Categories: Alappuzha

വീയപുരം സര്‍ക്കാര്‍ സംരക്ഷിത വനം അവഗണനയില്‍, പ്രഖ്യാപനങ്ങള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജലരേഖയായി

അച്ചന്‍ കോവില്‍ പമ്പ നദികളുടെ സംഗമകേന്ദ്രമായ വീയപുരത്ത് പതിനാലര ഏക്കറില്‍ പരന്നു കിടക്കുന്ന സംരക്ഷിത വനത്തെ വിനോദ സഞ്ചാര മേഖലയിലേക്ക് ഉയര്‍ത്തിയാല്‍ പ്രാദേശികമായ വികസനത്തിനും വലിയ മുതല്‍കൂട്ടാണ്.

Published by

ഹരിപ്പാട്: സര്‍ക്കാര്‍ സംരക്ഷിത വനത്തില്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് വീയപുരത്ത് പദ്ധതി നടപ്പിലാക്കുമെന്ന മുന്‍ മന്ത്രിമാരായിരുന്ന കൊടിയേരി ബാലകൃഷ്ണന്റേയും കെ.രാജുവിന്റേയും പ്രഖ്യാപനങ്ങള്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  ജലരേഖയായി. 

അച്ചന്‍ കോവില്‍ പമ്പ നദികളുടെ സംഗമകേന്ദ്രമായ വീയപുരത്ത് പതിനാലര ഏക്കറില്‍ പരന്നു കിടക്കുന്ന സംരക്ഷിത വനത്തെ വിനോദ സഞ്ചാര മേഖലയിലേക്ക് ഉയര്‍ത്തിയാല്‍  പ്രാദേശികമായ വികസനത്തിനും വലിയ മുതല്‍കൂട്ടാണ്. എന്നാല്‍ ഈ മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിരവധി സിനിമകളുടേയും,സീരിയലുകളുടേയും ചിത്രീകരണവും ഇവിടെ നടന്നിട്ടുണ്ട്. നദിയുടെ രണ്ടു കരകളിലായുള്ള ഏക്കര്‍ കണക്കിനു ഭൂമിയെ ടൂറിസം സാധ്യത മുന്നില്‍ കണ്ട് ഫ്ളൈഓവര്‍ സംവിധാനത്തിലൂടെ ബന്ധിപ്പിക്കുകയും, വിശാലമായ പുരയിടത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ പാര്‍ക്ക് രൂപപ്പെടുത്തുകയും ചെയ്യാം.

മുമ്പ് റിസര്‍വ്വ് വനം വനം വകുപ്പിന്റെ കീഴിലുള്ള സര്‍ക്കാര്‍ തടി ഡിപ്പോ ആയിരുന്നു. കര മാര്‍ഗ്ഗം തടികളെത്താന്‍ സൗകര്യങ്ങള്‍ ഏറെയായെങ്കിലും തടികള്‍ മാത്രം എത്തുന്നില്ല. മാത്രമല്ല തടി ലേലവും ഡിപ്പോയിലില്ലാതായതോടെ എഴുപതോളം വരുന്ന തൊഴിലാളികളും പ്രതിസന്ധിയിലായി. നാമമാത്രമായി വരുന്ന തടികള്‍ ഓണ്‍ലൈന്‍ വഴിയാണ് വിറ്റഴിക്കുന്നത്. നിലവില്‍ തടിയുടെ വരവ് കുറഞ്ഞതും ലേലം ഇല്ലാതായതും റിസര്‍വ്വ് വനത്തിന്റെ പ്രതാപം തന്നെ ഇല്ലാതാക്കി. വിനോദ മേഖലയ്‌ക്കുള്ള സാധ്യതകള്‍ തുറന്നാല്‍ ഒരു പരിധി വരെ തൊഴിലവസരങ്ങളും രൂപപ്പെടും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by