങ്കല്പങ്ങള്‍ക്ക് പ്രാധാന്യം നല്‍കപ്പെടുന്നു. മുസ്ലിം പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം മുസ്ലിം സാമൂഹ്യ സംവിധാനങ്ങളില്‍ നിന്നും നിഷ്‌കാസിതരാവുകയും ‘പൂര്‍വ്വ മുസ്ലീങ്ങള്‍’ എന്ന പ്രത്യേക വിഭാഗമായി ഒറ്റ തിരിഞ്ഞു പ്രവര്‍ത്തിക്കേണ്ട സ്ഥിതിയും ഉണ്ടായിട്ടുണ്ട്.  

ഈയിടെ ഭാരതത്തിലെ സമൂഹങ്ങള്‍ വിവിധ ആശയങ്ങളെ  എങ്ങിനെ വിലയിരുത്തുന്നു എന്നതിനെക്കുറിച്ച്  അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ഏജന്‍സി നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് മുസ്ലീങ്ങളിലെ ബഹുഭൂരിപക്ഷവും ഏക ദൈവത്തില്‍ വിശ്വസിക്കുമ്പോള്‍ തന്നെ പല ദൈവാവതാരങ്ങളും ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ്. ഇതര ഈശ്വര സങ്കല്പത്തെ അംഗീകരിക്കാനും ബഹുമാനിക്കാനും കഴിയാവുന്ന ഒരു വീക്ഷണം നേടിയിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.  ഇത് ബഹുസ്വര ജീവിതത്തിന് അനിവാര്യമായ ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ്. അതേ സമയം സമൂഹത്തിന്റെ ഭൂരിപക്ഷവും മത അടിസ്ഥാനത്തിലുള്ള കോടതികള്‍ വേണം എന്ന് പറയുന്ന വൈചിത്ര്യവും ദൃശ്യമാണ്. ഈ ദ്വന്ദചിന്തയാല്‍ സാമാന്യ മുസ്ലിം സമൂഹം ദിശ കാണാതെ വലയുകയാണ്. നേരായ രാഷ്‌ട്രീയമത വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ ഇത് നിവര്‍ത്തിക്കാന്‍ കഴിയൂ. അതിന് അക്കാദമിക സമൂഹമാണ് മുന്‍കൈ എടുക്കേണ്ടത്

ഹിന്ദു മുസ്ലിം നേതൃത്വത്തിന്റെ കടമ

ഹിന്ദു മുസ്ലിം നേതൃത്വം എല്ലാതലത്തിലും ഒരുമിച്ചു വന്ന്   പരസ്പര വിശ്വാസത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തില്‍ സമുദായങ്ങള്‍ക്കിടയിലുള്ള അവിശ്വാസങ്ങളും ആകുലതകളും ദൂരീകരിക്കണം. സദ്ഭാവനയും സഹകരണവും പരിവര്‍ത്തനങ്ങളും പൊതുസമൂഹത്തിന്റെ നന്മയ്‌ക്കുവേണ്ടിയാണെന്ന് ബോധ്യപ്പെടുത്തണം. തെറ്റുകള്‍ തിരിച്ചറിയാനും പരിഹരിക്കാനും ആവര്‍ത്തിക്കില്ലെന്ന വിശ്വാസം ഇരു സമൂഹങ്ങളിലും സൃഷ്ടിക്കാനും പരിശ്രമിക്കണം. സ്വസമുദായങ്ങളില്‍ ഛിദ്ര ശക്തികള്‍ക്ക് സ്വീകാര്യതയുണ്ടാവില്ലെന്ന് ഉറപ്പാക്കണം. പൊതു പൈതൃകവും പൊതുനന്മയും ആരാധനകളിലെയും ആചാരങ്ങളിലേയും വൈവിധ്യത്തെ ആദരവോടെ കാണാന്‍ ശക്തി നല്‍കുന്നതാണെന്ന് പ്രഖ്യാപിക്കണം. അങ്ങിനെയെങ്കില്‍ മാപ്പിള ലഹള സൃഷ്ടിച്ച മത വേര്‍തിരിവിന്റെ കാരണങ്ങളും പരിണാമങ്ങളും തിരിച്ചറിഞ്ഞ് ഹിന്ദു മുസ്ലിം ഏകതയുടെ സന്ദേശം  മുന്നോട്ടുവെച്ച ദേശീയ നേതാക്കളുടെ സങ്കല്‍പത്തെ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ നമുക്ക് സാധിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക