ബെംഗളൂരു: മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരു മയക്കുമരുന്ന് കേസില്‍ നിര്‍ണായക വഴിത്തിരിവ്. കന്നട ചലചിത്രമേഖലയുമായി ബന്ധപ്പെട്ടുള്ള മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന പ്രമുഖ അഭിനേത്രികളായ രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നിവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ (എഫ്എസ്എല്) നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു.
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2020 സെപ്തബര്‍ നാലിനാണ് ബെംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) രാഗിണി ദ്വിവേദിയെ അറസ്റ്റ് ചെയ്തത്. കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ സഞ്ജനയുടെ ഇന്ദിര നഗറിലെ വീട്ടില്‍ സിസിബി റെയ്ഡ് നടത്തുകയും ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും തങ്ങള്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും കേസുമായി ബന്ധമില്ലെന്നും ഇവര്‍ മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.
കേസില്‍ ഇവന്റ് മാനേജര്‍ വീരേന്‍ ഖന്ന, മുന്‍മന്ത്രിയുടെ മകനും നടന് വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുവുമായ ആദിത്യ അല്‍വ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. നടിമാര്‍ക്കൊപ്പം കേസില്‍ പ്രതിപ്പട്ടികയിലുള്ള വീരേന്‍ ഖന്ന, രാഹുല്‍ ടോണ്‍സ് എന്നിവരും മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു. പ്രതികളുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി സിസിബി ഇവരുടെ മുടിയുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് മയക്കുമരുന്ന് കേസില്‍ ലഹരി വസ്തുക്കളുടെ ഉപയോഗം കണ്ടെത്താന്‍ സാമ്പിളായി മുടി അയക്കുന്നത്. 9 മാസങ്ങള്‍ക്ക് മുന്‍പ് ഇവരുടെ നഖങ്ങളുടെയും മൂത്രത്തിന്റെയും സാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചിരുന്നു. സാധാരണയായി രക്തം, മൂത്രം എന്നീ സാമ്പിളുകളാണ് പ്രതിയുടെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്തുന്നതിനായി അയക്കാറുള്ളത്.
എന്നാല്‍ അത് വഴി പ്രതിയുടെ 48 മണിക്കൂറിനുള്ളിലെ ലഹരി ഉപയോഗത്തെ മാത്രമേ കണ്ടെത്താനാകൂ. അതിനാലാണ് മുടി സാമ്പിളായി അയച്ചതെന്ന് സിസിബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. പ്രതി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോയെന്നത് മുടി പരിശോധിക്കുന്നതിലൂടെ കണ്ടെത്താനാകും. 2020 ഒക്ടോബറിലാണ് നടിമാരുടെ മുടിയിഴകള്‍ ഹൈദരാബാദിലെ എഫ്എസ്എല്ലിലേക്ക് അയച്ചത്. ആദ്യം ലാബ് ഇത് നിരസിച്ചിരുന്നു. അടുത്തിടെ വീണ്ടും മുടി പരിശോധിക്കുന്നതിനായി സിസിബി നല്‍കുകയും, പരിശോധനാഫലം വേഗത്തില്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു.
പുതിയ തെളിവുകളോടെ, സിസിബി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തേക്കാം. നിലവില്‍ രണ്ട് താരങ്ങളും ജാമ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം വര്‍ഷം ആഗസ്റ്റില്‍ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മലയാളികളായ അനൂപ് മുഹമ്മദ്, റിജേഷ് രവിചന്ദ്രന്‍, അനിഖ ദിനേഷ് എന്നിവരെ സിസിബി അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തില്‍ പ്രമുഖ താരങ്ങളുടെ പങ്ക് വെളിപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: