കാബൂള്‍: താലിബാനോട് ചെറുത്ത് നില്ക്കുന്ന പ്രതിരോധ സേനയുടെ താവളമായ പഞ്ച്ശീറില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് ഭീകരസംഘടം. ട്വിറ്ററില്‍ സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്നതില്‍നിന്ന് മുന്‍ വൈസ് പ്രസിഡന്റ് അംറുള്ള സലേഹിനെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കമെന്ന് പറയപ്പെടുന്നു. താലിബാന് മുന്നില്‍ കീഴടങ്ങാതെ നില്ക്കുന്ന അഫ്ഗാനിലെ ഒരേയോരു പ്രവിശ്യയാണ് പഞ്ച്ശീര്‍. താലിബാനെ എതിര്‍ക്കുന്നവര്‍ ഒത്തുചേര്‍ന്നിരിക്കുന്നതും ഇവിടെതന്നെ. അഫ്ഗാനിസ്ഥാനിലെ വിമത നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകന് അഹമ്മദ് മസൂദും അംറുള്ള സലേഹിനൊപ്പം താഴ്വരയിലുണ്ട്.
അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഗനി ഓഗസ്റ്റ് 15ന് രാജ്യം വിട്ടതിനുശേഷം രാജ്യത്തെ ഭരണഘടനയനുസരിച്ച് കാവല്‍ പ്രസിഡന്റായി സലേഹ് സ്വയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐക്യാരാഷ്ട്ര സഭ ഉള്‍പ്പെടെയുള്ള അന്തരാഷ്ട്ര സമിതികള്‍ അദ്ദേഹത്തെ ഇതുവരെ അംഗീകരിച്ചിട്ടില്ല. അതിനിടെ, അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറില്‍ സംഗീതത്തിനും ടെലിവിഷന്‍, റേഡിയോ ചാനലുകളില്‍ സ്ത്രീ ശബ്ദത്തിനും താലിബാന് വിലക്കേര്‍പ്പെടുത്തി.
താലിബാന് ഭരണം പിടിച്ചതിന് പിന്നാലെ ചില മാധ്യമസ്ഥാപനങ്ങള്‍ വനിതാ അവതാരകരെ നീക്കിയിരുന്നു. ഓഗസ്റ്റ് 15ന് ശേഷം നിരവധി വനിതാ ജീവനക്കാരോട് ജോലി സ്ഥലങ്ങളില്‍നിന്ന് വീടുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ടതായി കാബൂളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്ത്രീകളെ വിദ്യാഭ്യാസത്തിനും തൊഴിലെടുക്കാനും അനുവദിക്കുമെന്ന താലിബാന് ഉന്നത നേതൃത്വത്തിന്റെ അവകാശവാദത്തിനിടെയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: