കാബൂള്‍: പഞ്ച്ശീറിലെ ചെറുത്തുനില്‍പ്പിന് മുന്നില്‍ താലിബാന് വഴങ്ങുന്നതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ 40ഓളം താലിബാന് നേതാക്കള്‍ വടക്കന്‍ മുന്നണി (നോര്‍ത്തേണ്‍ അലയന്‍സ്)യുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു.
താലിബാന് സേന ഒന്നടങ്കം പഞ്ച്ശീറിലേക്ക് മാര്‍ച്ച് ചെയ്തിരുന്നെങ്കിലും അഫ്ഗാന് മുന്‍ വൈസ് പ്രസിഡന്റ് സാലേയും താലിബാന് വിരുദ്ധസേനയുടെ തലവന്‍ മസ്സൂദും ശക്തമായി തിരിച്ചടിച്ചു. ആദ്യമൊക്കെ താലിബാന് മുന്നേറ്റമുണ്ടായെങ്കിലും തിരിച്ചടികള്‍ക്ക് മുന്നില്‍ താലിബാന് പിടിച്ചുനില്ക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ആദ്യം പഞ്ച് ശീറിലേക്കുള്ള ഭക്ഷണം തടഞ്ഞുകൊണ്ട് താലിബാന് വിരുദ്ധസേനയെ തളര്‍ത്താന്‍ തന്ത്രം പയറ്റിയെങ്കിലും അത് പൂര്‍ണ്ണമായും വിജയിച്ചില്ല.
ഒടുവില്‍ മറ്റ് ഗത്യന്തരമില്ലാതെ താലിബാന് സേന സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോട്ട് വന്നിരിക്കുകയാണ്. 40 താലിബാന് നേതാക്കള്‍ സമാധാന ചര്‍ച്ചകള്‍ നടത്തുന്നതായി അറിയുന്നു. എന്തൊക്കെ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് അറിവില്ല. ‘രണ്ട് വഴിയേ താലിബാന് മുന്നിലുള്ളൂ. ഒന്നുകില്‍ ഖൊറാസന്‍ ജനതയുടെ മൂല്യങ്ങള്‍ അവര്‍ സ്വീകരിക്കുക. അതല്ലെങ്കില്‍ ശക്തമായ ചെറുത്തുനില്‍പ്പ് പ്രഖ്യാപിക്കും.’ – താലിബാന് വിരുദ്ധ സേന ട്വിറ്ററില്‍ കുറിച്ചു. ‘ചര്‍ച്ചകളിലൂടെ മുന്നേറാനേ സാധിക്കൂ എന്ന കാര്യം താലിബാനെക്കൊണ്ട് സ്വീകരിപ്പിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്,’ അഹ്മദ് മസ്സൂദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: