ബെംഗളൂരു: മൈസൂരു കൂട്ടബലാത്സംഘക്കേസില്‍ സുപ്രധാന വഴിത്തിരിവ്. അക്രമികളില്‍ മൂന്ന് മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന ലഭിച്ചതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആഗസ്റ്റ് 24നു രാത്രി ഏഴരയോടെ ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിച്ച് സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന മൈസൂരുവിലെ സ്വകാര്യ കോളേജ് വിദ്യാര്‍ഥിനിയെയാണ് കൂട്ടബലാത്സംഘത്തിന് ഇരയാക്കിയത്. ഈ സംഭവത്തില്‍ മൈസൂരുവിലെ പ്രശസ്ത എഞ്ചിനീയറിംഗ് കോളേജിലെ നാല് വിദ്യാര്‍ഥികള്‍ക്ക് പങ്കുള്ളതായി കേസന്വേഷിക്കുന്ന എഡിജിപി പ്രതാപ് റെഡ്ഡി പറഞ്ഞു. ഇവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട് സ്വദേശിയുമാണെന്നാണ് പോലീസിന്റെ നിഗമനം.
കുറ്റകൃത്യം നടന്ന സ്ഥലത്തിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന്‍ നിന്നും ആക്രമണം നടന്ന സമയത്ത് നാല് പേരുടേയും മൊബൈല്‍ ഫോണുകള്‍ ഈ പ്രദേശത്ത് ആക്ടീവ് ആയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നാല് പേരുടേയും സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ഇവരെ നിലവില്‍ കണ്ടെത്താനായിട്ടില്ല. നാല് വിദ്യാര്‍ഥികളാണ് കുറ്റം ചെയ്തതെന്ന് ശക്തമായി സംശയിക്കുന്നുണ്ടെന്നും, ഈ സംഭവത്തിനു ശേഷം നാല് പേരും ഒളിവിലാണെന്നും പ്രതാപ് റെഡ്ഡി പറഞ്ഞു.
ഇവര്‍ പഠിച്ച കോളേജിലും താമസിച്ചിരുന്ന സ്ഥലത്തും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയെ ക്രൂര പീഡനത്തിനിരയാക്കിയതിന്റെ അടുത്ത ദിവസം മുതല്‍ നാല് വിദ്യാര്‍ഥികളും കോളേജില്‍ പരീക്ഷ എഴുതാന്‍ പോലും ഹാജരായിട്ടില്ല. ഇവരെ കണ്ടെത്തുന്നതിനായി കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പ്രത്യേക അന്വേഷണ സംഘത്തെ അയച്ചിട്ടുണ്ടെന്നും, ഇവരുടെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നുണ്ടെന്നും റെഡ്ഡി വിശദീകരിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശിനിയായ വിദ്യാര്‍ഥിനിയും സുഹൃത്തും ചാമുണ്ഡി ഹില്‍സ് സന്ദര്‍ശിച്ച് മടങ്ങവേ മദ്യലഹരിയിലായിരുന്ന അക്രമിസംഘം ഇവര്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിര്‍ത്തുകയും, പുരുഷ സുഹൃത്തിനെ തലയ്‌ക്കടിച്ച് വീഴ്‌ത്തിയ ശേഷം പെണ്‍കുട്ടിയെ ഏകദേശം രണ്ട് മണിക്കൂറോളം ക്രൂര ബലാത്സംഘത്തിനിരയാക്കിയതായും പോലീസ് പറഞ്ഞു. ലളിതാദ്രിപുരയ്‌ക്ക് സമീപം ഒറ്റപ്പെട്ട സ്ഥലത്താണ് സംഭവം നടന്നത്. ഈ സ്ഥലത്ത് പുള്ളിപ്പുലികളുടെ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ഇവിടേക്ക് സന്ധ്യാസമയം കഴിഞ്ഞാല്‍ ആരും വരാറില്ല. ഇക്കാരണത്താല്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ആരും വരില്ലെന്നും അക്രമികള്‍ക്ക് ഉറപ്പുണ്ടായിരുന്നു. െപണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതിന്റെ ദൃശ്യങ്ങള്‍ അക്രമിസംഘം മൊബൈലില്‍ പകര്‍ത്തുകയും, ഇത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സംഭവം നടന്ന പ്രദേശത്ത് നിന്ന് ഒഴിഞ്ഞ മദ്യ കുപ്പികളും ബിയര്‍ ബോട്ടിലുകളും പോലീസ് കഴിഞ്ഞ ദിവസം കണ്ടെടുത്തിട്ടുണ്ട്. അതേസമയം, കൂട്ടബലാത്സംഘക്കേസില്‍ ദേശീയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതായി കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാ നിയമം 376ഡി, 397 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസന്വേഷണത്തിനായി അഞ്ച് പ്രത്യേക ടീമുകള രൂപീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നും ലഭിച്ച പ്രാഥമിക വിവരമനുസരിച്ച്, അക്രമികളുടെ രേഖാചിത്രങ്ങള്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. ഇത് എഞ്ചിനീയറിംഗ് കോളേജിലെ പ്രതികളെന്ന് സംശയിക്കപ്പെടുന്ന നാല് വിദ്യാര്‍ഥികളുമായി സാമ്യമുണ്ടെന്നും എഡിജിപി റെഡ്ഡി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: