കാബൂള്‍: അഫ്ഗാനിലെ 34 പ്രവിശ്യകളില്‍ ഇനിയും തോല്‍ക്കാത്ത പഞ്ച് ശീര്‍ പ്രവിശ്യ എളുപ്പം കീഴടക്കാമെന്ന താലിബാന്റെ മോഹം പൊളിച്ചത് താലിബാന്‍ വിരുദ്ധ സേനയുടെ യുദ്ധതന്ത്രജ്ഞന്‍ അമീര്‍ അക്മല്‍. അടിമുടി കരുത്തിന്റെ പര്യായമാണ് ഈ താലിബാന്‍ വിരുദ്ധ സേനാ കമാന്‍ഡര്‍.
താലിബാനെതിരെ പോരാടുന്നതിന് പഞ്ച്ശീറിലെ യുവസൈനികര്‍ക്ക് ആവേശം പകരുന്നത് കമാന്‍ഡന്‍ അമീര്‍ അക്മലാണ്. ആര്‍ക്കും എളുപ്പത്തില്‍ ആക്രമിച്ചെത്താന്‍ കഴിയാത്തവിധം ദുര്‍ഗമമായ പഞ്ച് ശീര്‍ താഴ് വരയിലെ താലിബാന്‍ വിരുദ്ധസേനയുടെ കടിഞ്ഞാണ്‍ കയ്യിലേന്തുന്നത് ഇദ്ദേഹമാണ്.
‘താലിബാന്‍ വിരുദ്ധസേനയില്‍ ചേരുന്നവരില്‍ അധികവും യുവാക്കളാണ്. പട്ടാളക്കാരും മുന്‍ ജിഹാദി കമാന്‍ഡര്‍മാരും പരിചയസമ്പന്നരാണ്. യുദ്ധത്തിനുള്ള എല്ലാ ആധുനിക പടക്കോപ്പുകളും ഞങ്ങളുടെ പക്കലുണ്ട്. താലിബാനുമായി യുദ്ധത്തിനായാലും സമാധാനത്തിനായാലും ഞങ്ങള്‍ തയ്യാറാണ്,’ അമീര്‍ അക്മല്‍ പറയുന്നു.
ഹിന്ദുക്കുഷ് മലനിരകളില്‍ ഒളിഞ്ഞുകിടക്കുന്ന പഞ്ച് ശീര്‍ താഴ് വര ആര്‍ക്കും തുളച്ചുചെല്ലാന്‍ കഴിയാത്ത കോട്ടയാണ്. ഉയര്‍ന്ന പര്‍വ്വതനിരകള്‍, ഇടുങ്ങിയ താഴ് വരകള്‍, മുറിച്ച് കടക്കാന്‍ കഴിയാത്ത വിധം ഈ പ്രദേശത്തെ ചുറ്റിയൊഴുകുന്ന പഞ്ച് ശീര്‍ പുഴ. പഞ്ച് ശീര്‍ താഴ് വരയിലേക്ക് കടക്കാവുന്ന എല്ലാ റോഡുകളിലും പോരാളികള്‍ ആയുധങ്ങളേന്തി ജാഗ്രതയോടെ താലിബാന്റെ രക്തത്തിനായി കാത്തിരിക്കുന്നത്.
താലിബാന് മുന്നില്‍ മുട്ടുമടക്കാന്‍ ഒരുക്കമില്ലാത്തവരാണ് താജിക് പോരാളികള്‍. ഏകദേശം പരിശീലനം നേടിയ 9,000 പോരാളികള്‍ ഇവിടെയുണ്ട്. അഹമ്മദ് മസൂദും അഫ്ഗാന്‍ മുന്‍ വൈസ് പ്രസിഡന്റ് അംറുല്ല സാലേയുമാണ് താലിബാന്‍ വിരുദ്ധസേനയുടെ നേതൃനിരയില്‍. പക്ഷെ യുദ്ധതന്ത്രങ്ങള്‍ നടപ്പാക്കുന്നത് കമാന്‍ഡര്‍ അമീര്‍ അക്മല്‍.
‘പഞ്ച് ശീറിന്റെ ഒരു ഭാഗം പിടിച്ചെന്ന താലിബാന്റെ വാദം നുണയാണ്. ഇവിടുത്തെ പോരാളികള്‍ക്ക് നല്ല വീര്യമുണ്ട്. ഞങ്ങള്‍ക്ക് തന്നെയാണ് പഞ്ച് ശീറിന്റെ നിയന്ത്രണം. പ്രതിരോധത്തിന്റെ ആത്മാവ് വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. താലിബാനുമായി അര്‍ത്ഥപൂര്‍ണ്ണമായ സമാധാന ചര്‍ച്ചകള്‍ക്ക് ഒരുക്കമാണ്,’ കമാന്‍ഡര്‍ അമീര്‍ അക്മല്‍ പറയുന്നു.
താലിബാന്‍ വിരുദ്ധസേനയെ എളുപ്പം കീഴടക്കാനാവില്ലെന്ന് മനസ്സിലാക്കിയതോടെ താലിബാന്‍ ഇപ്പോള്‍ പഞ്ച് ശീറിലെ സേനാനേതാക്കളോട് സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറായിരിക്കുകയാണെന്ന് അറിയുന്നു. 40 താലിബാന്‍ നേതാക്കള്‍ സമാധാന ചര്‍ച്ച നടത്തിവരുന്നുവെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: