കാബൂൾ: ഇന്ത്യയുൾപ്പെടെയുള്ള എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധമാണ് താലിബാൻ ആഹ്രഹിക്കുന്നതെന്നും അഫ്ഗാൻ മണ്ണ് മറ്റൊരു രാജ്യത്തിനതിരെയും ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി ഭീകരസംഘടനയുടെ ഉന്നത നേതൃത്വം. മേഖലയുടെ പ്രധാനപ്പെട്ട ഭാഗമായാണ് ഇന്ത്യയെ പരിഗണിക്കുന്നതെന്നും താലിബാൻ വക്താവ് സബിയുള്ള മുജാഹിദ് കൂട്ടിച്ചേർത്തു.
‘ഇന്ത്യയുൾപ്പെടെ എല്ലാ രാജ്യങ്ങളുമായും മികച്ച ബന്ധം ഞങ്ങൾ ആഗ്രഹിക്കുന്നു. അഫ്ഗാൻ ജനതയുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള നയം ഇന്ത്യ ആവിഷ്ക്കരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം’.- പാക്കിസ്ഥാന്റെ എആർവൈ വാർത്താചാനലിനോട് ബുധനാഴ്ച മുജാഹിദ് പറഞ്ഞു.
യുഎസിന്റെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങളുടെ സൈന്യത്തിന്റെ പിൻമാറ്റം പൂർത്തിയാകാൻ രണ്ടാഴ്ച ശേഷിക്കെ, ഓഗസ്റ്റ് 15-നാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തത്. സഖ്യരാജ്യങ്ങൾ ആയുധങ്ങളും പരിശീലനവും നൽകിയ അഫ്ഗാൻ പ്രതിരോധ സേനയുടെ ചെറുത്തുനിൽപ്പ് ദുർബലമായിരുന്നതിനാൽ ഏതാനും ദിവസങ്ങൾക്കൊണ്ട് പ്രധാനപ്പെട്ട ഭൂരിഭാഗം നഗരങ്ങളും കൈവശപ്പെടുത്തി.
‘മറ്റൊരു രാജ്യത്തിനെതിരെയും ഞങ്ങളുടെ മണ്ണ് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഞങ്ങൾ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ നയം വ്യക്തമാണ്’- തെഹ്രീകി താലിബാൻ പാക്കിസ്ഥാനും(ടിടിപി) അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് സ്റ്റേറ്റും ശക്തിപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ മുജാഹിദ് പറഞ്ഞു.
അയൽ രാജ്യങ്ങളായതിനാലും താത്പര്യങ്ങൾ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നതിനാലും തർക്കമുള്ള എല്ലാ വിഷയങ്ങളും ഇന്ത്യയും പാക്കിസ്ഥാനും ചർച്ചയിലൂടെ പരിഹരിക്കണമെന്ന കാഴ്ച്ചപ്പാടാണ് മുജാഹിദിനുള്ളതെന്നും ചാനൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: