തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കരിങ്കൊടിയും പോസ്റ്റര്‍ യുദ്ധവും വാക്‌പോരും ഇന്നലെയും തുടര്‍ന്നു. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും കെ. സുധാകരനും വി.ഡി. സതീശനും നേരിട്ട് ഏറ്റുമുട്ടുന്ന തരത്തിലായിരുന്നു പ്രസ്താവനകള്‍. ഉമ്മന്‍ചാണ്ടി കള്ളംപറയുകയാണെന്ന് കെ. സുധാകരന്‍ ന്യൂദല്‍ഹിയില്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്കുന്ന ലിസ്റ്റ് കൊടുക്കാനാണെങ്കില്‍ പിന്നെ താന്‍ ഈ സ്ഥാനത്ത് എന്തിനാണെന്ന് വി.ഡി. സതീശന്‍ ചോദിച്ചു.
നേതാക്കള്‍ പരസ്യമായി രംഗത്തുവന്നത് കോണ്‍ഗ്രസിലെ കലാപത്തിന്റെ ആക്കംകൂട്ടി. വി.ഡി. സതീശനും കെ. സുധാകരനും കെ.സി. വേണുഗോപാലിനുമെതിരേ പുതിയ പോര്‍മുഖം തുറന്നിരിക്കുകയാണ് എ, ഐ ഗ്രൂപ്പ് നേതാക്കള്‍. താഴേത്തട്ടിലെ പ്രവര്‍ത്തകരെ ഇളക്കിവിടുന്ന തരത്തിലായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്നും തന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം കൈക്കൊണ്ട അച്ചടക്ക നടപടിയെയും വിമര്‍ശിച്ചു. അതേ നാണയത്തില്‍ത്തന്നെയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ തിരിച്ചടിച്ചത്. കൃത്യമായ ചര്‍ച്ച നടത്തിയിരുന്നുവെന്ന് ദല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ ഡയറി ഉയര്‍ത്തി കാണിച്ചാണ് സുധാകരന്‍ മറുപടി പറഞ്ഞത്. ചര്‍ച്ചയ്‌ക്കിടെ ഉമ്മന്‍ചാണ്ടി പറഞ്ഞ പേരുകള്‍ ഈ ഡയറിയില്‍ കുറിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി കള്ളം പറഞ്ഞെന്നും എഐസിസി നേതൃത്വം ഇരുനേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും വ്യക്തമാക്കുന്നതായിരുന്നു സുധാകരന്റെ വാക്കുകള്‍. വര്‍ക്കിങ് പ്രസിഡന്റായിരിക്കുമ്പോള്‍ തന്നോട് ആരും ചര്‍ച്ച ചെയ്തിരുന്നില്ലെന്നും സുധാകരന്‍ ഇതിനിടെ ഓര്‍മ്മിപ്പിച്ചു. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ എല്ലാമുണ്ടെന്ന് കെ.സി. ജോസഫ് പ്രതികരിച്ചു. അതേസമയം, ഡിസിസി പ്രസിഡന്റ് പ്രഖ്യാപനത്തില്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടന്നില്ലെന്നാണ് മുന്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. എന്നാല്‍ ഈ വാദം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തള്ളി.
പരസ്യ പ്രതികരണം നടത്തിയതിന് കഴിഞ്ഞ ദിവസം കെ.പി. അനില്‍കുമാറിനെയും കെ. ശിവദാസന്‍ നായരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. അനില്‍കുമാര്‍ ഇന്നലെ നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. നിലവിലെ ഡിസിസി പട്ടികയില്‍ കെപിസിസി നേതൃത്വത്തിലുള്ള നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. എ ഗ്രൂപ്പ് പ്രതിനിധി കൂടിയായ ടി. സിദ്ദിഖിനു പോലും പരാതിയില്ല. പി.ടി. തോമസും തിരുവഞ്ചൂര്‍ രാധകൃഷ്ണനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനും കെ. മുരളീധരന്‍ എംപിയും പട്ടികയെ അനുകൂലിച്ച് രംഗത്തുവന്നു.
പത്തനംതിട്ട ഡിസിസി ഓഫീസില്‍ കരിങ്കൊടി പ്രത്യക്ഷപ്പെട്ടു. കൂടാതെ പി.ജെ. കുര്യനും ആന്റോ ആന്റണി എംപിക്കുമെതിരേ പോസ്റ്ററുകളും പതിച്ചു. പുതിയ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലിനെതിരെയും പോസ്റ്ററുകളുണ്ട്. സതീഷ് കൊച്ചുപറമ്പില്‍ സജീവ പ്രവര്‍ത്തകനല്ലെന്നും തിരുവല്ലയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്നുമാണ് പോസ്റ്റര്‍. തിരുവനന്തപുരത്ത് പാലോട് രവിയെ പ്രസിഡന്റ് ആക്കിയത് അനീതിയാണെന്ന് നെടുമങ്ങാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ്. പ്രശാന്ത് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: