ന്യൂദല്‍ഹി: ചരിത്രത്തിലെ ഏറ്റവും വലിയ ഹിന്ദു കൂട്ടക്കൊലയാണ് 1921ല്‍ മലബാറില്‍ നടന്നതെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ കണ്‍വീനര്‍ ജെ. നന്ദകുമാര്‍. എഴുത്തുകാരനായ ഡോ. ബി.എസ്. ഹരിശങ്കറിന്റെ ബിയോണ്ട് റാംപേജ് ബുക്കിന്റെ പ്രകാശന ചടങ്ങിനോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ജെ. നന്ദകുമാര്‍.
ചില കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു ഇതെന്ന് പറയുമ്പോള്‍ കമ്യൂണിസ്റ്റുകാര്‍ കാര്‍ഷിക കലാപമായിരുന്നുവെന്ന് പ്രചരിപ്പിക്കുന്നു. ഇസ്ലാമിക ഭീകരവാദമാണ് അന്നവിടെ നടന്നതെന്ന് ദേശീയവാദികള്‍ തെളിവു സഹിതമാണ് വ്യക്തമാക്കുന്നത്. ഖിലാഫത്ത് കമ്മിറ്റി പ്രസിദ്ധീകരിച്ച ഖിലാഫത്ത് പ്രകടന പത്രികയില്‍ ഇസ്ലാമിക രാജ്യം ഇസ്ലാമിന് കീഴില്‍ വേണമെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഭാരതത്തെപ്പറ്റിയോ ഭാരതത്തിന്റെ സ്വാതന്ത്ര്യസമരത്തെപ്പറ്റിയോ ഒരു വരി പോലും പത്രികയിലില്ല. ബ്രിട്ടീഷുകാരാരും ഇതില്‍ കൊല്ലപ്പെട്ടില്ല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നു കലാപമെങ്കില്‍ ഹിന്ദുക്കള്‍ എങ്ങനെയാണ് കൊല്ലപ്പെടുന്നത്. 9000-10000 ആളുകള്‍ കൊല്ലപ്പെട്ടെന്നാണ് അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമികളുടെ ലക്ഷ്യമായി. നിരവധി ക്ഷേത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. ആയിരക്കണക്കിന് ആളുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരായി. ഇവരെ തിരികെ എത്തിച്ചത് ആര്യസമാജം പ്രവര്‍ത്തകരായിരുന്നു. 2500ലേറെ പേരെ അവര്‍ തിരികെ കൊണ്ടുവന്നു. സ്വാതന്ത്ര്യസമരവും നിര്‍ബന്ധിത മതപരിവര്‍ത്തനവും തമ്മില്‍ എന്താണ് ബന്ധം. ചരിത്രകാരനായ ആര്.ജി. മജൂംദാര്‍ പറയുന്നത്, സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണക്കാക്കണമെങ്കില്‍ ഭാരതത്തിന്റെ പാരമ്പര്യവുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം ആ സമരത്തിന് വേണമെന്നാണ്. എന്നാല്‍ ഇതില്‍ അത്തരത്തിലുള്ള യാതൊന്നും ഭാരതവുമായിട്ടില്ല. തുര്ക്കിയുമായായിരുന്നു ഇവരുടെ ബന്ധം.
ജന്മിമാരോടുള്ള വിരോധമായിരുന്നു കലാപ കാരണമെന്ന വാദം തകരുന്നത് അക്കാലത്ത് മലബാറില്‍ സാമ്പത്തികമായി ഉന്നതിയില്‍ നിന്ന മുസ്ലിം ജന്മിമാരില് ആരും തന്നെ കൊല്ലപ്പെടുകയോ അക്രമിക്കപ്പെടുകയോ കൊള്ളയ്ക്ക് വിധേയരാവുകയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മൂലമാണ്. വ്യാപാര-വാണിജ്യ മേഖലയില്‍ മുസ്ലിംകള് അക്കാലത്തേ പ്രബലരായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെ യാതൊരു നീക്കവുമുണ്ടായില്ല. ജന്മിമാര്‍ക്കെതിരായിരുന്നു കലാപമെങ്കില്‍ മലബാറിലെ ഈഴവ സമൂഹവും ചാലിയന്മാരും എങ്ങനെ കലാപകാരികളുടെ ഇരയായി. അതുകൊണ്ടുതന്നെയാണ് 1921ലെ താലിബാനി ആക്രമണമായി മാപ്പിളക്കലാപത്തെ വിലയിരുത്തുന്നതെന്നും ജെ. നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസിലെ പ്രൊഫ. ഹീരാമന്‍ തീവാരി, ഡോ.ബി.എസ് ഹരിശങ്കര്‍, ഓര്‍ഗനൈസര്‍ എഡിറ്റല്‍ പ്രഫുല്ല കേത്ക്കര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: