കൊച്ചി: സേവാഭാരതിയെ സേവന പ്രവര്‍ത്തനങ്ങളില്‍നിന്ന് വിലക്കിയ കമ്യൂണിസ്റ്റ് സര്ക്കാര്രാഷ്ട്രീയ നടപടികള്‍ റദ്ദാക്കി കേരള ഹൈക്കോടതി. അപകടകരമായ കൊവിഡ് കാലത്തും ആരോഗ്യ സേവന പ്രവര്‍ത്തനത്തിന് തയാറായ സേവാഭാരതിയെ വിലക്കിക്കൊണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ ഇറക്കിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.
കേന്ദ്ര ആയുഷ് മന്ത്രാലയം കൊവിഡ് ബാധിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് ചികിത്സയ്ക്ക് ആയുഷ് 64 മരുന്ന് തയാറാക്കി രാജ്യവ്യാപകമായി വിതരണത്തിനെത്തിച്ചു. മരുന്നു വിതരണം എന്‍ജിഒകള്‍ വഴിനടത്താനും നിര്‍ദേശിച്ചു. അതനുസരിച്ച് കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ തലവന്‍കൂടിയായ കളക്ടറെ വിതരണ സന്നദ്ധത അറിയിച്ച് സേവാ ഭാരതി സമീപിച്ചു. മറ്റാരും രോഗബാധ ഭയന്ന് തയാറാകാഞ്ഞപ്പോഴാണ് സേവാഭാരതി എത്തിയത്. മെയ് 24 ന് സേവാഭാരതിയെ നിയോഗിച്ച് കളക്ടര്‍ ഉത്തരിവിറക്കി. വാര്‍ത്ത വന്‍ പ്രചാരം നേടിയപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തില്‍ പിണറായി സര്‍ക്കാര്‍ ഇടപെട്ട് കളക്ടറുടെ ഉത്തരവ് റദ്ദ് ചെയ്യിച്ചു. ഈ റദ്ദാക്കല്‍ ഉത്തരവാണ് കോടതി റദ്ദാക്കിയത്.
സേവാഭാരതി രാഷ്ട്രീയ പക്ഷമുള്ള സംഘടനയാണെന്നും അവര്‍ സേവന പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ അടയാളങ്ങള്‍ വിനിയോഗിക്കുന്നുവെന്നും മറ്റും ഗ്രാമപഞ്ചായത്ത് അംഗം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി. എന്നാല്‍ ഇതിനെതിരേ സേവാ ഭാരതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അഡ്വ. വി.എന്‍. ശങ്കര്‍ മുഖേന ഫയല്‍ ചെയ്ത ഹര്‍ജി, മൂന്ന് ജസ്റ്റീസുമാര്‍ പരിഗണിച്ച് നാലാം ജസ്റ്റീസാണ് ഇന്നലെ വിധി പറഞ്ഞത്. വിധിയില്‍ നാല് പ്രധാന കാര്യങ്ങള്‍ പരാമര്‍ശിക്കുന്നു.
ഒന്ന്: സേവാഭാരതി രാഷ്ട്രീയ ബന്ധമുള്ള സംഘടനയല്ല, മാനുഷിക സേവന പ്രവര്‍ത്തനങ്ങളില്‍ വര്‍ഷങ്ങളായി മുഴുകിയിരിക്കുന്നു.
രണ്ട്: സേവന പ്രവര്‍ത്തനങ്ങളില്‍ അവര്‍ ഒരു രാഷ്ട്രീയ അടയാളങ്ങളും പ്രദര്‍ശിപ്പിക്കാറില്ല. മൂന്ന്: കണ്ണൂര്‍ ജില്ലാ കളക്ടര്‍ സേവാഭാരതിയുടെ അഭിപ്രായം കേള്‍ക്കാതെ ഏകപക്ഷീയമായാണ് തീരുമാനമെടുത്തത്. നാല്: ചില പരാതികള്‍ കിട്ടിയപ്പോള്‍ നടപടിയെടുത്തു, അതേക്കുറിച്ച് അന്വേഷണമേ നടത്തിയില്ല. മാത്രമല്ല, സേവാഭാരതിക്ക് നിഷേധിച്ച അവസരം രാഷ്ട്രീയ ബന്ധം സമ്മതിക്കുകയും തെളിയിക്കുകയും ചെയ്ത സംഘടനക്ക് നല്‍കുകയും ചെയ്തു.
വിധിയില്‍ സേവാഭാരതി ദേശീയതലത്തിലും സംസ്ഥാനത്തും ചെയ്യുന്ന വിപുലമായ സേവന പ്രവര്‍ത്തനങ്ങളും സംവിധാനങ്ങളും സംബന്ധിച്ച വിവരണവുമുണ്ട്.
സേവാഭാരതിക്കെതിരെ സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചില്ല. ഇതോടെയാണ് സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരുപാധികം തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: