മലപ്പുറം: ‘‘1921 സപ്തംബര്‍ 24 രാത്രി വരാന്‍ പോകുന്ന ആപത്തുകള്‍ യാതൊന്നും ശങ്കിക്കാതെ തുവ്വൂരിലെ നിവാസികള്‍ അവരവരുടെ വീടുകളില്‍ കിടന്നുറങ്ങുന്നു. അങ്ങനെയുള്ള നൂറോളം വീടുകള്‍ നേരം പുലരുന്നതിന് മുമ്പായി മാപ്പിളമാര്‍ വളഞ്ഞു. അകത്തുള്ളവരോട് പു
റത്തിറങ്ങാന്‍ കല്പ്പിച്ചു. അവരില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. ശേഷമുള്ളവരില്‍ പുരുഷന്മാരെയെല്ലാം ലഹളക്കാര്‍ കൈയും കാലും കെട്ടി ബന്ധനസ്ഥരാക്കി. സ്ത്രീകളെയും കുട്ടികളെയുമൊന്നും ഉപദ്രവിച്ചില്ല. അതിനുശേഷം ആ വീടുകളെല്ലാം ചുട്ടു. പിടികൂടിയവരെയെല്ലാം ചേരിക്കമ്മല്‍കുന്ന് എന്ന സ്ഥലത്തേക്കും പിന്നെ അവിടെ നിന്ന് പാങ്ങോട് എന്ന സ്ഥലത്തേക്കും കൊണ്ടുപോയി. അവിടെ കുന്നിന്റെ ചരിവിലുള്ള ഒരു പറമ്പില്‍ കിഴക്കുഭാഗത്തായി ഒരു പാറയുണ്ട്. ആ പാറയുടെ അടുത്തുവെച്ച് ഒരോരുത്തരുടെയും വിചാരണ ആരംഭിച്ചു. പാറയുടെ അടുത്തുവച്ച് അനേകം ഹിന്ദുക്കളെയും ഏതാനും മാപ്പിളമാരെയും ലഹളത്തലവന്മാരുടെ ‘മാര്‍ഷ്യല്‍ ലോ’ പ്രകാരം വിചാരണ ചെയ്ത് ഗളച്ഛേദം ചെയ്യുവാന്‍ വിധി കല്‍പ്പിച്ചുവെന്നും അവരെ അപ്പോള്‍തന്നെ ആ പാറയില്‍ നിന്ന് സുമാര്‍ 15 വാര ദൂരത്തുള്ള കിണറ്റിന്നരികെ കൊണ്ടുപോയി വെട്ടി കിണറ്റിലിട്ടുവെന്നും ഉള്ളതിന് യാതൊരു സംശയവുമില്ല. 34 ഹിന്ദുക്കളെയും രണ്ട് മാപ്പിളമാരെയുമാണിങ്ങനെ ഗളച്ഛേദം ചെയ്തത് എന്നാണ് അക്കാലത്തെ ലഹളസ്ഥലത്ത് നിന്ന് ഓടിവന്നവര്‍ പറഞ്ഞിട്ടുള്ളത്. ഇരുപത് പേരെ മാത്രമേ അവിടെ വച്ച് കൊന്നിട്ടുള്ളൂവെന്നും ശേഷം വേറെ സ്ഥലത്ത് വച്ചാണ് കൊന്നതെന്നും മറ്റൊരു വിധത്തിലും കേട്ടിട്ടുണ്ട്. ഏതായാലും ലഹള കഴിഞ്ഞ് കുറച്ച് മാസം കഴിഞ്ഞ ശേഷം ശ്രീമാന്‍ ശ്രീനിവാസ ശാസ്ത്രിയോടു കൂടി ആ കണറ്റില്‍ ചെന്ന് നോക്കുവാന്‍ അവസരം എനിക്കുണ്ടായി. അപ്പോള്‍ അതില്‍ സുമാര്‍ 20ഓളം തല ഞങ്ങള്‍ക്കെണ്ണാന്‍ സാധിച്ചു”
മാപ്പിളക്കലപാത്തിന്റെ ദൃക്സാക്ഷികളിലൊരാളായ മുന്‍ കോണ്‍ഗ്രസ് നേതാവ് കെ. മാധവന് നായര്‍ അദ്ദേഹത്തിന്റെ മലബാര്‍ കലാപം എന്ന പുസ്തകത്തില്‍ എഴുതിയിരിക്കുന്ന വരികളാണിത്. ഹിന്ദുവംശഹത്യക്ക് നേതൃത്വം നല്കിയ വാരിയംകുന്നനെയും ആലി മുസ്ലിയാരെയും സ്വാതന്ത്ര്യസമര സേനാനികളായി ഉയര്‍ത്തിക്കാട്ടുന്ന സിപിഎം-ജിഹാദി കൂട്ടുക്കെട്ടിന് ചരിത്രം മാപ്പുനല്‍കില്ല. അവരുടെ കള്ളക്കഥകള്‍ക്ക് ഉത്തരം നല്കാന് മലപ്പുറം തുവ്വൂരില്‍ ഇപ്പോഴും ആ കിണറുണ്ട്. വെള്ളത്തിന് പകരം മനുഷ്യന്റെ ചുടുചോര നിറഞ്ഞ കിണര്‍.
തൂവ്വൂരില്‍ കൂട്ടക്കൊല നടത്തിയത് വാരിയംകുന്നനല്ലെന്നും ചെമ്പ്രശ്ശേരി തങ്ങളാണെന്നും വാദിക്കുന്നവരുണ്ട്. വര്‍ഗീയവാദിയായ വാരിയംകുന്നന്റെ അടുത്ത അനുയായിയായിരുന്നു ചെമ്പ്രശ്ശേരി തങ്ങളെന്ന് വാദമുഖമുയര്‍ത്തുന്നവര്‍ സൗകര്യപൂര്‍വ്വം മറക്കുകയാണ്.
മതമാറാന്‍ വിസമ്മതിച്ച ഹിന്ദുക്കളും കലാപത്തെ എതിര്‍ത്ത രണ്ട് മുസ്ലിങ്ങളുമാണ് തുവ്വൂരില്‍ ദാരുണമായി കൊല്ലപ്പെട്ടത്. തന്റെ മാപ്പിള രാജ്യത്ത് ഇസ്ലാമല്ലാതെ മറ്റാരും ഉണ്ടാകരുതെന്ന് വാരിയംകുന്നന് ശഠിച്ചിരുന്നു എന്നതിന്റെ തെളിവാണ് ഇന്നും ചോര മണക്കുന്ന തുവ്വൂര്‍ കിണര്‍. ബ്രിട്ടീഷുകാരും മാപ്പിളക്കലാപകാരികളും തമ്മില്‍ ആരാണ് മികച്ച ക്രൂരന് എന്നൊരു മത്സരമാണ് 1921ല്‍ നടന്നത്. വാരിയംകുന്നന്റെ മതവെറിക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം തോല്‍ക്കുകയും ചെയ്തു. ഈ മതവെറിയെ ഇന്ന് രാജ്യസ്നേഹമായി ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ചരിത്രത്തെ മറക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: