ഇസ്ലാമബാദ് : ജന്മാഷ്ടമി ദിനത്തില്‍ പാക്കിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകര്‍ത്തു. സിന്ധ് പ്രവിശ്യയിലെ ഖിപ്രോയിലെ ക്ഷേത്രമാണ് അക്രമികള്‍ തകര്‍ത്തത് പാക്കിസ്ഥാനി ആക്ടിവിസ്റ്റായ രാഹത് ജോണ്‍ ഓസ്റ്റിന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഹിന്ദുക്കള്‍ ജന്മാഷ്ടമി ആഘോഷങ്ങളില്‍ മുഴുകിയിരിക്കുന്നതിനിടയിലാണ് ക്ഷേത്രത്തിന് നേരെ ഇത്തരത്തില്‍ ആക്രമണമുണ്ടായിരിക്കുന്നത്.
പാക്കിസ്ഥാനില്‍ ഇസ്ലാമിനെതിരായ മതനിന്ദ ആരോപിക്കപ്പെട്ടാല്‍ തെളിവില്ലെങ്കില്‍ പോലും വധശിക്ഷ ലഭിക്കുന്ന സാഹചര്യമുള്ളപ്പോഴാണ് ആള്‍ക്കൂട്ടം ക്ഷേത്രം തകര്‍ത്തത്. പാക്കിസ്ഥാനില്‍ അടുത്തിടെയായി ന്യൂനപക്ഷ മതസ്ഥാപനങ്ങളുടെ നേര്‍ക്ക് അതിക്രമങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നും ഓസ്റ്റിന്‍ അറിയിച്ചു. പാക്കിസ്ഥാനിലെ ന്യൂനപക്ഷ സമുദായത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് പാക് ഭരണകൂടം എതിരാവുകയും തുടര്‍ന്ന് ഓസ്റ്റിന്‍ കുടുംബസമേതം സൗത്ത് കൊറിയയിലേക്ക് താമസം മാറ്റുകയായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകളായി പാക്കിസ്ഥാനില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്കെതിരെ നിരവധി അക്രമണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ന്യൂനപക്ഷത്തിന്റെ അവകാശങ്ങള്‍ പോലും ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ പാക്കിസ്ഥാനു നേരെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും ശക്തമാണ്.
ഈ മാസമാദ്യം പന്ത്രണ്ടോളം പേരടങ്ങുന്ന ഒരു സംഘം ഭോംഗ് ഗ്രാമത്തിലെ ക്ഷേത്രം ആക്രമിച്ച് വിഗ്രഹങ്ങള്‍ തകര്‍ക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: