തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിലെ പിണറായി സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ പൊളിച്ച് മരണത്തിന്റെ കണക്കുകള്‍. കൊവിഡ് ബാധിച്ച് വീട്ടില്‍ ഐസൊലേഷനില്‍ ആയിരുന്നവര്‍ അടക്കം യഥാസമയം ചികിത്സ കിട്ടാതെ മരിച്ചത് 1795 പേര്. ഈ കണക്കുകള്‍ നിരത്തിയത് കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തില്‍.
സംസ്ഥാനത്തുണ്ടായ 8017 കൊവിഡ് മരണങ്ങളാണ് വിശകലനം ചെയ്തത്. ഇതില്‍ 1795 എണ്ണം കൃത്യസമയത്ത് ചികിത്സ കിട്ടാതെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 444 പേര് കൊവിഡ് ബാധിച്ച് വീട്ടില്‍ കഴിഞ്ഞിരുന്നവരാണെന്ന ഞെട്ടിക്കുന്ന കണക്കും പുറത്തുവന്നു. ഇവരുടെ ആരോഗ്യസ്ഥിതി ഗുരുതരമായിട്ടും ആശുപത്രിയില്‍ എത്തിക്കാനോ ചികിത്സ നല്‍കാനോ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ല. ഇതില്‍ തൃശ്ശൂരാണ് കൂടുതല്‍. 315 പേരാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ തൃശ്ശൂരില്‍ വീട്ടില്‍ മരിച്ചത്.
വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി 127 പേര്‍ക്ക് ജീവന് നഷ്ടമായി. അങ്ങനെ ഏറ്റവും കൂടുതല്‍ പേര് മരിച്ചത് പാലക്കാടാണ്-46. ആശുപത്രിയില്‍ എത്തിച്ച് ഉടനെയോ 24 മണിക്കൂറിനുള്ളിലോ 691 പേര് മരണത്തിന് കീഴടങ്ങി. ആശുപത്രിയില്‍ എത്തിച്ച് മൂന്ന് ദിവസം ചികിത്സിച്ചിട്ടും 533 പേരുടെ ജീവന് രക്ഷിക്കാനായില്ല.
കേരളത്തില്‍ ആരും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചത്. ഈ അവകാശവാദമടക്കം കളവാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. രോഗം ബാധിച്ച് ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കാണ് വീടിനുള്ളില്‍ ചികിത്സ നിര്‍ദേശിച്ചിരുന്നത്. ഇവര്‍ക്ക് ദിശയിലൂടെയും ആരോഗ്യ വകുപ്പിലൂടെയും കൃത്യമായി ടെലിമെഡിസിന്‍, ആരോഗ്യ അവലോകനം, ഡോക്ടറുടെ സേവനം അടക്കം നല്കുമെന്നുമൊക്കെയാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍, ഗുരുതര രോഗമുള്ളവരെയും കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് നീങ്ങിയവരെയും കണ്ടെത്താന്‍ ആരോഗ്യ വകുപ്പിന് കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കും ശതമാനവും:
- തിരുവനന്തപുരം-147 (15.84%)
- കൊല്ലം-175 (21.63%)
- പത്തനംതിട്ട-55 (22.27%)
- ആലപ്പുഴ-63 (23.60%)
- കോട്ടയം-70 (22.88%)
- ഇടുക്കി-29 (20%)
- എറണാകുളം-165 (22.57%)
- തൃശ്ശൂര്‍-315 (32.98%)
- പാലക്കാട്-250 (26.85%)
- മലപ്പുറം-161 (18.19%)
- കോഴിക്കോട്-163 (18.48%)
- വയനാട്-24 (17.39%)
- കണ്ണൂര്‍-119 (22.08%)
- കാസര്‍കോട്-59 (25%)
പ്രതികരിക്കാൻ ഇവിടെ എഴുതുക: