Categories: Main Article

വാരിയംകുന്നന്‍’സ് സ്പീക്കര്‍

പാലക്കാട്ടെ തോറ്റ എംപിയും തൃത്താലയിലെ ജയിച്ച എംഎല്‍എയുമായ ചളവറക്കാരന്‍ രാജേഷിനെ നിയമസഭാ സ്പീക്കറാക്കിയപ്പോഴേ ഇതിലും വലുത് പ്രതീക്ഷിച്ചതാണ്. മുഖ്യമന്ത്രിയായിട്ടും പാര്‍ട്ടിസെക്രട്ടറിയുടെ നിലവാരത്തില്‍ നിന്ന് ഉയരാത്ത പിണറായി വിജയന് ഒത്ത സ്പീക്കറാണ് ചളവറക്കാരന്‍. രൂപത്തിലും ഭാവത്തിലും ഒരു ബേബിക്കുഞ്ഞാണ് താനെന്ന് നടിക്കാനാണ് പണ്ടേ രാജേഷിന് പ്രിയം. സഖാവ് ബേബി കൊറോണയെ വരെ സാമ്രാജ്യത്വശക്തികള്‍ക്കെതിരായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആയുധമായി വ്യാഖ്യാനിക്കാന്‍ മടികാട്ടാത്ത ആളാണ്. മറ്റൊരു പണ്ഡിതന്‍ കളമശ്ശേരി എംഎല്‍എയും മന്ത്രിയുമായ പി. രാജീവാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നത് മുതലാളിത്തത്തിന്റെ ലക്ഷണമാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. ഇമ്മാതിരി ബേബിക്കുഞ്ഞുങ്ങള്‍ നിരനിരയായി ഇങ്ക്വിലാബ് വിളിച്ച് നിറഞ്ഞുനില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഎം. അതുകൊണ്ടാണ് പണ്ടേ പിണറായി പറഞ്ഞത് ഇതിനെപ്പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്തവരാണ് സാധാരണ മലയാളികള്‍ എന്ന്. മനസ്സിലാക്കിയവരാകട്ടെ ചുക്കേത് ചുണ്ണാമ്പേത് എന്നറിയാത്ത പരുവത്തിലാണ് താനും.

പോത്തിറച്ചി മഹോത്സവത്തിന്റെ ബ്രാന്‍ഡ് അംബാസിഡറായിരുന്ന എം.ബി. രാജേഷ് പാലക്കാട് തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം ആകെ ജാള്യതയിലായിരുന്നു. മതേതരത്വം പുലരാനും ബിജെപിയെ തറ പറ്റിക്കാനും വേണ്ടി കാമ്പസുകളിലടക്കം ബീഫ് ഫെസ്റ്റിവല്‍ നടത്തി പുരോഗമനം പ്രകടിപ്പിച്ചിട്ടും അന്നാട്ടുകാര്‍ തോല്‍പിച്ചു കളഞ്ഞു. പിന്നെ വായില്‍ വരുന്നതൊക്കെ ന്യൂസ്‌റൂമുകളിലെ അന്തിച്ചര്‍ച്ചകളില്‍ ഛര്‍ദ്ദിച്ച് എല്ലായിടത്തുനിന്നും വാങ്ങിക്കൂട്ടുകയായിരുന്നു പണി. രാജേഷിന്റെ വായടപ്പിക്കാനുള്ള പാര്‍ട്ടി കുതന്ത്രങ്ങളിലൊന്നായിട്ടാണ് സ്പീക്കര്‍ പദവിയിലേക്കുള്ള പുതിയ നിയോഗത്തെ പലരും കണ്ടത്. മെത്തയില്‍ കിടത്തിയാല്‍ കിടന്നോളും എന്ന ആ ധാരണയും പൊളിയുകയാണ്. സ്പീക്കര്‍ പോത്തിറച്ചി ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റര്‍ എന്ന പൂര്‍വകാല തസ്തികയില്‍ നിന്ന് മാറി ഇപ്പോള്‍ വാരിയംകുന്നന്‍ ഫാന്‍സ് അസോസിയേഷന്റെ നേതാവായിരിക്കുന്നു. ആദ്യത്തേതായിരുന്നു ഇതിലും അന്തസ്സുള്ള പണിയെന്ന് വാരിയംകുന്നനെക്കുറിച്ച് അറിവുള്ളവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അമ്മാതിരി അന്തസ്സിലൊന്നും അന്തങ്ങള്‍ക്ക് താല്പര്യമില്ലാത്തതിനാല്‍ ‘മരുമകന്‍ ബ്രാന്‍ഡഡ്’ രാഷ്‌ട്രീയത്തിലാണ് ഇപ്പോള്‍ കമ്പം.  

മലപ്പുറത്ത് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തങ്ങളെ എതിര്‍ത്ത മുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്ത് മതരാജ്യം സ്ഥാപിക്കാനിറങ്ങിത്തിരിച്ച ഒരു കൊടുംഭീകരന് വേണ്ടി സംസ്ഥാന നിയമസഭയുടെ സ്പീക്കര്‍ തന്നെ കൊടിപിടിക്കാനിറങ്ങിയതാണ് വാര്‍ത്ത. വാരിയംകുന്നനും ഷഹീദ് ഭഗത്സിംഗും സമാനരായിരുന്നു എന്ന വിവരക്കേട് ലേശവും ഉളുപ്പില്ലാതെ വിളിച്ചുപറയാനും സ്പീക്കര്‍ക്ക് മടിയുണ്ടായില്ല. വാരിയംകുന്നന്റെ തേര്‍വാഴ്ചക്കാലത്ത് ഉടുതുണിയും കൊണ്ട് നാടുവിട്ട് ഓടേണ്ടി വന്ന ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാട് പിന്നെ കമ്മ്യൂണിസത്തിന്റെ രോഗം പിടിപെട്ട് നാല് വോട്ടിന് ആരുടെയും കാല് നക്കുന്ന പരുവത്തിലെത്തിയ കാലത്ത് മഹാത്മാഗാന്ധിയും മദനിയും ഒരു പോലെയാണെന്ന് പ്രസ്താവിച്ചിട്ടുണ്ട്. പാര്‍ട്ടിയില്‍ രാജേഷിന് മാതൃകയുണ്ടെന്ന് സാരം.  

സ്വാതന്ത്ര്യസമരകാലത്ത് നേതാജി സുഭാഷ്ചന്ദ്രബോസിനെയും മഹാത്മാഗാന്ധിയെയുമൊക്കെ പുലഭ്യം പറഞ്ഞുനടന്ന രാജേഷിന്റെ പാര്‍ട്ടിക്കാര്‍ക്ക് സ്വാതന്ത്യം ലഭിച്ചു എന്ന് അംഗീകരിക്കാന്‍ പോലും 75 വര്‍ഷം വേണ്ടിവന്നു എന്ന് ഓര്‍ക്കണം. അപ്പോള്‍പ്പിന്നെ രാജേഷിന്റെ വിടുവായത്തത്തിന് ന്യായീകരണമുണ്ട്. ഭഗത്സിംഗിനെ, ഗാന്ധിജിയെ, വീരസവര്‍ക്കറിനെ എണ്ണമറ്റ സ്വാതന്ത്ര്യസമരപോരാളികളെ അപമാനിക്കാനും അധിക്ഷേപിക്കാനും അവകാശം രാജേഷിനുണ്ട്, കാരണം അദ്ദേഹം ഒരു സിപിഎമ്മുകാരനാകുന്നു എന്നത് തന്നെ. രാജ്യത്തെ പല ഖണ്ഡങ്ങളാക്കി വെട്ടിമുറിക്കണമെന്ന് വാദിക്കുകയും അതിനായി പ്രകടനം നടത്തുകയും ചെയ്ത, ഈ വര്‍ത്തമാന കാലത്ത് പോലും ചൈനീസ് വാര്‍ഷികം ആഘോഷിക്കുന്ന, കമ്മ്യൂണിസ്റ്റ് വിടുവായത്തത്തിന്റെ ആസ്ഥാന സ്പീക്കറുദ്യോഗമാണ് തനിക്ക് കൈവന്നിരിക്കുന്നതെന്ന് തൃത്താല എംഎല്‍എ കരുതുന്നുവെങ്കില്‍ അതിന് ‘മലയാളികള്‍ അനുഭവിച്ചോ’  എന്ന് മാത്രമേ പറയേണ്ടതുള്ളൂ.

സ്പീക്കര്‍ പദവിയിലിരുന്ന് എന്തൊക്കെ ചെയ്യാം എന്ന് രാജേഷ് ആരെ കണ്ടാണ് പഠിക്കേണ്ടത്?. സ്വര്‍ണക്കടത്ത് മുതല്‍ നിയമസഭ തല്ലിപ്പൊളിക്കല്‍ വരെ ആ പദവിക്കുള്ള അടിസ്ഥാന യോഗ്യതയായി കരുതുന്ന ഒരു പാര്‍ട്ടിക്ക് കാട്ടാവുന്ന മിനിമം മര്യാദകളിലൊന്നാണ് ചളവറക്കാരന്റെ നിയോഗം. ചപ്പും ചവറും ചീഞ്ഞതും അളിഞ്ഞതുമെല്ലാം നിറഞ്ഞ കിണറില്‍ നിന്ന് തൊട്ടിയില്‍ കോരുന്നത് അമൃതാകണമെന്ന് പ്രതീക്ഷിക്കരുത്. സ്പീക്കര്‍ക്ക് പിടിപ്പത് പണിയുണ്ട്. മാപ്പിളക്കലാപത്തെ മൊത്തത്തില്‍ വെള്ളപൂശാനുള്ള കരാറത്രയും ഏറ്റാണ് അദ്ദേഹം നില്‍ക്കുന്നത്. വാരിയംകുന്നന് സ്മാരകം ഉണ്ടാക്കണം, പൂക്കോട്ടൂര്‍ യുദ്ധത്തെക്കുറിച്ച് സംസാരിക്കണം, തുവ്വൂര്‍ കിണറില്‍ വിശുദ്ധപോരാളികള്‍ നടത്തിയ ധീരമായ സ്വാതന്ത്ര്യസമരത്തെ പുകഴ്‌ത്തണം.

എസ്എഫ്‌ഐക്കാരന്റെ മതപാഠശാലയില്‍ നിന്ന് ഇറങ്ങുന്ന സാഹിത്യ വാറോലകള്‍ കാണാപ്പാഠം പഠിച്ച് അതാണ് ചരിത്രമെന്ന് ഘോഷിക്കണം. രേഖയെവിടെ എന്ന് ചോദിച്ചാല്‍ മൂക്കിലിരിക്കണ്ട കണ്ണട നെറ്റിക്ക് കയറ്റി വെച്ച് കൈവെള്ള നിവര്‍ത്തിക്കാണിക്കണം…. പിന്നെ വികാരതീവ്രമായ അഭിനയമാണ്…. ഒരുപിടി മണ്ണ് വാരി നെഞ്ചത്ത് ചേര്‍ത്ത് വാരിയംകുന്നന്‍ വിളിച്ച മുദ്രാവാക്യം സ്പീക്കറദ്ദേഹം ഗദ്ഗദകണ്ഠനായി ഉരുവിടുന്നതോടെ മാപ്പിളക്കലാപത്തിന് പുട്ടിയിട്ട് പെയിന്റടിക്കുന്ന പണി അവസാനിക്കും. പോത്ത് ഫെസ്റ്റ് പോലെ ഇതിനും ഒരു ഫെസ്റ്റ് കൊണ്ടാടാന്‍ തരമുണ്ടെങ്കില്‍ അതുമൊപ്പിച്ചുകൊടുക്കലാകും അടുത്ത ഉന്നം. നുണ ജീവശ്വാസമാക്കിയ കമ്മ്യൂണിസ്റ്റ് വാരിക്കുഴിയിലാണ് കേരളം വീണുപോയതെന്ന് ഇനിയെങ്കിലും തിരിച്ചറിയുന്നത് നല്ലതാണ്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക