തിരുവനന്തപുരം : കോവിഡ് വ്യാപനത്തില്‍ അയവ് വരാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ഓണാഘോഷങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണിനും മറ്റ് ദിവസങ്ങളില്‍ രാത്രികാല കര്‍ഫ്യൂ എര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പുറമേ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ ഏങ്ങനെ തുടരണമെന്ന് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചി്ട്ടുണ്ട്. ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം നടപടികള്‍ കൈക്കൊള്ളും.
തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂവും ആരംഭിക്കും. രാത്രി പത്തുമുതല്‍ രാവിലെ ആറുവരെയാണ് കര്‍ഫ്യൂ. ചരക്ക് വാഹനങ്ങള്‍ക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെടുന്ന ജീവനക്കാരെയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്.
ദീര്‍ഘദൂര യാത്രക്കാര്‍ക്കും യാത്ര ചെയ്യാം. ട്രെയിന്‍ കയറുന്നതിനോ, എയര്‍പോര്‍ട്ടില്‍ പോകുന്നതിനോ, കപ്പല്‍ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യില്‍ കരുതിയാല്‍ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം. വാര്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ട്രിപ്പിള്‍ ലോക്ഡൗണും ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗണ്‍ കര്‍ശനമാക്കുക.
രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ 60 ശതമാനത്തില്‍ കൂടുതലും കേരളത്തിലാണ്. ഓണാഘോഷഘങ്ങളില്‍ സംസ്ഥാനത്ത് ഇളവുകള്‍ നല്‍കുന്നതിന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. എന്നാല്‍ ഇത് വകവെയ്‌ക്കാതെ സംസ്ഥാന സര്‍ക്കാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: