‘അഫ്ഗാന് ഒരു ഇരയാണ്, അധിനിവേശത്തിന്റെയും രാജ്യങ്ങളുടെ മത്സര താല്പര്യങ്ങളുടെയും ഇര. അമേരിക്കന്‍ പട്ടാളം ഒഴിഞ്ഞുപോയപ്പോള്‍ തോക്കുമായെത്തി പേടിപ്പിച്ചു ഭരിക്കുന്ന വ്യവസ്ഥയല്ല ശാസ്ത്രീയമായ ഭരണമാണ് അഫ്ഗാന് വേണ്ടത്’. താലിബാനിലെ സ്ത്രീകളുടെ അവസ്ഥയെപ്പറ്റി, ജാമിയമില്ലിയ ഇസ്ലാമിയയിലെ മുന്‍ ജെസിസി പ്രതിനിധി അഫ്ര അബിബക്കര് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്. ‘സ്ത്രീകളുടെ ദുരിതങ്ങള്‍ എല്ലാവരും കാണുന്നു. സംസ്കാരവും മൂല്യവും ഇല്ലാതാകുമ്പോഴാണ് പെണ്ണ് വേദനിക്കുന്നത്. അത് പുരുഷന്റെയും കൂടി അധ:പതനമാണ്’
പല സംസ്കാരങ്ങളുടെ സമന്വയം ജീനില്‍ ലയിച്ചു ചേര്‍ന്ന അഫ്ഗാന്റെ അധ:പതനം താലിബാന്റെ വരവോടെ പൂര്‍ത്തിയായി. അതിനു മുമ്പും അവര്‍ കീഴടക്കലിന്റെയും മത്സരവൈര്യത്തിന്റെയും ഇരയായിരുന്നു. സംസ്കാരവും സ്വാതന്ത്ര്യവും സ്വപ്നമാകും മുമ്പ് ആ നാടിനൊരു ചരിത്രമുണ്ടായിരുന്നു. ഗാന്ധാര കലയുടെ, സംഗീതത്തിന്റെ എല്ലാ സത്തയുമുള്ള മഹത്തായ സംസ്കാരം. ഇന്നവിടെ കലയില്ല, കളിചിരികളില്ല. രക്തച്ചൊരിച്ചിലും പലായനവും കണ്ണീരും മാത്രം. കലയ്ക്കു വിലക്ക് കല്പിക്കപ്പെട്ട അഫ്ഗാന് ജനതയ്ക്ക് ഇനി പാടാനും ആടാനും കഴിയാത്തത് അത് മരണം വിളിച്ചുവരുത്തുമെന്നറിഞ്ഞിട്ടാണ്. അല്ലെങ്കിലും ‘ഓരോ കോണില്‍നിന്നും നിഷ്കാസിതമായ ജനക്കൂട്ടം ആര്‍ത്തനാദത്തോടെ ഒഴുകുമ്പോള്‍, വീടുകളില്‍നിന്നും പുഷ്പങ്ങള്‍ക്കു പകരം വെടിമരുന്നിന്റെ ഗന്ധം പരക്കുമ്പോള്‍, ഉരുകിയ ലോഹവും മനുഷ്യരക്തവും ഒലിച്ചിറങ്ങുമ്പോള്‍ എങ്ങനെ സൗന്ദര്യത്തെക്കുറിച്ച് പാടാനാകും’
ആ ബുദ്ധന് അവിടെ ഇന്നില്ല
‘അവിടെ 45പേരോളം ഉണ്ടായിരുന്നു. താലിബാന് നിര്‍ദ്ദേശപ്രകാരം എനിക്കും അവര്‍ക്കൊപ്പം നില്‍ക്കേണ്ടി വന്നു. മാര്‍ക്കറ്റിലേക്ക് പോകുന്നതിനിടെയാണ് സ്ഫോടക വസ്തുക്കള്‍ ചുമക്കാന്‍ അവര്‍ വിളിച്ചത്. അന്ന് വലിയ ശബ്ദത്തിനൊപ്പം ഉയര്‍ന്ന പൊടിപടലം അടങ്ങി, ചുറ്റുമുള്ളത് കാണാന്‍ അരമണിക്കൂറോളം സമയമെടുത്തു. അപ്പോള്‍ ആ ബുദ്ധപ്രതിമകള്‍ നിന്നിടം ശൂന്യമായിരുന്നു.’ ബാമിയന്‍ ബുദ്ധപ്രതിമകള്‍ താലിബാന് തകര്‍ത്തത്, ഗുലാം സഘി എന്ന കര്ഷകന് വിശദീകരിക്കുകയാണ്.
ഗാന്ധാരകലയുടെ എല്ലാ സത്തയും ഉള്‍ക്കൊണ്ട വലിയ ആ പ്രതിമകള്‍ ഇല്ലാതായപ്പോള്‍ നശിച്ചത് ഒരു കാലഘട്ടത്തിന്റെ അവശേഷിപ്പു മാത്രമല്ല ചരിത്രത്തിന്റെ തിരുശേഷിപ്പു കൂടിയായിരുന്നു. റോമന്‍ രീതികള്‍ ഗാന്ധാരകലയില്‍ കൂടുതലായി സ്വാധീനം ചെലുത്തിയിരുന്നു. പിന്നീട് ഇതില്‍ ഇറാനിയന്‍, ഇന്ത്യന്‍, മദ്ധ്യേഷ്യന്‍ രീതീകള്‍ കലര്‍ന്നു. സമാധാനത്തിനു പ്രധാന്യം നല്‍കിയിരുന്ന ബുദ്ധപ്രതിമകളും ബുദ്ധവിഹാരങ്ങളുമാണ് താലിബാന് തച്ചുടച്ചത്. ഇന്നും ശൂന്യമായ ആ ഗുഹകളുടെ അവശേഷിപ്പുകള്‍ താലിബാന് പ്രവൃത്തികളുടെ തെളിവായി ബാമിയന്‍ താഴ്വരയിലുണ്ട്.
പ്രണയം ഒരു കുറ്റമാണ്
അഫ്ഗാനിലെ സ്ത്രീകളുടെ ജയിലിനു പുറത്ത് മകളെയും കൊച്ചു മകനെയും കാത്തിരിക്കുന്ന ഒരു പിതാവിനെ കാണാം. കുഞ്ഞിനെ കളിപ്പിക്കുകയും മകളോട് സുഖവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു മടങ്ങുന്ന വൃദ്ധനാണ് ആറു വര്‍ഷം മുമ്പേയിറങ്ങിയ ‘ടു കില്‍ എ സ്പാരോ’എന്ന ഡോക്യുമെന്ററിയിലെ പ്രധാന മുഖം. ആ പെണ്‍കുട്ടി ചെയ്ത കുറ്റം ഒരാളെ പ്രണയിച്ചതും, പിതാവ് നിശ്ചയിച്ച വൃദ്ധനായ വരനെ സ്വീകരിക്കാതെ വീടുവിട്ടിറങ്ങിയതുമാണ്. അവളെ ജയിലിലടക്കാന്‍ കൂട്ടു നിന്നത് സ്വന്തം പിതാവും. അയാള്‍ അതിനുള്ള ന്യായീകരണമായി പറയുന്നത് പെണ്മക്കളില് പൂര്‍ണ അവകാശം പിതാവിനാണെന്നും അവള് സ്വയം ഭര്‍ത്താവിനെ തിരഞ്ഞെടുക്കുന്നത് ആചാരപ്രകാരം പാപമാണ് എന്നുമാണ്.
സ്വന്തം കുഞ്ഞിന്റെ ഭാവിയെ ഓര്‍ത്ത് ബുര്‍ഖയ്ക്കിടയിലൂടെ കണ്ണീര് വാര്‍ക്കുന്ന നിരവധി പെണ്‍കുട്ടികള്‍ അഫ്ഗാന് ജയിലുകളില്‍ മോറല്ക്രൈമിനുള്ള ശിക്ഷ അനുഭവിക്കുന്നുണ്ട്. ഇവിടെ നിലപാടുകളും ഇഷ്ടങ്ങളും മോറല്‍ ക്രൈമാണ്. അതിന് കൂട്ടു നില്‍ക്കുന്നത് സംരക്ഷണം നല്‍കേണ്ടിവരും.
അധിനിവേശത്തിന്റെ നാള്‍വഴികള്‍
സാമ്രാജ്യത്വത്തിന്റെ പടയോട്ടത്തില്‍ ലോകം യുഎസ്എസ്ആറിനും ബ്രിട്ടനും ചുറ്റും വലം വയ്ക്കുന്നകാലം. മധ്യേഷ്യയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇരുവര്‍ക്കും അഫ്ഗാനില്‍ പിടിമുറുക്കേണ്ടത് ആവശ്യമായിരുന്നു. അതിനായി ഇരുവരും നടത്തിയ കളികളുടെ ( ദി ഗ്രേറ്റ് ഗെയിം) ഫലമാണ് ഇന്നത്തെ അഫ്ഗാന് എന്ന് പറയേണ്ടി വരും. 1973ല്‍ മുഹമ്മദ് ദാവൂദ്ഖാന്‍ രാജഭരണം ഇല്ലാതാക്കി പട്ടാളത്തിന്റെ സഹായത്തോടെ ഭരണമേല്ക്കുകയും പിന്നീട് ഖാനെയും കുടുംബത്തെയും ഇല്ലാതാക്കി സോവിയറ്റ് സൗഹൃദ കമ്മ്യൂണിസ്റ്റ് ഭരണം വരികയും ചെയ്തു. നീണ്ട വര്‍ഷങ്ങള്‍ സോവിയറ്റ് ഭരണത്തില്‍ ശ്വാസം മുട്ടിയാണ് അഫ്ഗാന് കഴിഞ്ഞത്. ആ ഭരണകൂടത്തിനെതിരെ ഗ്രാമങ്ങളില്‍ മുജാഹിദീന്‍ സംഘങ്ങള്‍ ഉയര്‍ന്നു വന്നു. ഇവര്‍ക്കെതിരെ ഭരണകൂടം പ്രതികരിച്ചത് ഗ്രാമങ്ങളെ മൊത്തമായി ഇല്ലാതാക്കിയും അപകടകരമായ ആയുധങ്ങള്‍ പ്രയോഗിച്ചുമാണ്.
അന്നും തദ്ദേശവാസികള്‍ പലായനം ചെയ്തിരുന്നു. മുജാഹിദീനുകളെ വളര്‍ത്താന്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ആയുധവും പണവും നല്കി. മതവിശ്വാസത്തിന്റെ വിഷം കൂടി കുത്തിവച്ചതോടെ അഫ്ഗാനിലെ ഒരു തലമുറയുടെ നാശംകൂടി അവര്‍ ഉറപ്പാക്കി. സോവിയറ്റ് യൂണിയന് പിന്‍വാങ്ങുന്ന കാലത്ത് ചര്‍ച്ചയിലൂടെ യുദ്ധം ഒഴിവാക്കി ഭരണം പുനസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും പാക്ക് -അമേരിക്കന്‍ ഭരണകൂടങ്ങള്‍ അനുവദിച്ചില്ല.
മുജാഹിദീനുകള്‍ യുദ്ധം ചെയ്ത് അധികാരം പിടിച്ചെടുക്കണമെന്നാണ് അവര്‍ ആഗ്രഹിച്ചത്. മുജാഹിദീന്‍ ഭരണത്തില്‍ രാജ്യം കാടത്തത്തിലേക്ക് കൂപ്പുകുത്തിയ പിന്നീടുള്ള വര്‍ഷങ്ങളിലാണ് താലിബാന്റെ രംഗപ്രവേശം. ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന തത്ത്വം ശരിയത് നിയമങ്ങള്‍ പുന:സ്ഥാപിക്കുക എന്നതായിരുന്നു. പാകിസ്ഥാനില്‍ വളര്‍ന്ന അഫ്ഗാന് അഭയാത്ഥി വിദ്യാര്‍ത്ഥികളായിരുന്നു പ്രസ്ഥാനത്തിന്റെ ശക്തി. ഇവര്‍ അധികാരത്തില്‍ എത്തിയപ്പോള്‍ പാക്ക് ഐഎസിന്റെ പൂര്‍ണ പിന്തുണയും കിട്ടി. ശരിയത്ത് നിയമങ്ങളുടെ പേരില്‍ ന്യൂനപക്ഷങ്ങളെയും സ്ത്രീകളെയും ദുരിതത്തിലേക്ക് തള്ളിവിട്ട ഭരണമായിരുന്നു തുടര്‍ന്ന് അഫ്ഗാന് കണ്ടത്. ബിന്‍ലാദനെ തിരഞ്ഞെത്തിയ യുഎസ് സൈന്യം പിന്നീട് താലിബാനില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുകയായിരുന്നു.
ജോയമാര് ആക്രോശിക്കുന്നു
തെരഞ്ഞെടുക്കപ്പെട്ട അഫ്ഗാന് പ്രതിനിധിസഭയിലേക്ക് മലാലായ് ജോയ എന്ന പെണ്‍കുട്ടി കടന്നു ചെന്നപ്പോള്‍ താലിബാനെയും ശരിയത്ത് നിയമങ്ങളെയും മുറുകെപ്പിടിക്കുന്ന, ഒരു സംഘം പ്രതിനിധികള്‍ അവളെ ഒതുക്കാം എന്നാണ് കരുതിയത്.
എന്നാല്‍ തനിക്കും ചിലത് പറയാനുണ്ടെന്ന് അവള് ഉറച്ചു പറഞ്ഞു. ആരുമറിയാതെ കുഞ്ഞുങ്ങളില്‍ അക്ഷരവെളിച്ചമെത്തിച്ചു. ഒരു ഇരുണ്ട യുഗത്തില്‍ അവള് നടത്തിയ വിപ്ലവം ആവാം നാളത്തെ അഫ്ഗാന് വനിതകളുടെ പാഠപുസ്തകം.
ജീവിച്ചിരിക്കുന്നുണ്ടെന്ന് പുറം ലോകത്തെ അറിയിക്കാതെ സ്വന്തം മുഖം പോലും പുറത്തുകാട്ടാതെ ഒരു കടംകഥ പോലെ കഴിയേണ്ടി വന്നെങ്കിലും ജോയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ പിടിച്ചു പറ്റി. വിദേശ മണ്ണില്‍ സുരക്ഷിത ജീവിതം വച്ചു നീട്ടി പല രാജ്യങ്ങളും അവളെ വിളിച്ചെങ്കിലും ജനിച്ച മണ്ണില്‍ പടപൊരുതി നിന്ന ജോയയെയാണ് ഇന്നത്തെ ഒറ്റപ്പെട്ട ചെറുത്തു നില്പുകള് ഓര്‍മ്മിപ്പിക്കുന്നത്.
കാടന്മാരെന്നു വിളിച്ചു പിന്നോട്ട് നടത്താതെ മുന്നോട്ട് നീങ്ങാന്‍ അവര്‍ക്കു ശക്തി നല്‍കുകയാണ് വേണ്ടത്. ഒരു രാജ്യത്തിന്റെ കീഴിലുള്ള, അവരുടെ സംസ്കാരത്തിന്റെ അനുകരണമല്ല അഫ്ഗാന് ജനത ആഗ്രഹിക്കുന്നത്. ജനാധിപത്യഭരണത്തിനാണ് അവരെ പ്രാപ്തരാക്കേണ്ടത്.
ആ മാറ്റത്തിനുള്ള ജനമുന്നേറ്റമാണ് നടക്കേണ്ടത്. പുത്തന്‍ യുഗത്തിലേക്ക് അഫ്ഗാന് മിഴി തുറക്കുന്നതു ശരിയത്തിന്റെ മറപറ്റിയോ ന്യൂനപക്ഷത്തെയും സ്ത്രീകളേയും അടിച്ചമര്‍ത്തിയോ ആകരുത്. താലിബാന് തല്ലിക്കൊഴിക്കുന്നത് കേവലം പൂക്കളെയാണ്. വസന്തത്തിന്റെ വരവിനെ തടയാന്‍ അവര്‍ക്കാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: