1921 ലെ മാപ്പിളക്കലാപത്തില്‍ നടന്നത് അക്ഷരാര്‍ഥത്തില്‍ ഹിന്ദുകൂട്ടക്കൊലയാണ് എന്നും അതിന് ഖിലാഫത്ത് പ്രസ്ഥാനവുമായോ സ്വാതന്ത്ര്യ സമരക്കാരുമായോ ഒരു ബന്ധവുമില്ലെന്നും ‘ഹിന്ദു’ ദിനപത്രം എഴുതിയ മുഖപ്രസംഗം. 1921 സെപ്തംബര്‍ 7- ലെ പത്രത്തിലാണ് ഈ മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. മലബാറിന്റെ പ്രത്യേകതയായിരുന്നു ഹിന്ദു- മുസ്ലിം ഐക്യം. അത് തകര്‍ത്തുവെന്നും ആ സ്ഥിതി വീണ്ടെടുക്കേണ്ടത് ഇനി മുസ്ലിങ്ങളുടെ ചുമതലയാണ് എന്നും അവര്‍ ഉപദേശിച്ചിട്ടുണ്ട്. വാരിയംകുന്നന് എഴുതിയ കത്ത് ‘ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ചത് ഉയര്‍ത്തിക്കാട്ടി അയാളെ മതേതര രാജാവായി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോഴാണ് പത്രത്തിന്റെ യഥാര്‍ഥ നിലപാടെന്തായിരുന്നു, വിലയിരുത്തല്‍ എന്തായിരുന്നു എന്നത് പരിശോധിക്കേണ്ടിവരുന്നത്. ഏറനാട്ടും മറ്റും അക്രമവും കലാപവും മുന്‍പും നടന്നിട്ടുണ്ട്; അത് കൂടുതല്‍ പിന്തുണയോടെയും ആര്ജ്ജവത്തോടെയുമാണ് അന്ന് നടന്നത് എന്ന് പത്രം വിശദമാക്കുന്നു. ബ്രിട്ടീഷുകാര്‍ അന്ന് സ്വീകരിച്ച നിലപാടുകളെ പത്രം നിരാകരിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. 1878 മുതല്‍ 1978 വരെയുള്ള നൂറു വര്‍ഷത്തെ തിരഞ്ഞെടുത്ത നൂറ് മുഖപ്രസംഗങ്ങളില്‍ ആ പത്രം ‘മാപ്പിള കലാപവും അതിനുശേഷവും’ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് പ്രധാനം; അതിന്റെ കാലാതീതമായ പ്രാധാന്യം ഇന്ത്യയിലെ ആ മുത്തശ്ശി പത്രം തിരിച്ചറിഞ്ഞു എന്നതാണല്ലോ കാണേണ്ടത്.
ഇവിടെ ഒന്നുകൂടെ സൂചിപ്പിക്കട്ടെ; പഴയ മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു മലബാര്‍ എന്നതോര്‍ക്കുക. മദിരാശിയില്‍ നിന്നാണ് ‘ഹിന്ദു’ പ്രസിദ്ധീകരിച്ചിരുന്നതും. അതുകൊണ്ട് മലബാര്‍ മേഖലയോട് അവര്‍ക്കൊരു പ്രത്യേക താല്പര്യമുണ്ടായിരുന്നു.
കലാപത്തെക്കുറിച്ച് ഇന്ത്യന്‍ പാര്‍ലമെന്റില്‍ അന്നത്തെ ഗവര്‍ണ്ണര്‍ ജനറലും വൈസ്രോയിയുമായിരുന്ന ലോര്‍ഡ് റീഡിങ് നടത്തിയ പ്രസ്താവന ചൂണ്ടിക്കാണിച്ചുകൊണ്ടാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ‘മാപ്പിള ചര്‍ച്ച’ എന്നാണ് പാര്‍ലമെന്റിലെ ആ സംവാദത്തിന് പേരിട്ടത്. അതില്‍ ബ്രിട്ടീഷ് നേതാക്കളെ ഉദ്ധരിക്കുന്നുണ്ട്: ‘ ഗാന്ധിജിയുടെ താല്പര്യം സംഘര്‍ഷം ഒഴിച്ചുനിര്‍ത്തണം എന്നതായിരുന്നു. എന്നാല്‍ ഈ സമരത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ അനുയായികളായ കുറെപ്പേര്‍ക്ക് ക്രമസമാധാനനില തകര്‍ക്കാനുള്ള വ്യഗ്രതയായിരുന്നു എന്ന് കാണണം ഇസ്ലാമിന്റെ മതമൗലികവാദ ചിന്താഗതിയുള്ള ഒരു വിഭാഗം സൈന്യത്തെയും പോലീസിനെയും വശീകരിക്കാന്‍ ശ്രമിച്ചതും അവര്‍ ചൂണ്ടിക്കാട്ടി. അതൊക്കെ ഒരു സര്‍ക്കാരിന് അംഗീകരിക്കാന്‍ കഴിയില്ല. ‘.
ഇളവുകളുടെ കാലം കഴിഞ്ഞു എന്നും മറ്റും ആയിരുന്നു അന്ന് സായിപ്പന്മാരുടെ നിലപാട് എന്ന് ‘ഹിന്ദു’ പറയുന്നുണ്ട്.
സര് വില്യം വിന്‍സെന്റ് പറഞ്ഞ കാര്യങ്ങളും അതില്‍ വിശദീകരിച്ചിട്ടുണ്ട്.’ ഗാന്ധിജി വിഭാവനം ചെയ്ത സമാധാനപരമായ നിസ്സഹകരണസമരവുമായി തീരെ ബന്ധപ്പെടുത്താന്‍ പറ്റാത്ത കാര്യങ്ങളാണ് മാപ്പിളമാര്‍ ചെയ്തുകൂട്ടിയത്. ഈ മാപ്പിളമാര്‍ക്ക് ഗാന്ധിജിയുടെ വ്യക്തിത്വത്തോട് എന്തെങ്കിലും സ്നേഹമോ കടപ്പാടോ താല്പര്യമോ ഉണ്ടായിരുന്നില്ല’, വില്യം വിന്‍സെന്റ് പറഞ്ഞു. ഖിലാഫത്ത് പ്രക്ഷോഭമാണ് ഇതിന് കാരണം എന്നും ആ പ്രസ്ഥാനത്തിന്റെ നേതാവ് മുഹമ്മദ് അലിയെ ഈറോഡില്‍ വെച്ച് പിടികൂടിയെങ്കിലും വെറുതെ വിട്ടുവെന്നും ഗാന്ധിജിയുടെ ഇടപെടല്‍ മൂലമാണിത് എന്നും അദ്ദേഹം പാര്‍ലമെന്റില്‍ പറഞ്ഞത് ഉദ്ധരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ഉപാധ്യക്ഷനായി പിന്നീട് വില്യം വിന്‍സെന്റ് എത്തിച്ചേര്‍ന്നിരുന്നു എന്നതോര്‍ക്കുക.
എന്നാല്‍ ഈ ബ്രിട്ടീഷ് വാദഗതികള്‍ തള്ളുകയും അവിടെ നടന്ന കലാപങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു എന്ന വാദം തെറ്റാണ് എന്ന് പത്രം സ്ഥാപിക്കുകയും ചെയ്യുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. കുഴപ്പമുണ്ടായ മേഖലകളില്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനോ കോണ്‍ഗ്രസിനോ വലിയ വേരുകളില്ലായിരുന്നു; ഏറനാട്, വള്ളുവനാട് എന്നീ പ്രദേശങ്ങള്‍ ഉദാഹരണം. അതേസമയം കോണ്‍ഗ്രസിനും ഖിലാഫത്തിനും പ്രവര്‍ത്തനം നന്നായി ഉണ്ടായിരുന്ന പൊന്നാനി പോലുള്ള പ്രദേശങ്ങളില്‍ ക്രമാസമാധാനവുമായി എല്ലാവരും സഹകരിച്ചിരുന്നു. അവിടെയൊന്നും ഇത്തരം കലാപങ്ങള്‍ ഉണ്ടായില്ല. അതുകൊണ്ട് ഈ കലാപത്തിന് പിന്നില്‍ നിസ്സഹകരണ സമരക്കാരോ ഖിലാഫത്തുകാരോ ആണെന്ന വാദം ശരിയല്ല; അവരെയൊക്കെ കുറെ മാപ്പിളമാര്‍ നടത്തിയ അക്രമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വേറിട്ടുകാണാനാവും.
യഥാര്‍ത്ഥത്തില്‍ മാപ്പിള കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം മുസ്ലിങ്ങള്‍ക്കിടയിലെ ഇടക്കിടെയുള്ള പൊട്ടിത്തെറിയും മത ഭ്രാന്തുമാണ്. ഇതിനുമുന്‍പും ഏറനാട്ടില്‍ അതുണ്ടായിട്ടുണ്ട്. ഇപ്പോഴത് രൂക്ഷമായത് അതിന് സമൂഹത്തിലുണ്ടായ അംഗീകാരവും ലഭിച്ച സഹായവുമൊക്കെയാണ് എന്ന ‘ഹിന്ദു’-വിന്റെ നിരീക്ഷണം ശ്രദ്ധേയവും ചരിത്രഗതിയോട് ചേര്‍ന്ന് നില്‍ക്കുന്നതുമാണ്. ‘ചിന്തിക്കാനാവാത്ത അതിക്രമങ്ങള്‍, അക്രമങ്ങള്‍, കവര്‍ച്ച, കൊലപാതകങ്ങള്‍ അതിലൊക്കെയുപരി, അപകടകരമായത്, ഹിന്ദുക്കളെ നിര്‍ബന്ധിച്ച് മതം മാറ്റിയത് ഇതിനൊക്കെ മാപ്പിളമാര്‍ ഉത്തരവാദികളാണ് ‘. അതായത് നടത്തിയത് വര്‍ഗീയ കലാപമാണ്, ജിഹാദാണ് ലക്ഷ്യമിട്ടത് എന്നതാണ് ഇതില്‍ നിന്നൊക്കെ സാമാന്യേന മനസിലാക്കേണ്ടത്. ഇതിലേറെ എന്താണ് ഒരു ദേശീയ ഇംഗ്ലീഷ് പത്രം മുഖപ്രസംഗത്തില്‍ കുറിക്കേണ്ടത്.
മഹാത്മാഗാന്ധി കാര്യങ്ങള്‍ യഥാവിധി മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് നിസ്സഹകരണ സമരം മാറ്റിവെക്കാന്‍ ഉപദേശിച്ചത്. അത് ബ്രിട്ടീഷ് സര്‍ക്കാര്‍ കാണാതെ പോകരുത്; പ്രകോപനത്തോടെയുള്ള നിയമ നടപടികള്‍ പ്രശ്നത്തെ രൂക്ഷമാക്കും. ഹിന്ദു-മുസ്ലിം ഐക്യത്തിന് കോട്ടമുണ്ടായിരിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ ആക്രമിച്ചത് വേറെ. ഇതിനൊന്നും ഒരു ന്യായീകരണവും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവാനില്ല, എന്തെങ്കിലും പറഞ്ഞാല്‍ തന്നെ ആരും അത് വിശ്വസിക്കുകയുമില്ല. മുസ്ലിങ്ങളല്ലാത്ത സഹോദരന്മാരുടെ നേര്‍ക്ക് അക്രമം അഴിച്ചുവിട്ടതില്‍ ഒരു ന്യായീകരണവുമില്ല. ഇത്തരം അക്രമങ്ങളെ ലഘൂകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ ഉള്ള ഏതൊരു ശ്രമവും സമൂഹത്തില്‍ പ്രശ്നമുണ്ടാക്കും.
ഇന്നിപ്പോള്‍ ഞങ്ങളുടെ മുഴുവന്‍ സഹതാപവും മലബാറിലെ മുസ്ലിങ്ങളല്ലാത്ത ജനതയോടാണ്; ഹിന്ദു സഹോദരങ്ങളോടാണ് എന്ന് പറഞ്ഞുകൊണ്ടാണ് പത്രം മുഖപ്രസംഗം അവസാനിപ്പിക്കുന്നത്. ഈ വേളയില്‍ ഇക്കാര്യത്തോട് എങ്ങിനെ മുസ്ലിങ്ങള്‍ പ്രതികരിക്കുന്നു എന്നതിനനുസരിച്ചാവും ഭാവിയിലെ ഹിന്ദു -മുസ്ലിം സൗഹൃദം എന്നും അതില്‍ ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരത്തില്‍ വ്യാഖ്യാനിച്ചിട്ടുള്ള ഒരു കലാപത്തെ ആര്‍ക്ക്, എങ്ങിനെ ഒരു സ്വാതന്ത്ര്യ സമരമായി വ്യാഖ്യാനിക്കാനാവും? എങ്ങിനെയാണ് അതിന് നേതൃത്വമേകിയ ഒരാളെ സ്വാതന്ത്ര്യ സമര സേനാനിയായും മതേതര നേതാവായും എങ്ങിനെ കാണാനാവുക? ഇതിനൊക്കെ ഇറങ്ങിപ്പുറപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ സ്വയം ചെറുതാവുകയല്ലേ; സ്വയം തുറന്നുകാട്ടുകയല്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: