പാലക്കാട്: കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ എ.വി. ഗോപിനാഥ് പാര്‍ട്ടിവിട്ടു. പാലക്കാട് വാര്‍ത്ത സമ്മേളനം വിളിച്ചാണ് താന്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചെന്ന് അദ്ദേഹം അറിയിച്ചത്. ഒരു പാര്‍ട്ടിലേക്കും പോകാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു. നേരത്തേ, ഇലക്ഷനുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുമായി അകന്ന ഗോപിനാഥിനെ അന്നു അനുനയിപ്പിച്ചാണ് പാര്‍ട്ടി ഒപ്പം നിര്‍ത്തിയത്. എന്നാല്‍, ഡിസിസി അധ്യക്ഷ നിയമനത്തോടെ പാര്‍ട്ടിയുമായി വീണ്ടും ഗോപിനാഥ് അകലുകയായിരുന്നു. എ.തങ്കപ്പനെയാണ് ഡി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തിട്ടുള്ളത്.
നേരത്തേ, അനില്‍ അക്കരയെ രൂക്ഷമായി വിമര്‍ശിച്ചും മുഖ്യമന്ത്രി പിണറായിയെ വിജയനെ പുകഴ്ത്തിയും എവി ഗോപിനാഥ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് മഹത്തായ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവാണെന്നും അദ്ദേഹത്തിന്റെ വീട്ടിലെ വേലക്കാരനാകുക എന്നത് അഭിമാനമാണെന്നും എ.വി ഗോപിനാഥ് പറഞ്ഞു.
അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില് നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്. അതാരാണെന്ന് എല്ലാവര്ക്കും അറിയാം എന്ന് എ.വി ഗോപിനാഥ് പറഞ്ഞു. ഡിസിസി പ്രസിഡന്റും കെപിസിസി ഭാരവാഹിയും അടക്കമുള്ള പദവികള്‍ പാര്‍ട്ടി നല്‍കിയിട്ടും വീണ്ടും എന്തിനാണ് ഡിസിസി പ്രസിഡന്റ് ആകുവാന്‍ ഗോപിനാഥ് ശ്രമിക്കുന്നത് എന്ന് അനില്‍ അക്കരെ വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന പെരിങ്ങോട്ടുകുറിശ്ശിയിലെ 11 പഞ്ചായത്ത് അംഗങ്ങളും ഗോപിനാഥിനൊപ്പം പാര്‍ട്ടി വിട്ടേക്കമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് വിട്ടാല്‍ ഗോപിനാഥിനെ പാര്‍ട്ടിയിലെത്തിക്കാന്‍ സി.പി.എം നീക്കങ്ങള്‍ സജീവമാക്കി. സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എ.കെ.ബാലനും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: