ന്യൂദല്‍ഹി: മേഖലയിലെ സുപ്രധാന രാജ്യമാണ് ഇന്ത്യയെന്നും അവരുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുണ്ടെന്നും താലിബാന് നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്സായ്. മുമ്പത്തെ പോലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നത്. ഇന്ത്യയുമായി പാകിസ്ഥാന് വഴിയുള്ള വാണിജ്യ ബന്ധവും സാമ്പത്തിക ബന്ധങ്ങളും ഭംഗിയായി തുടരണമെന്നും ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്, താലിബാന്റെ ഉപമേധാവി കൂടിയായ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുമായുള്ള സാംസ്ക്കാരിക ബന്ധത്തിനും താല്‍പ്പര്യമുണ്ട്. ഇന്ത്യയുടെ സഹായത്തോടെ ഇറാനിലെ ഛബഹാറില്‍ നിര്‍മിച്ച തുറമുഖത്തിന് താലിബാന് നേതാവ് പിന്തുണ പ്രഖ്യാപിച്ചു.
വിവിധ ഗ്രൂപ്പുകളുമായി സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള ചര്‍ച്ചകള്‍ തുടരുകയാണ്, ഷേര്‍ മുഹമ്മദ് പറഞ്ഞു. അഫ്ഗാനില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കും സമാധാനമായി താമസിക്കാമെന്നും അവരെ ഒഴിപ്പിക്കേണ്ടെന്നും താലിബാന് നേതാവ് അവകാശപ്പെടുന്നു.
തങ്ങള്‍ ഇന്ത്യയെ ലക്ഷ്യമിടുന്നില്ല. ഇന്ത്യയടക്കമുള്ള ഒരു അയല്‍രാജ്യത്തിനും അഫ്ഗാനില്‍ നിന്ന് ഭീഷണി ഉയരില്ല. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ തര്‍ക്കമുണ്ട്. അവര്‍ ഈ തര്‍ക്കം തീര്‍ക്കാന്‍ അഫ്ഗാനെ ഉപയോഗിക്കില്ലെന്ന് കരുതുന്നു. ഇന്ത്യക്കെതിരേ അഫ്ഗാന് മണ്ണ് ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ല. അഫ്ഗാനെ ഉപയോഗിച്ച് ഏതെങ്കിലും രാജ്യത്തിനെതിരേ നീക്കവും അനുവദിക്കില്ല. അഫ്ഗാനില്‍ ഇപ്പോള്‍ വലിയ സ്വാധീനമുള്ള ലഷ്കര്‍ ഇ തൊയ്ബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഷേര്‍ മുഹമ്മദ്.
ഇന്ത്യ അഫ്ഗാനില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ദേശീയ സ്വത്താണ്. ഭാവിയില്‍ അവര്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവരെ ക്ഷണിക്കുന്നു. അതിന് ഇവിടെയെത്തുന്നവര്‍ക്ക് ഞങ്ങള്‍ പൂര്‍ണ സുരക്ഷയും നല്‍കും, ഷേര്‍ മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: