ആധുനികകേരളം കെട്ടിപ്പടുത്തത് ആരാണെന്നു ചോദിച്ചാല്‍ അനേകം ആചാര്യന്മാരെയും പരിഷ്‌ക്കര്‍ത്താക്കളെയും നമുക്ക് ചൂണ്ടിക്കാണിക്കാന്‍ ഉണ്ടാകും. എന്നാല്‍ അവരില്‍ അഗ്രാസനത്തില്‍ ഇരുത്തേണ്ട രണ്ടു പേര്‍ ഉണ്ടെങ്കില്‍ അത് ശ്രീനാരായണ ഗുരുദേവനും രണ്ടാമന്‍ മഹാത്മാ അയ്യങ്കാളിയുമാണ്. അയ്യങ്കാളിയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂടും. കാരണം നവോത്ഥാനനായകരില്‍ കൂടുതല്‍ പേരും വിദ്യാസമ്പന്നരും സമൂഹത്തിലെ ഉയര്‍ന്നത് എന്നു പറയുന്ന ജാതികളില്‍ ജനിച്ചവരും ഭൗതികജീവിത സൗകര്യങ്ങള്‍ ഉള്ളവരുമായിരുന്നു. മഹാത്മാഅയ്യങ്കാളിക്ക് ഭൗതിക സാഹചര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും മറ്റു രണ്ടു കാര്യത്തിലും ഏറെ പിന്നാക്കമായിരുന്നു. ജാതി ശ്രേണിയില്‍ ഏറ്റവും താഴെയും വിദ്യാഭ്യാസത്തില്‍ നിരക്ഷരനും. ഭൗതികസാഹചര്യം പാരമ്പര്യമായി ഉണ്ടായിരുന്നതല്ല. അയ്യങ്കാളിയുടെ അച്ഛന്‍ കാര്യക്കാരനായിരുന്ന തറവാട്ടിലെ നായര്‍ പ്രമാണിയായ ജന്മി സ്‌നേഹത്തോടെ നല്‍കിയ ആറേക്കര്‍ ഭൂമിയായിരുന്നു അത്. ആധുനിക കേരളത്തില്‍ പലതിന്റേയും തുടക്കക്കാരന്‍ അയ്യങ്കാളിയാണ്.
കേരളത്തില്‍ കര്‍ഷക തൊഴിലാളി സമരം നടത്തി വിജയിപ്പിച്ച ആദ്യ വ്യക്തി അയ്യങ്കാളിയാണ്. (മുന്‍കൂറായി പ്രഖ്യാപിച്ച് നടത്തിയ സമരം. അങ്ങനെയല്ലാതെ ഒരു പണിമുടക്ക് അരനൂറ്റാണ്ടു മുമ്പ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ നടത്തിക്കുകയും വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്) അതും വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയായിരുന്നു; തൊഴിലവകാശങ്ങള്‍ക്കു വേണ്ടിയല്ല. തുടര്‍ന്ന് സാധുക്കളായ ജനങ്ങളെ മുഴുവന്‍ വിദ്യാസമ്പന്നരാക്കാന്‍ നിരക്ഷരനായ അയ്യങ്കാളി നടത്തിയ പോരാട്ടങ്ങളും പ്രയത്‌നങ്ങളും അനേകമാണ്. മഹാത്മാഗാന്ധി മഹാത്മാ അയ്യങ്കാളിയെ കണ്ടപ്പോള്‍ ചോദിച്ച ചോദ്യം, ഇത്രയൊക്കെ ചെയ്ത താങ്കള്‍ക്ക് ഇനിയെന്താണ് ആഗ്രഹം എന്നായിരുന്നു. അതിനുളള അയ്യങ്കാളിയുടെ മറുപടി, എന്റെ ജനങ്ങളില്‍ നിന്ന് പത്തു ബി.എ.ക്കാരുണ്ടായി കാണണമെന്നായിരുന്നു. തനിക്ക് നിഷേധിക്കപ്പെടുകയും ലഭിക്കാതെ പോവുകയും ചെയ്ത വിദ്യയുടെ വെട്ടം ഇനിയാര്‍ക്കും ലഭിക്കാതെ പോകരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ അഭിലാഷം.
വിദ്യാഭ്യാസ അവകാശം നേടുക മാത്രമല്ല നിലവിലെ സാഹചര്യമനുസരിച്ച് അത് പ്രയോജനപ്പെടാനുള്ള കരുതല്‍ കൂടി അദ്ദേഹം കൈക്കൊണ്ടു. പട്ടിണിപ്പാവങ്ങളായ കുടുംബങ്ങളിലെ മക്കള്‍ പൊരിഞ്ഞ വയറുമായി വിദ്യാലയത്തില്‍ പോവുക പ്രായോഗികമല്ല. അതിനാല്‍ ഉച്ചക്കഞ്ഞി എന്ന ഏര്‍പ്പാടുണ്ടാക്കി. പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്ക് ഉടന്‍ ജോലി കിട്ടണമെന്നില്ല. അപ്പോള്‍ തൊഴില്‍ രഹിതരായി പുതിയ തലമുറ അലസരാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഏര്‍പ്പാടു ചെയ്തു. ഇങ്ങനെ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന ഒരു വിഭാഗത്തെ ഏതെല്ലാം ശ്രദ്ധയോടെയാണോ വിദ്യാഭ്യാസ രംഗത്ത് ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് ആ നിലക്ക് അത് നിര്‍വ്വഹിച്ച ആ മഹാഗുരുവിന്റെ ദീര്‍ഘവീക്ഷണം എത്രയോ പ്രശംസനീയം. ഭൂരഹിതരായ അവശ വിഭാഗങ്ങള്‍ക്ക് ഭൂമി ആദ്യമായി നേടിക്കൊടുത്തത് അയ്യങ്കാളിയാണ്. പ്രജാസഭാംഗം എന്ന നിലയില്‍ നടത്തിയ പ്രയത്‌നങ്ങളിലൂടെ പല സന്ദര്‍ഭങ്ങളിലായി നൂറുകണക്കിന് ഏക്കര്‍ സ്ഥലമാണ് പറയ-പുലയ വിഭാഗങ്ങള്‍ക്കു നേടിക്കൊടുത്തത്. നെയ്യാറ്റിന്‍കരയിലും നെടുമങ്ങാടുമൊക്കെ ഓരോ കുടുംബത്തിനും ഒരേക്കര്‍ ഭൂമി വീതം.
സ്വത്തും വിദ്യാഭ്യാസവും മാത്രം പോര ആത്മീയ വികാസവുമുണ്ടാകണം. താനാണെങ്കില്‍ ആത്മീയ ഗുരുവല്ല, അതിനുള്ള അറിവുമില്ല. എന്നാല്‍ ശരിയായ കാഴ്‌ച്ചപ്പാട് ഉണ്ടായിരുന്ന നേതാവ് തന്റെ സമൂഹത്തെ ഉയര്‍ത്താന്‍ യോഗ്യനായ ഗുരുവിനെ കണ്ടെത്തി. സദാനന്ദ സ്വാമികളെ അയ്യങ്കാളി കണ്ടു. ബ്രഹ്മനിഷ്ഠാ മഠം സ്ഥാപിച്ച് ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ അറിവു പകര്‍ന്നു നല്‍കാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. അസ്പൃശ്യ ജനവിഭാഗം തന്നെയാണല്ലോ തൊഴിലാളികളും. കൃത്യമായ കൂലിയോ നിശ്ചിതമായ സമയമോ ഒന്നുമില്ലാതെ അടിമത്തത്തിന്റെ ചെറിയ ഒരുതരം അവസ്ഥയിലായിരുന്നു അവര്‍. വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി നടത്തിയ മാരത്തോണ്‍ സമരം പെട്ടെന്നൊന്നും അടങ്ങിയില്ല. പട്ടിണി കിടന്ന് വശംകെടുമ്പോള്‍ തനിയെ കീഴടങ്ങും എന്നായിരുന്നു ജന്മിമാരുടെ കണക്കുകൂട്ടല്‍. സമരം ആഴ്ചകളില്‍ നിന്ന് മാസങ്ങളിലേക്ക് നീണ്ടപ്പോള്‍ വിഷയം ഗുരുതരമായി. വീടുകള്‍ പട്ടിണിയായി. കുട്ടികളുടെ നിലവിളി മാതാപിതാക്കളില്‍ അസ്വസ്ഥതയും അതൃപ്തിയും സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായി. അയ്യങ്കാളിയുടെ നേതൃത്വത്തെ തിരസ്‌ക്കരിക്കുമോ എന്ന അവസ്ഥ. പത്തായപ്പുരകള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ ജന്മിമാര്‍ക്ക് തല്‍ക്കാലം പ്രശ്‌നമില്ലായിരുന്നു. അവര്‍ കൂടുതല്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.
അയ്യങ്കാളിയിലെ നേതാവ് ഉണര്‍ന്നു. പട്ടിണി പരിഹരിക്കാനുള്ള വഴികള്‍ തേടി. കടലിന്റെ മക്കളെ ആശ്രയിക്കാന്‍ തീരുമാനിച്ചു. അവരും അയിത്തജാതിക്കാരാണല്ലോ. അവരുമായി ചേര്‍ന്ന് കര്‍ഷക തൊഴിലാളികള്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടു. തല്‍ക്കാലം പട്ടിണി മാറിക്കിട്ടി. ഒരു വര്‍ഷം മുഴുവന്‍ ഈ വെല്ലുവിളി തുടര്‍ന്നു. അയ്യങ്കാളിയുടെ ഇച്ഛാശക്തിയും അനുയായികളുടെ വിശ്വാസവും മത്സ്യത്തൊഴിലാളികളുടെ സഹകരണവും സഹായവും ചേര്‍ന്നപ്പോള്‍ ചരിത്രത്തിലെ ആദ്യത്തെ കര്‍ഷകത്തൊഴിലാളി സമരം പരിപൂര്‍ണ വിജയത്തിലെത്തി. നിശ്ചിത കൂലി, നിശ്ചിത സമയം ജോലി, ആഴ്ചയില്‍ ഒരു അവധി തുടങ്ങിയ കാര്യങ്ങളെല്ലാം അയ്യങ്കാളി മഹാഗുരുവിന്റെ നേട്ടങ്ങളാണ്.
അയിത്തത്തിനെതിരായി സമരം നടത്തിയപ്പോള്‍ ആദ്യ സന്ദര്‍ഭങ്ങളില്‍ സായുധമായാണ് അയ്യന്റെ പുത്രന്‍ ആരംഭം കുറിച്ചത്. കാരണം ഉയര്‍ന്ന ജാതിക്കാരുടെ അക്രമങ്ങളെ അഹിംസകൊണ്ടു നേരിടാന്‍ സവര്‍ണര്‍ അത്രയ്‌ക്കു സംസ്‌ക്കാരസമ്പന്നര്‍ ആയിരുന്നില്ലല്ലോ. സംസ്‌കാരം നഷ്ടപ്പെടുമ്പോഴാണല്ലോ ഉച്ചനീചത്വം ഉണ്ടാകുന്നത്. സംസ്‌കാര ശൂന്യരോട് നിരായുധരായി നേരിട്ടാല്‍ അടിച്ചമര്‍ത്തലായിരിക്കും ഫലം. അടിമത്തം ശാശ്വതമാവുകയും ചെയ്യും. സ്വന്തം ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിക്കേണ്ടതുണ്ടായിരുന്നു. അരയില്‍ കത്തി തിരുകി, അണികളെ കൂടെ നിര്‍ത്തി, കുടമണികള്‍ കെട്ടിയ വില്ലുവണ്ടിയില്‍ തലേക്കെട്ടും തിലകക്കുറിയുമായി മഹാപ്രയാണം നടത്തിയത്. ഇത് പുതിയ ചരിത്രത്തിലേക്കുള്ള പ്രയാണമായിരുന്നു.
അയ്യങ്കാളിയുടെ മുന്നേറ്റത്തെ തടഞ്ഞവര്‍ സവര്‍ണര്‍ മാത്രമായിരുന്നില്ല. പുലയസമുദായത്തിന്റെ മുകളിലെന്ന് കരുതപ്പെട്ടിരുന്ന എല്ലാ ഹിന്ദു സമുദായങ്ങളുമുണ്ടായിരുന്നു. പോരാത്തതിന് മുസ്ലിംങ്ങളും. ബാലരാമപുരത്തും കഴക്കൂട്ടത്തും കണിയാപുരത്തും നെടുമങ്ങാടും വലിയ ഏറ്റുമുട്ടലുകള്‍ നടന്നു. ഏറ്റവും വലിയ സംഘട്ടനം നടന്നത് കൊല്ലം പെരിനാടായിരുന്നു. അത് ഒരു തരത്തില്‍ ലഹളയായി പരിണമിച്ചു. എന്നാല്‍ അതിനു മുമ്പുതന്നെ അയ്യങ്കാളി ശ്രീമൂലം പ്രജാ സഭാ മെമ്പര്‍ ആയിക്കഴിഞ്ഞിരുന്നു. അപ്പോള്‍ മുതല്‍ ഒരു മാതൃകാ പൊതുജന സേവകന്റെ വിശാലതയോടെയും സാമൂഹിക പ്രവര്‍ത്തകന്റെ ഉള്‍ക്കാഴ്ചയോടെയുമായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നടപടികളും. അതുകൊണ്ടുതന്നെ പെരിനാട് ലഹളയുടെ പേരില്‍ തീആളിക്കത്തിക്കാനല്ല കെടുത്താനാണ് അദ്ദേഹം നേതൃത്വം നല്‍കിയത്.
പോലീസ് നടപടി നിര്‍ത്തിവയ്‌പ്പിക്കുകയും പലായനം ചെയ്തവരെ തിരികെക്കൊണ്ടുവരികയും ചെയ്തു. തുടര്‍ന്ന് പുലയ ജനസമൂഹത്തിന്റെ മഹാ സമ്മേളനം കൊല്ലം പീരങ്കി മൈതാനിയില്‍ വിളിച്ചു കൂട്ടി. ആയിരക്കണക്കിന് പേര്‍ അണിയിട്ട് ഒഴുകിയെത്തി. പുലയ സമ്മേളനത്തില്‍ പക്ഷെ അധ്യക്ഷത വഹിക്കാന്‍ അയ്യങ്കാളി ക്ഷണിച്ചു കൊണ്ടുവന്നത് ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെയായിരുന്നു. ആ മഹാസമ്മേളനത്തില്‍ മറ്റൊരു ചരിത്രവും പിറന്നു. അസ്പൃശ്യ ഹിന്ദുക്കള്‍ക്ക് നല്ല ആഭരണം ധരിക്കാന്‍ അവകാശമില്ലായിരുന്നു.
അതിന്റെ പേരിലായിരുന്നു ഈ ലഹളനടന്നതും. ഓലയും കല്ലും ഇരുമ്പും ഒക്കെ ഉപയോഗിച്ചുള്ള ആഭരണങ്ങള്‍ ആയിരുന്നു അനുവദിച്ചിരുന്നത്. അടിമത്തത്തിന്റെ ഈ ചിഹ്നങ്ങളെ ഇല്ലാതാക്കണമെന്ന് അയ്യങ്കാളിക്ക് ആഗ്രഹമുണ്ടായിരുന്നു. ഇതു തന്നെ പറ്റിയ സന്ദര്‍ഭമെന്ന് തിരിച്ചറിഞ്ഞു. മഹാസമ്മേളനം നടന്നുകൊണ്ടിരിക്കെ അധ്യക്ഷനായ ചങ്ങനാശ്ശേരി പരമേശ്വരന്‍ പിള്ളയെക്കൊണ്ടു തന്നെ പുതിയ ആഹുതിക്ക് അയ്യങ്കാളി ആഹ്വാനം ചെയ്യിച്ചു. ആയിരക്കണക്കിന് സ്ത്രീ ജനങ്ങള്‍ തങ്ങളുടെ കഴുത്തിലും കാതിലും കിടന്നിരുന്ന അടിമഭാരങ്ങള്‍ അരിവാളുകൊണ്ട് കൊത്തിയെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
അസമത്വത്തിന്റെ അടയാളമായ കല്ലയും മാലയും പൊട്ടിച്ചെറിഞ്ഞതോടുകൂടി സമത്വത്തിന്റെ മഹത്വത്തിലേക്കുള്ള ഒരു പടികൂടി കയറ്റുകയായിരുന്നു അയ്യങ്കാളി ചെയ്തത്. ഡോ: ഭീം റാവു റാംജി അംബേദ്ക്കറും ഇതേ ആശയം പറഞ്ഞിട്ടുണ്ട്. സ്ത്രീകളോട് ആഹ്വാനം ചെയ്യുമ്പോള്‍ അദ്ദേഹം പറഞ്ഞു, നിങ്ങള്‍ ആഭരണം ധരിക്കുന്നുവെങ്കില്‍ വില കുറഞ്ഞ വെള്ളിക്കു പകരം സ്വര്‍ണ്ണത്തിന്റെ ആഭരണം ധരിക്കുക. വൃത്തിയും വെടിപ്പും ഉള്ള വസ്ത്രങ്ങള്‍ ധരിക്കുക. നാം സ്വയം താഴരുത്. നമ്മള്‍ മറ്റുള്ളവരില്‍ നിന്നും ഒട്ടും താഴെയല്ല.സവര്‍ണര്‍ നിഷേധിച്ചതൊക്കെ വാഗ്ദാനം ചെയ്തുകൊണ്ട് പിന്നാക്കവിഭാഗക്കാരെ മതം മാറ്റാനെത്തിയ മിഷണറിമാരുടെ ചതി തിരിച്ചറിയാനും അയ്യങ്കാളി സമുദായത്തെ പ്രാപ്തമാക്കി.
മഹാത്മാ അയ്യങ്കാളി മുന്നോട്ടുവച്ച ധാര്‍മ്മിക ജീവിതമാതൃകയെയും പ്രവര്‍ത്തനത്തെയും പുനരാവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞാല്‍ കെട്ടിക്കിടന്ന നവോത്ഥാന മൂല്യങ്ങള്‍ക്ക് പുതിയ പ്രവാഹങ്ങളുണ്ടാകും. അയ്യങ്കാളി ഒരു ജാതി സംഘടനയല്ലായിരുന്നു കെട്ടിപ്പടുത്തത്. അവശരെ മുഴുവന്‍ ഒന്നായി കണ്ടു. അവരെ മുഴുവന്‍ സവര്‍ണര്‍ക്കെതിരായ ശത്രുക്കളായല്ല വളര്‍ത്തിയത്. ആദ്യകാല സംഘട്ടനങ്ങള്‍ ഒഴിച്ചാല്‍ സമന്വയത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും പന്ഥാവാണ് വെട്ടിത്തുറന്നത്. ഇന്ന് അനേകം ജാതി, ഉപജാതി സംഘടനകളായി കേരളത്തിലെ ഓരോ പിന്നോക്ക സമുദായവും വേറിട്ടു നില്‍ക്കുന്നു.
അസംഘടിതാവസ്ഥയും അപകര്‍ഷബോധവും ശത്രുതയും നില നിര്‍ത്തിയാല്‍ ഒരിക്കലും ആര്‍ക്കും ഉയരാന്‍ കഴിയില്ല. വ്യക്തിയായാലും സമുദായമായാലും ഉയരാന്‍ ആദ്യം വേണ്ടത് ആത്മവിശ്വാസമാണ്. പിന്നീട് വേണ്ടത് സ്വപ്രയത്‌നവും. പിന്നോക്കമെന്നു പറയപ്പെടുന്ന സമുദായങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഉയരണമെങ്കില്‍ ഈ മനോഭാവം മാറ്റിയേ പറ്റൂ. നവോത്ഥാന നായകരെല്ലാം, മഹാത്മാ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനുമടക്കം എല്ലാവരും, സൃഷ്ടിച്ചതും വളര്‍ത്തിയതും ഈ ആത്മവിശ്വാസമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: