തിരുവനന്തപുരം: താലിബാനെതിരെ സംസാരിച്ച ഇടതുപക്ഷ ചിന്തകന്‍ സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയില്‍ പ്രതിഷേധിച്ച് പുരോഗമന സാഹിത്യ സംഘം. എന്നാല്‍, ഇളയിടത്തിനെതിരെ ഭീഷണി മുഴക്കിയ മുസ്ലീം മതമൗലിക വാദികളെ പരാമര്‍ശിക്കാതെ സംഘപരിവാറിനെ കുറ്റം പറഞ്ഞാണ് പുകസ പ്രസ്താവന പുറത്തിറക്കിയിരിക്കുന്നത്.
മലയാളിയുടെ ധൈഷണിക ജീവിതത്തിന്റെ ഇന്നത്തെ മുഖമാണ് എഴുത്തുകാരനും പ്രഭാഷകനുമായ സുനില്‍ പി.ഇളയിടമെന്ന് പുകസ അവകാശപ്പെടുന്നു. ഏറെ കാലമായി അദ്ദേഹം ആര്‍എസ്എസ്. ഉള്‍പ്പടെയുള്ള ഭൂരിപക്ഷ മതവര്‍ഗ്ഗീയ ഭീകരസംഘടനകളില്‍ നിന്നും അവരുടെ സൈദ്ധാന്തിക പ്രവര്‍ത്തകരില്‍ നിന്നും ആക്രമണം നേരിട്ടു കൊണ്ടിരിക്കയാണ്. ഇന്ത്യന്‍ ഇതിഹാസ കൃതികളെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും പഠനങ്ങളും പുറത്തുവന്നു തുടങ്ങിയതോടെ ആയുധം നഷ്ടപ്പെട്ട കേരളത്തിലെ ഗോഡ്സേയിസ്റ്റ് പരിവാര്‍ സുനിലിനെതിരെ സംഘടിച്ച് ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയിരുന്നു. അത് ഫലിക്കാതെ വന്ന ഒരു ഘട്ടത്തില്‍ അക്കൂട്ടര്‍ അദ്ദേഹത്തെ കായികമായി ആക്രമിക്കാന്‍ തന്നെ തുനിഞ്ഞു.
കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയില്‍ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങള്‍ വരുത്തി. ഇപ്പോഴാകട്ടെ അഫ്ഗാനിസ്ഥാനിലെ താലിബാന് അധിനിവേശത്തെ വിമര്‍ശിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന്റെ പേരില്‍ അദ്ദേഹം കേരളത്തിലെ ന്യൂനപക്ഷ മതഭീകരരില്‍ നിന്നും ഭീഷണി നേരിടുകയാണ്. ഈ ന്യൂനക്ഷം ഏതാണെന്ന് പുകസ പ്രസ്താവനയില്‍ ഒരിടത്തും പരാമര്‍ശിച്ചിട്ടില്ല. ‘താലിബാനെ വിമര്‍ശിക്കുന്നവര്‍ യുപി യില്‍ പോയി ജീവിക്കണം’ എന്ന മട്ടിലുള്ള നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു കഴിഞ്ഞു. സുനില്‍ പി ഇളയിടത്തിനെതിരായ ഭീഷണിയെ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിക്കുന്നു പുകസ പ്രസ്താവനയില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: