കോഴിക്കോട്: ബ്രിട്ടീഷ് ഭരണകാലത്ത് മലബാര്‍ കളക്ടറായിരുന്ന ഹെന്റി വാലന്റൈന്‍ കനോലിയെ ഏറനാട്ടിലെ മാപ്പിളക്കലാപകാരികള്‍ വെട്ടിക്കൊലപ്പെടുത്തിയതും സ്വാതന്ത്ര്യസമരപ്പോരാട്ടത്തിന്റെ ഭാഗമായിരുന്നോ എന്ന് ചോദ്യമുയരുന്നു. 1921ലെ മാപ്പിളക്കലാപത്തിനും 64 വര്‍ഷം മുമ്പാണ് കനോലി സായ്പ് കോഴിക്കോട് വെസ്റ്റ്ഹില്‍ ബാരക്സിലെ ബംഗ്ലാവില്‍ ഭാര്യയുടെ മുന്നില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ടത്.
ബ്രിട്ടീഷ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വെല്ലുവിളിയായിരുന്നു ഈ കൊലപാതകമെന്ന് വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങള്‍ പലഭാഗത്തു നിന്നുമുണ്ടായെങ്കിലും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല. മലബാറില്‍ നടന്ന മാപ്പിളക്കലാപങ്ങള്‍ കര്‍ഷകപ്രക്ഷോഭങ്ങളും ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുമായിരുന്നു എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ ചര്‍ച്ചകള്‍ ദഹനക്കേടുണ്ടാക്കുമെന്നതാണ് കാരണം.
മലബാര്‍ കളക്ടര്‍ എന്ന നിലയില്‍ മാത്രമല്ല, കോരപ്പുഴയെയും കല്ലായിപ്പുഴയെയും ബന്ധിപ്പിച്ചു കൊണ്ട് ഒരു കനാല്‍ നിര്‍മ്മിച്ചും (കനോലി കനാല്‍) നിലമ്പൂര്‍ തേക്ക് തോട്ടം സ്ഥാപിച്ചും മലബാറിന്റെ വികസനത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഭരണാധികാരി എന്ന നിലയില്‍ ഓര്മ്മിക്കപ്പെടാറുണ്ടിങ്കിലും കനോലി സായ്പിന്റെ മരണം അധികമൊന്നും ചര്‍ച്ച ചെയ്യപ്പെടുകയോ ഓര്മ്മിക്കപ്പെടുകയോ ചെയ്യാറില്ല. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. 1921ലെ മാപ്പിളക്കലാപത്തിലെത്തിച്ച നിരവധി മാപ്പിളക്കലാപങ്ങള്‍ മുന്‍ ദശകങ്ങളില്‍ നടന്നിരുന്നു എന്നും അതിന്റെ ഭാഗമാണ് ഈ കൊലപാതകമെന്നുമുള്ള സത്യം അനിഷേധ്യമായതിനാലാണ് അത്തരം ചര്‍ച്ചകള്‍ ഇടത്-ജിഹാദി ചരിത്രകാരന്മാരും പണ്ഡിതരും മനഃപൂര്‍വ്വം ഒഴിവാക്കിയത്.
മുട്ടച്ചിറ ലഹള, ചേരൂര്‍ കലാപം, കൊളത്തൂര്‍ ലഹള, മഞ്ചേരി കലാപം, തക്കാളൂര് ലഹള തുടങ്ങിയ മാപ്പിളക്കലാപങ്ങള്‍ നടന്ന കാലഘട്ടത്തിലാണ് കനോലി ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട മലബാര്‍ ജില്ലയുടെ കളക്ടറായിരുന്നത്. മേല്പറഞ്ഞ മാപ്പിളക്കലാപങ്ങള്‍ അടിച്ചമര്‍ത്താന്‍ തന്റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. വര്‍ഗീയ കലാപങ്ങള്‍ നിയന്ത്രിക്കാന്‍ ശ്രമിച്ചതാണ് അദ്ദേഹത്തെ മുസ്ലിം കലാപകാരികളുടെ ശത്രുവാക്കിത്തീര്‍ത്തത്. 1854ല്‍ മാപ്പിള ഔട്ട്റേജസ് ആക്ട് നടപ്പാക്കി ഏഴായിരത്തിലേറെ കലാപകാരികളെ ആന്‍ഡമാനിലേക്കും ആസ്ട്രേലിയയിലേക്കും നാടുകടത്തുകയും ചെയ്തു. എന്നാല്‍ കനോലിയുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രധാന പ്രകോപനം മുസ്ലിങ്ങള്‍ ദിവ്യനായി കരുതുന്ന മമ്പുറം തങ്ങള്‍ക്കെതിരെ നടപടിയെടുത്തതും മറ്റൊരു ദിവ്യനായ ഫസല്‍ തങ്ങളെ മക്കയിലേക്ക് നാടുകടത്തിയതുമാണ്. ഒരു ബ്രാഹ്മണ യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു മമ്പുറം തങ്ങള്‍ക്കെതിരെയുള്ള നടപടി. ഫസല്‍ തങ്ങള്‍ കലാപകാരികള്‍ക്ക് കൂട്ടുനിന്നതിന്റെ പേരിലായിരുന്നു നടപടി.
1855 സപ്തംബര്‍ 11ന് രാത്രിയാണ് കനോലി കൊല്ലപ്പെട്ടത്. വളാശ്ശേരി ഏമാലു, പുലാകുന്നത്ത് തേനു, ചെമ്പന്‍ മൊയ്തീന്‍കുട്ടി, വെള്ളാട്ടത്താഴത്തെ പറമ്പില്‍ മൊയ്തീന് എന്നിവരായിരുന്നു കൊലപാതകികള്‍. ഈ നാലംഗസംഘം സംഭവത്തിന് ഒരുമാസം മുമ്പ് ജയില്‍ മോചിതരായവരായിരുന്നു. കൊല നടത്തുന്നതിന് മുമ്പ് ഇവര്‍ മുസ്ലിം ദിവ്യന്മാരായ തറമേല്‍ കുഞ്ഞിക്കോയ തങ്ങള്‍, തിരൂരങ്ങാടി ഖാസി എന്നിവരുടെ അനുഗ്രഹം തേടിയിരുന്നു. ബംഗ്ലാവില്‍ നുഴഞ്ഞുകയറി കൊലപാതകികള്‍ കളക്ടറെ മാരകായുധങ്ങള്‍കൊണ്ട് വെട്ടുകയായിരുന്നു. 27 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു എന്ന് ബ്രിട്ടീഷ് രേഖകള്‍ ഉദ്ധരിച്ചു കൊണ്ട് വില്യം ലോഗന് മലബാര്‍ മാന്വലില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1921ന് മുമ്പ് മലബാറില്‍ നടന്ന മുപ്പതിലേറെ മാപ്പിളക്കലാപങ്ങള്ക്ക് കാരണമായത് കര്‍ഷകരോട് ബ്രിട്ടീഷ് അധികാരികളും ജന്മിമാരും നടത്തിയ ചൂഷണമാണ് എന്ന ചരിത്രവ്യാഖ്യാനമാണ് ഇടത് ചരിത്രകാരന്മാരും ഇടത്-വലത് രാഷ്ട്രീയ നേതാക്കളും നടത്തിവരുന്നത്. എന്നാല്‍ ഹെന്റി വാലന്റൈന്‍ കനോലി എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വസ്തുതകള്‍ വിരല്‍ചൂണ്ടുന്നത് മലബാറിലെ മുസ്ലിം ജിഹാദി ഗ്രൂപ്പുകള്‍ 19-ാം നൂറ്റാണ്ടിന്റെ പകുതി മുതല്‍ തന്നെ പതിറ്റാണ്ടുകളോളം ഹിന്ദുക്കള്‍ക്കു നേരെ നടത്തിയ കൊടുംക്രൂരതകളിലേക്കാണ്. വ്യാപകമായി കൊള്ളയും കൊള്ളിവയ്പും മതംമാറ്റവും ഈ കലാപത്തിന്റെ മറവില്‍ അവര്‍ നടത്തുകയായിരുന്നു. ഈ വസ്തുതകള്‍ വെളിച്ചത്തു വരാതിരിക്കാനാണ് 1921ലെ മാപ്പിളക്കലാപത്തിന് നൂറ്റാണ്ട് തികയുമ്പോഴും കനോലി സായ്പിന്റെ കഥ ചിലര്‍ മനപ്പൂര്‍വം ഓര്‍ക്കാതിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: