കൊച്ചി: കരള്‍ പകുത്തു നല്‍കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത, മുറിപ്പാടുകള്‍ ഇല്ലാത്ത വേദന തീരെക്കുറവുള്ള തരം ശസ്ത്രക്രിയകള്‍ക്ക് പ്രചാരമേറുന്നു. റോബോട്ടിക് സഹായത്തോടെയുള്ള കീഹോള്‍ ശസ്ത്രക്രിയയാണിത്. സാധാരണ ശസ്ത്രക്രിയയ്ക്ക് പകരം ഡാവിഞ്ചി സര്‍ജിക്കല്‍ സിസ്റ്റം ഉപയോഗിച്ചുള്ള ശസ്ത്രക്രിയയാണിത്.
ബന്ധുക്കള്‍ക്കോ, സുഹൃത്തുക്കള്‍ക്കോ വേണ്ടി സ്വന്തം കരള്‍ ദാനം ചെയ്യുന്നവര്‍ക്ക് കടുത്ത വേദനയുള്ള ശസ്ത്രക്രിയയോ ഇതിനു ശേഷമുള്ള ദീര്‍ഘനാളത്തെ വിശ്രമമോ ഒന്നും വേണ്ട. കൊച്ചി അമൃത ആശുപത്രിയിലെ ഗ്യാസ്ട്രോ ഇന്റസ്റ്റൈനല്‍ സര്‍ജറി ആന്‍ഡ് സോളിഡ് ഓര്‍ഗന്‍ ട്രാന്സ്പ്ലാന്റേഷന് വിഭാഗം പ്രൊഫസറും ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനുമായ ഡോ.എസ്. സുധീന്ദ്രന്‍ പറഞ്ഞു.
വീഡിയോ ഗെയിമുകള്‍ കളിക്കാന്‍ ഉപയോഗിക്കുന്ന കണ്‍സോളിന് സമാനമായ കണ്ട്രോളര് വഴിയാണ് സര്ജന് റോബോട്ടിന്റെ ചലനങ്ങള്‍ നിയന്ത്രിക്കുന്നത്. മനുഷ്യന്റെ കൈകൊണ്ട് ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെയും കൃത്യതയോടെയുമാണ് റോബോട്ടിന്റെ പ്രവര്‍ത്തനം. ചെറിയ മുറിവുകളിലൂടെ വലിയ ശസ്ത്രക്രിയകള്‍ നടത്താം. മറ്റു ശസ്ത്രക്രിയകളെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ബുദ്ധിമുട്ടുകളും പേശികളിലുണ്ടാകുന്ന മുറിവുകളും ഇതിലുണ്ടാകുന്നില്ല.
വേദന കുറവായിരിക്കുമെന്നതിനാല്‍ പെട്ടെന്നു തന്നെ ദാതാവിന് സുഖം പ്രാപിക്കാം. മുറിവ് കാലക്രമേണ അപ്രത്യക്ഷമാകും. അഞ്ച് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കാം. ഓപ്പണ്‍ സര്‍ജറിയെ അപേക്ഷിച്ച് കീഹോള്‍ സര്‍ജറി ദാതാവിന് കൂടുതല്‍ ആശ്വാസകരമാണ്. രോഗിക്ക് ഏഴ് മുതല്‍ 10 ദിവസത്തിനുള്ളില്‍ മടങ്ങാനും രണ്ട് മുതല്‍ നാല് മാസത്തിനുള്ളില്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനും സാധിക്കും. 95 ശതമാനം രോഗികളിലും ഒരു തരത്തിലുമുള്ള സങ്കീര്‍ണതകളും ഉണ്ടാകുന്നില്ല. ഭൂരിഭാഗം പേരിലും റോബോട്ടിക് സര്‍ജറി സാധ്യവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: