ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തെ വിസ്മയം എന്ന് വിശേഷിപ്പിച്ചാല്‍ പോരാ, അത്യന്ത വിസ്മയമെന്ന് തന്നെ പറയണം. തന്റെ പിറന്നാളാഘോഷത്തിന് ഗുരുപവനപുരിയിലെത്തുന്ന ഭക്തരെ വരവേല്‍ക്കാന്‍ മഞ്ഞപ്പട്ടാട ചുറ്റി, മണിവേണു ഊതി പൊന്നുണ്ണിക്കണ്ണന്, നിറപുഞ്ചിരിയോടെ ഒരുങ്ങിയിരിക്കുന്ന ദിവസമാണത്.
പഴയകാലത്ത് അഷ്ടമിരോഹിണിക്ക് രാത്രിനേരത്ത് മാത്രമെ ആഘോഷപൂര്‍വ്വമായ എഴുന്നെള്ളിപ്പും, വാദ്യവിശേഷങ്ങളും ഉണ്ടായിരുന്നുള്ളു. പിന്നീടത് വളര്‍ന്ന്, വളര്‍ന്ന് ഇന്നത്തെപോലെ (മഹാമാരിക്ക് മുമ്പ്) മൂന്ന് നേരം എഴുന്നെള്ളിപ്പും, ഇത്രയേറെ വഴിപാടുകളുമായി. ഗുരുവായൂരപ്പന് നെയ്യപ്പവും, പാല്
പായസവും ഏറ്റവും അധികം വഴിപാടായി ഭക്തര്‍ നല്‍കുന്നത് അഷ്ടമിരോഹിണി നാളിലാണ്. എന്റെ കുട്ടിക്കാലത്ത്, ഒരു അഷ്ടമിരോഹിണി നാളില്‍, 175 രൂപയുടെ അപ്പം ഭക്തര്‍ ശീട്ടാക്കിയപ്പോള്‍, അതൊരു ചരിത്ര സംഭവമായിരുന്നു. അന്ന് ഒരു രൂപ ശീട്ടിന് മുപ്പതോ, മുപ്പത്തി രണ്ടോ അപ്പമാണ് ലഭിച്ചിരുന്നത്. ഇന്ന് 16 രൂപയ്ക്ക് ഒരപ്പമാണ് കിട്ടുക. പക്ഷേ, കാലചക്രം തിരിഞ്ഞതോടെ 50,000 അപ്പവും, നാലര ലക്ഷം രൂപയുടെ പാല്പായസവും ഭക്തര്‍ ശീട്ടാക്കി തുടങ്ങി. ഇത്രയേറെ അപ്പം വാര്‍ക്കാന്‍ (തയ്യാറാക്കാന്‍) ആവശ്യമായ മനുഷ്യാധ്വാനം അപാരമാണെന്ന് പറയേണ്ടതില്ലല്ലോ. 2000 ലിറ്റര്‍ അരിപ്പൊടി വേണം. പൊടിച്ചുണ്ടാക്കാന്‍ അരോഗദൃഡഗാത്രരായ അമ്പതോ, അറുപതോ കഴകക്കാര്‍ വേണം. കീഴ്ശാന്തി നമ്പൂതിരിമാര്‍ രാവിലെ 8 മണിമുതല്‍ അപ്പം തയ്യാറാക്കല്‍ ആരംഭിക്കും. പത്തോ, ഇരുപതോ പേരല്ല. നൂറിലേറെപേര്‍ ഇതിന് വേണ്ടിവരും. അപ്പം വാര്‍ക്കല്‍
നിര്‍ത്തുമ്പോള്‍ സമയം വൈകീട്ട് ഏഴു മണിയാകും. അപ്പക്കൂട്ടിന് ഏറ്റവും കുറഞ്ഞത് 700 കിലോ പാകമായ നേന്ത്രപ്പഴം വേണം. 65 കിലോ ശര്‍ക്കര, 400 കിലോ നറുനെയ്യ്, 2000 രൂപയുടെ ചുക്ക്, ജീരകെപ്പാടി. ഇത്രയും കൂട്ടുകള്‍ സമയാസമയം കഴകക്കാര്‍ എത്തിച്ചുനല്‍കണം.
ഗുരുവായൂരപ്പന് അപ്പം നിവേദിക്കുന്നതാണ് മറ്റൊരു അത്ഭുതം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശ്രീകോവിലില്‍ ഭഗവാന്റെ മുന്നില്‍വെച്ച് നിവേദിക്കുന്നത് ഈ അപ്പം മാത്രമാണ്. ശ്രീകോവിലില്‍ സ്ഥലം തികയാത്ത സന്ദര്‍ഭങ്ങളില്‍ മുഖമണ്ഡപത്തിന് ചുറ്റും മൂടിക്കെട്ടി അപ്പപ്പാത്രം നിരത്തിവെച്ച് നിവേദിക്കും. ഈ സമ്പ്രദായം ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. ഇന്നും അതിന് ഒരുമാറ്റവുമില്ല. പാല്പായസത്തിന്റെ കണക്ക് ഇതിനേക്കാള്‍ വിശേഷമാണ്. 8 ലക്ഷത്തില്‍പരം രൂപയുടെ പായസം അഷ്ടമിരോഹിണി നാളില്‍ ശീട്ടാക്കാറുണ്ട്.
അഷ്ടമിരോഹിണി മഹോത്സവത്തിന്റെ പല ചടങ്ങുകള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അന്നൊന്നും ഇന്നത്തെപോലെ ജന്മാഷ്ടമി നാളില്‍ പ്രസാദ ഊട്ട് ഉണ്ടായിരുന്നില്ല. അതിന്റെ സ്ഥാനത്ത് പതിവുണ്ടായിരുന്നത്, നമസ്കാര സദ്യയും, അത്താഴ സദ്യയുമായിരുന്നു. നമസ്കാര സദ്യ പണ്ടുകാലം മുതല്ക്കേ, പടിയത്ത് കല്യാണിക്കുട്ടിയമ്മയെന്ന ഒരു ഭക്തയുടെ വഴിപാടാണ്. അതിപ്പോഴും തുടരുന്നു. ക്രമേണ അഷ്ടമിരോഹിണി ആഘോഷം ഗുരുവായൂര്‍ മഹാക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷങ്ങളുടെ, വിശേഷാല്‍ ചടങ്ങുകളുടെ ഭക്തിനിര്‍ഭരമായ മഹോത്സവം തന്നെയായി മാറി. അന്നേ ദിവസം തിരുനാമാചാര്യന് ആഞ്ഞം തിരുമേനിയുടെ സപ്താഹ വായന അവതാരം വരുന്ന വിധത്തിലാണ് അവതരണം. കുചേലദിനത്തില്‍ പഞ്ചവാദ്യത്തോടുകൂടിയ ചുറ്റുവിളക്ക് ചെര്‍പ്പുളശ്ശേരി അമ്മാളുക്കുട്ടി കോവിലമ്മയുടെ തറവാട്ട് വകയായിരുന്നു. ഇന്നും അങ്ങിനെ തന്നെ. പഞ്ചവാദ്യത്തോടെയുള്ള എഴുന്നെള്ളിപ്പ് അന്നു കുറവായിരുന്നു. അപൂര്‍വ്വം വിശേഷ ദിവസങ്ങളിലേ പഞ്ചവാദ്യം പതിവുണ്ടായിരുന്നുള്ളു. പ്രശസ്ത വാദ്യകലാകാരന്മാര് അണിനിരക്കുന്ന പഞ്ചാരിമേളത്തിനായിരുന്നു മുഖ്യസ്ഥാനം. ഗജരാജന്‍ ഗുരുവായൂര്‍ കേശവന് മുതലുള്ള ഒന്നാംനിര കൊമ്പന്മാര് അന്ന് അണിനിരക്കും. മേളത്തിന് പെരുവനം നാരായണ മാരാര്‍, പെരുവനം അപ്പുമാരാര്‍, തൃപ്പേക്കുളം അച്ച്യുതമാരാര്‍ തുടങ്ങി പ്രഗല്ഭരുടെ നിര. പിന്നീട് പഞ്ചവാദ്യങ്ങളുടെ എണ്ണംകൂടി. തിരുനാമാചാര്യന് പറയാറുള്ളതു
പോലെ ഗുരുവായൂരിലെ അഷ്ടമിരോഹിണി എല്ലാവരുടേയും ഉത്സവമാണ്, എല്ലാവര്ക്കും ഉത്സവമാണ്, അന്നും, ഇന്നും. ഗുരുപവനപുരേ, ഹന്തഭാഗ്യം ജനാനാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: