ന്യൂദല്‍ഹി : താലിബാന് ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഇന്ത്യയിലേക്ക് അഫ്ഗാന് പൗരന്മാര്ക്ക് വരണമെങ്കില്‍ ഇ വിസയ്ക്ക് അപേക്ഷിക്കണമെന്ന് ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍. ഇതുവരെ വിസ ലഭ്യമാക്കിയിട്ടും വരാത്തവരടക്കമുള്ളവരുടെ വിസ മുന്‍കാല പ്രാബല്യത്തോടെ റദ്ദാക്കിയെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പുതിയ സാഹചര്യം പരിഗണിച്ച് അഫ്ഗാന് പൗരന്മാര്ക്കായി കേന്ദ്രം അടിയന്തിരമായി വിസ അനുവദിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം റദ്ദാക്കുകയാണെന്നും ഇ വിസയ്ക്ക് അപേക്ഷിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ എല്ലാ സംവിധാനങ്ങളും ഇ-വിസയിലേക്ക് മാറ്റിയിരിക്കുകയാണ്. വിസ നല്‍കുന്നവരുടെ വിവരം ഇന്ത്യയ്ക്കൊപ്പം ഐക്യരാഷ്ട്രസഭയ്ക്കും കൈമാറും. അഫ്ഗാനിസ്ഥാന് താലിബാന് കൈയ്യേറിയതോടെ നിരവധി പേരുടെ പാസ്പോര്ട്ടുകള് നഷ്ടപ്പെട്ടതും രാജ്യത്തേയ്ക്ക് ഭീകരര്‍ നുഴഞ്ഞുകയറാന്‍ സാധ്യത യുള്ളതും കണക്കിലെടുക്കാണ് തീരുമാനം.
ഇന്ത്യാ വിസാ ഓണ്‍ലൈന്‍ എന്ന കേന്ദ്രസര്‍ക്കാറിന്റെ സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിമാനത്താവളത്തില്‍ എത്തിപ്പെട്ട് ഇന്ത്യയില്‍ അഭയം തേടണം എന്നാഗ്രഹിക്കുന്ന അഫ്ഗാന് പൗരന്മാരുടെ കാര്യത്തിലാണ് ഈ-വിസ ബാധകമാവുക. മറ്റ് വിദേശരാജ്യങ്ങളില്‍ സുരക്ഷിതമായി എത്തിപ്പെട്ട പലരും ഇന്ത്യയിലേക്ക് വരാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ അഫ്ഗാനില്‍ കുടുങ്ങിയവരെ ഇന്ത്യയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. രണ്ടു ദിവസം കൊണ്ട് 250 ലധികം പേരെയാണ് ഇന്ത്യ മടക്കിക്കൊണ്ടുവന്നത്. ഇതില്‍ അഫ്ഗാന് വംശജര്‍ 50 താഴെ മാത്രമാണുള്ളത്. വിവിധ കമ്പനികള്‍ക്കായി അഫ്ഗാനില്‍ ജോലിചെയ്തിരുന്നവരെയാണ് രാജ്യത്തേയ്ക്ക് ഇപ്പോള്‍ തിരിച്ചെത്തിക്കുന്നത്. കഴിഞ്ഞ ദിവസവും അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ കാബൂളില്‍ നിന്നും താജിക്കിസ്ഥാനിലെത്തിച്ച് ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവര്‍ക്കൊപ്പം സിഖ് മതഗ്രന്ഥവും ദല്‍ഹിയില്‍ എത്തിച്ചു. കേന്ദ്രമന്ത്രിമാരുടെ സംഘം എത്തിയാണ് ഇവരെ സ്വീകരിച്ചത്. വ്യോമസേനയുടെ നേതൃത്വത്തിലാണ് അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കല്‍ തുടരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: