കൊല്ലം: സെപ്തംബര്‍ ആറിന് തുടങ്ങുന്ന പ്ലസ് വണ്‍ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ പരീക്ഷാ ഹാളിലേക്ക് നീങ്ങുന്നത് ക്ലാസ് മുറി കാണാത്ത വിദ്യാര്‍ഥികള്‍. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള ഡ്യൂട്ടി നിച്ഛയിച്ചു കഴിഞ്ഞു. സ്കൂളുകളില്‍ ക്ലാസ് റൂമുകള്‍ വൃത്തിയാക്കി കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ചുള്ള പ്രതിരോധ നടപടികള്‍ സ്വീകരിച്ച് പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങികഴിഞ്ഞു. വിദ്യാര്‍ഥികള്‍ സ്കൂളുകളിലെത്താതെ, ക്ലാസ്മുറി കാണാതെ പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ മാത്രം പഠിച്ചാണ് ഇക്കുറി പ്ലസ് വണ്‍ പരീക്ഷയെഴുതുന്നത്.
കഴിഞ്ഞ അധ്യയനവര്‍ഷം നടക്കേണ്ടിയിരുന്ന പരീക്ഷ അഞ്ചുമാസം വൈകിയാണ് തുടങ്ങുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളെത്തുടര്‍ന്ന് 2020-21 അധ്യയനവര്‍ഷം പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ ഒരുദിവസംപോലും നേരില്‍ ക്ലാസ്മുറികളിലെത്തിയിട്ടില്ല. അധ്യാപകരും വിദ്യാര്‍ഥികളും പരസ്പരം നേരില്‍ കണ്ടിട്ടില്ല. സംസ്ഥാനത്ത് നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതുന്നത്. പരീക്ഷയ്ക്കുമുമ്പ് ഒരാഴ്ചയെങ്കിലും കുട്ടികളുമായി ക്ലാസ്മുറികളില്‍ ഒരുമിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഏതാണ്ട് അവസാനിച്ചു.
പൊതുപരീക്ഷയ്ക്ക് മുമ്പുള്ള മാതൃകാ പരീക്ഷപോലും ഓണ്‍ലൈനായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. ആഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പ്ലസ് വണ്‍ മോഡല്‍ പരീക്ഷ. അധ്യാപക സംഘടനകളുടെ സമ്മര്‍ദമാണ് ഓണ്‍ലൈന്‍ വഴിയെങ്കിലും മോഡല്‍ പരീക്ഷ നടത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സിലബസ് വെട്ടിച്ചുരുക്കി വിദ്യാഭ്യാസ വകുപ്പ് പ്രധാനപാഠങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ ഇതുപോലും പലയിടത്തും പഠിപ്പിച്ചു തീര്‍ത്തിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: