എന്‍.ഹരീന്ദ്രന്‍ മാസ്റ്റര്‍
സൂര്യചന്ദ്രന്മാരെപ്പോലെ രണ്ട് ഉജ്ജ്വല ദീപനാളങ്ങള്‍ പ്രസരിക്കുന്ന പവിത്രവേദി. കലാപ്രപഞ്ചത്തിന്റെ സൃഷ്ടിയില്‍ കര്‍മ്മ പ്രപഞ്ചത്തിന് പ്രതീകാത്മക പ്രതീതി സമ്മാനിച്ച രണ്ട് പേര്. സ്ഥലകാല സീമയില്ലാത്ത കലാലോകത്തിന്റെ വിശ്വമഹാമണ്ഡലത്തെ അടയാളപ്പെടുത്തുന്ന രണ്ട് പേര്. വൃദ്ധിയുള്ള ഇരുവര്‍. ഒരാള്‍ വരയും വര്‍ണ്ണവും കൊണ്ട് മായികഭാവം തീര്‍ക്കുന്നുവെങ്കില്‍ മറ്റൊരാള്‍ കണ്ണും കയ്യും കാലും താളത്തിനൊത്ത് ചലിപ്പിച്ച് ഹസ്തമുദ്രകളുടെ കാണാപ്പുറങ്ങള്‍ കളിവിളക്കിന് മുമ്പില്‍ വിരിയിച്ച് വിസ്മയിപ്പിച്ച അഭിനയ കുലനാഥന്, കലാമണ്ഡലം ഗോപിയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും.വേദി ബാലഗോകുലത്തിന്റെ ജന്മാഷ്ടമി പുരസ്കാര സമര്‍പ്പണ സമ്മേളനം.
സമസ്തകലകളേയും ആവാഹിച്ച് ജീവിതം തന്നെ കലയാക്കിയ, ഏത് വേദനയും ഒരു മന്ദസ്മിതത്തില്‍ അലിയിച്ചെടുത്ത പരം പുരുഷനാണ് ശ്രീകൃഷ്ണന്. കൃഷ്ണാര്‍പ്പണമായി എത്രയോ പുരസ്കാരങ്ങള്‍ നിലനില്ക്കുന്നു. പലതും നിലച്ച് പോയിട്ടുമുണ്ട്.കാരുണ്യപുരുഷനായ കാര്‍മേഘവര്‍ണ്ണനെ മനസ്സില്‍ ഉപാസിച്ച് അഞ്ച് ലക്ഷത്തോളം കുരുന്നുകള്‍ ‘കരുണാമുരളീധാര’ എന്നുരുവിട്ട് ബാല്യത്തെ തീര്ത്ഥാടനഭാവത്തോടെ ആനന്ദിപ്പിച്ച് ആസ്വദിപ്പിച്ച് സുകൃതമണയ്ക്കുന്ന ബാലഗോകുല കുടുംബം. കുടുംബനാഥനായ വൃന്ദാവനക്കണ്ണന്‍ വാക്കുകളിലൂടെ, വരികളിലൂടെ, നാദത്തിലുടെ, വരയിലൂടെ, വര്‍ണ്ണങ്ങളിലൂടെ, അഭിനയത്തിലൂടെ അര്‍ച്ചനാ കുസുമങ്ങള്‍ അര്‍പ്പിക്കുന്ന, ആവിഷ്കരിക്കുന്ന ഗുരുസമക്ഷം സമര്‍പ്പിക്കുന്ന ജന്മാഷ്ടമി പുരസ്കാരത്തിന് വിശുദ്ധി ഏറെയാണ്. 1168 ചിങ്ങമാസം ഒന്നിന് ഗുരുപവനപുരിയില്‍ നിന്ന് പ്രവഹിച്ച് തുടങ്ങിയ പുരസ്കാരം കാല് നൂറ്റാണ്ട് പൂര്‍ത്തിയാക്കി വടക്കുംനാഥന്റെ പാറമേക്കാവിലമ്മയുടെ ഒരു വിളിപ്പാടകലെയാണെങ്കിലും വാതാലയേശന്റെ സന്നിധിയില്‍ എത്തിനില്‍ക്കുന്നു. ഒരേ ഭാവനയോടെചന്തം ഒട്ടും ചോര്‍ന്നുപോകാതെ നന്മയുടെ നാള് വഴികളിലൂടെ പ്രവഹിച്ച് കേരളത്തിന്റെ സാംസ്കാരിക കേദാരഭൂമിയായ തൃശ്ശിവപേരൂരില്‍ സംഗമിക്കുമ്പോള്‍ ഓര്‍ത്തെടുക്കാനും ഓര്‍മ്മിപ്പിക്കാനും ഒട്ടേറെയുണ്ട്.
ആരവങ്ങളും ആര്‍പ്പുവിളികളുമായി മണല്‍ത്തരികളെപ്പോലും ഉന്മാദം കൊള്ളിക്കുന്ന കൈവല്യസന്ദായകമായ ഒരു ഉജ്ജ്വല മുഹൂര്‍ത്തത്തില്‍ പുരസ്കാരത്തിന്റെ രജതോത്സവത്തിന് കൊടിയിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നു. ആയിരം പൂര്ണ്ണചന്ദ്രന്മാരെ കണ്ട് വണങ്ങി ആയുസ്സ് സാര്‍ത്ഥകമാക്കി കലയുടെ കുലീനമായ മിഴി തുറന്ന് കളിവിളക്കിന് മുമ്പില്‍ വിസ്മയം തീര്‍ത്ത കലാമണ്ഡലം ഗോപിയാശാന് ഇരുപത്തി അഞ്ചാമത് പുരസ്കൃതനാകുമ്പോള്‍ ബാലഗോകുലവും പുരസ്ക്കരിക്കപ്പെടുകയാണ്.യാദൃശ്ച്ഛികത ഒട്ടേറെ അവകാശപ്പെടാവുന്ന ഒരു മുഹൂര്‍ത്തമാണിത്. 1168 ചിങ്ങം ഒന്നിന് ഗുരുവായൂര്‍ നടയില്‍ ബ്രഹ്മസൂത്രഭാഷ്യകാരനും വേദാന്തിയുമായ സ്വാമി മൃഡാനന്ദയില് നിന്ന് സുഗതകുമാരി ടീച്ചര്‍ പ്രഥമ പുരസ്കാരം ഏറ്റുവാങ്ങി. 1197 ചിങ്ങം പത്ത് ഇരുപത്തി അഞ്ച് ആണ്ടും 9 ദിവസവും പിന്നിടുമ്പോള്‍ ഗുരുവായൂരപ്പന്റെ വാത്സല്യമുക്തധാര ആവോളം അനുഗ്രഹിച്ച് കിട്ടിയ ഗോപിയാശാന് പ്രശോഭിക്കുകയാണ്. അദ്ദേഹത്തിന് ശതാഭിഷേക സ്മരണകളായി ജന്മാഷ്ടമി പുരസ്കാരം സമര്‍പ്പിക്കുന്നു. ഈ വേള അതിജീവനത്തിന്റെ നാളുകളെ അനുസ്മരിപ്പിക്കുന്നതാണ്.
കൊവിഡ് ഭീതിമൂലം ലോകം വിറങ്ങലിച്ച് നില്‍ക്കുകയാണ്. ഇച്ഛയ്ക്കൊത്ത വണ്ണം എന്തും അസാധ്യമാകുന്ന ഭയവും ശങ്കയും അന്യഥാ അലട്ടുന്നു. കലകളുടെ കലയായ കഥകളിയിലെ മുമ്പനാണ് പുരസ്കൃതനായ മഹാത്മാവ്. അദ്ദേഹം കലാലോകത്ത് ബഹു വിധവേഷങ്ങള് സമ്മാനിച്ചുവെങ്കിലും നളചരിതത്തിന്റെ നായകനെയാണ് അനശ്വരനാക്കിയത്. നളചരിതം അതിജീവനത്തിന്റെ കഥയുമാണ്. പാണ്ഡവരുടെ വനവാസകാലത്ത് താനനുഭവിക്കുന്ന ഭാഗ്യദോഷങ്ങളെപ്പറ്റി പരാതിപ്പെടുന്ന ധര്മ്മപുത്രരോട് ബ്രഹദേശ്വരന് എന്ന മാമുനി പറയുന്ന കഥയായിട്ടാണ് വ്യാസ മഹാഭാരതത്തില്‍ നള ചരിതത്തെ ഇണക്കിചേര്‍ത്തിരിക്കുന്നത്. ഇതിലും കഠിന ദു:ഖങ്ങള്‍ പേറേണ്ടി വന്നവര്‍ അനവധിയുണ്ടെന്ന് മാമുനി ആശ്വസിപ്പിക്കുന്നു. അത് ധര്‍മ്മപുത്രര്‍ക്ക് മാത്രമല്ല ഏവര്‍ക്കും ബാധകമായ ഒരു മുന്നറിയിപ്പ് കൂടിയാണ്. എത്ര സത്യവ്രതനായാലും നീതിമാനായാലും കരുതിയിരിക്കുക; നിഴല്‍ പോലെ പിന്തുടരാന് വിപത്തുകളാകുന്ന ‘കലി’ ഒപ്പമുണ്ട്. ഇത് പൗരാണികമായ ഒരു കേവല കഥ എന്ന് തള്ളിക്കളയാനാകില്ല. കാലാതിവര്‍ത്തിയായ ഒരു സന്ദേശം ഈ കഥയിലുണ്ട്. നാം ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ നല്ല ഉദാഹരണം.
‘വിഷാദം വെടിയാം വിജയം വരിക്കാം’ എന്ന ഈ വര്‍ഷത്തെ ജന്മാഷ്ടമി സന്ദേശവും നളചരിത സന്ദേശവും അത് അരങ്ങില്‍ സാര്‍ത്ഥകമാക്കിയ പുരസ്കൃതനായ ഗോപിയാശാനുമൊക്കെ കേവലം യാദൃച്ഛികതയ്ക്കപ്പുറമുള്ള കാലനീതിയായി കരുതേണ്ടതാണ്.കൃഷ്ണനായും ഭീമനായും അര്‍ജ്ജുനനായും കര്‍ണ്ണനായും സര്‍വ്വോപരി നളനായും പരിശോഭിച്ച ഗോപിയാശാന് നവരസങ്ങളാല്‍ പുടപാകം ചെയ്ത് ശുദ്ധിചെയ്തെടുത്ത അഭിനയ പ്രതിഭയാണ്.
‘കുംഭേ നിറഞ്ഞു നീരം
കുതുകെമത്രയും പാരം
ദംഭം കൂടാതെ ഘോരം ദഹനന്‍
കത്തിയുദാരം…’
എന്ന് ഭൈമീതോഴിയായ കേശിനി ബാഹുക വേഷധാരിയായ നളനെ കണ്ട് വിസ്തരിക്കുമ്പോള്‍ ”നൈഷധന്‍ ഇവന് താന്‍ ഒരീഷലില്ലാമേ നിര്‍ണ്ണയം” എന്ന് ദമയന്തി സമാശ്വസിക്കും പോലെ ആയിരങ്ങള്‍ ഉള്ളതുകൊണ്ട് കല്പിച്ച്തന്ന മഹാനടനാണ് ഗോപിയാശാന്. മലയാളികളുടെ ശാകുന്തളം എന്ന ഓമനപ്പേര് നല്കി എ.ആര്.രാജരാജവര്‍മ മുതല്‍ക്ക് എത്രയോ പണ്ഡിതന്മാര് വ്യാഖ്യാനം കൊടുത്ത് പരിപാലിച്ച് പോന്ന നളചരിതത്തെ അഭിനയപാഠത്തിലൂടെ അനശ്വരമാക്കിയ ഗോപിയാശാന് തന്റെ ശതാഭിഷേക നിറവില്‍ ഏറ്റ് വാങ്ങുന്ന ജന്മാഷ്ടമി പുരസ്കാരം ഹൃദയശുദ്ധിയുടെ ഘനം തൂങ്ങുന്ന വൈകാരികതയുടെ കീര്‍ത്തി മുദ്രയാണ്.
നാളിതുവരെ പുരസ്ക്കാരയവരെല്ലാം താന്താങ്ങളുടെ മേഖലകളില്‍ വൈദഗ്ധ്യം തെളിയിച്ചവര്‍ തന്നെ. ഗോപിയാശാനടക്കം കഥകളിലോകത്ത് നിന്ന് രണ്ട്പേര് പുരസ്കൃതരായി. അവര്‍ രണ്ട് ചിട്ടകളെ പിന്തുടര്ന്ന് പോന്നവരാണ്. കല്ലുവഴിചിട്ടയും കപ്ലങ്ങാടന്‍ ചിട്ടയും. ഗോപിയാശാന് കല്ലുവഴിചിട്ടയെ ഉപാസിച്ചപ്പോള്‍ അദ്ദേഹത്തിന് ഗുരു സദൃശനായ ചേമഞ്ചേരി കുഞ്ഞിരാമന്‍നായര്‍ കപ്ലങ്ങാടന്‍ ചിട്ടയെ പിന്തുടര്‍ന്ന പ്രതിഭയാണ്. ഇരുവരും ബാലഗോകുലവേദിയില് തിളങ്ങിയെന്നത് ബാലഗോകുലത്തിന് കൈവന്ന വിശിഷ്ടപുരസ്കാരമാണ്. ഇത്രയധികം സാംസ്കാരിക പ്രതിഭകളും ഗുരുനാഥന്മാരും അനുഗ്രഹിക്കാനെത്തിയ മറ്റൊരു ചടങ്ങ് ദുര്ലഭമെന്നേ പറയേണ്ടു. അതില്‍ പുരസ്കൃതനായ ഗോപിയാശാനെ ആശിര്വദിയ്ക്കാനും പുരസ്കാരം സമര്‍പ്പിക്കാനും എത്തിയ ആര്‍ട്ടിസ്റ്റ് നമ്പൂതിരി. വരകളുടെ മായാക്കാഴ്ചകളാണ് ഉദാത്തമായ തൂലികയിലൂടെ പിറന്ന് വീണത്. ഞാന്‍ ഇന്നോളം ലോകത്ത് ദര്‍ശിച്ചിട്ടുള്ള മനോഹരമായ അഞ്ച് വസ്തുക്കളില്‍ ഒന്ന് കലാമണ്ഡലം ഗോപിയുടെ പച്ചയാണെന്ന് പ്രശംസിച്ച ഒരേ ഒരാള്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയാണ്. പുരസ്കാര സമര്‍പ്പണ സമ്മേളനത്തിന് നായകത്വം കൊടുക്കാനെത്തിയ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എം.പി.സുരേന്ദ്രനും കഥകളി ഉപാസകനായ രാജീവ് മേനോനും സിനിമാലോകത്തെ ഭാവാഭിനയ പ്രതിഭകളായ നെടുമുടിവേണു, മഞ്ജു വാര്യര്‍ ഋഷി സമാനമായ ചിത്രന് നമ്പൂതിരിപ്പാട്, മേളകലയിലെ തൃശൂര്‍ പെരുമപെരുവനം കുട്ടന് മാരാര്‍, കലാമണ്ഡലം ക്ഷേമാവതി , പി.കെ. ജി നമ്പ്യാര്‍ അങ്ങനെ അങ്ങനെ ചിരസ്മരണീയരായ ഉന്നത വ്യക്തിത്വങ്ങള്‍ സമന്വയിച്ചപ്പോള്‍ ഉണ്ടായ വശ്യാനുഭൂതി. കാലം ഒരുക്കിത്തന്നെ കമനീയ മുഹൂര്‍ത്തത്തിന് നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: