ലക്നൗ: താടി വച്ച് ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന സസ്പെന്‍ഡ് ചെയ്യപ്പെട്ട ഇസ്ലാം മത വിശ്വാസിയായ പൊലീസ് ഉദ്യോഗസ്ഥന്റെ അപേക്ഷ തള്ളി അലഹബാദ് ഹൈക്കോടതി. അത് ഔദ്യോഗിക ഉത്തരവുകളുടെ ലംഘനമാണെന്നും ഭരണഘടനയുടെ അനുച്ഛേദം 25 പ്രകാരമുള്ള സംരക്ഷണം തേടാനാകില്ലെന്നും കോടതി വ്യക്തമാക്കി. മൊഹ്ദ് ഫര്മാന് എന്ന പൊലീസ് കോണ്‍സ്റ്റബിളിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാന്റെ ബെഞ്ചിന്റെ ഉത്തരവ്. വടിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും താടി വളര്‍ത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നവംബറിലാണ് മൊഹ്ദ് ഫര്‍മാനെ സസ്പെന്‍ഡ് ചെയ്തത്.
പൊലീസ് ഉദ്യോഗസ്ഥര്‍ താടി വളര്‍ത്തുന്നത് വിലക്കി 2020 ഒക്ടോബര്‍ 26ന് സംസ്ഥാന ഡിജിപി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അനുച്ഛേദം 25 ചൂണ്ടിക്കാട്ടി താടിവളര്‍ത്താന്‍ അനുവദിക്കണമെന്ന ആവശ്യവുമായാണ് അച്ചടക്ക നടപടിക്കെതിരെ കോണ്‍സ്റ്റബിള്‍ കോടതിയെ സമീപിച്ചത്. ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചിട്ടും താടി വടിക്കാത്തത് ഡിജിപിയുടെ സര്‍ക്കുലറിന്റെ ലംഘനമെന്ന് ഹൈക്കോടതി ബെഞ്ച് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
മോശം പെരുമാറ്റം മാത്രമല്ല, ശിക്ഷാര്‍ഹവും കൃത്യ വിലോപവുമാണെന്നും കോടതി അഭിപ്രായപ്പെട്ടു. അച്ചടക്കമുള്ള സേനയിലെ അംഗം താടിവളര്‍ത്തുന്നതിന് അനുച്ഛേദം 25 പരിരക്ഷ നല്‍കുന്നില്ല. ‘ശരിയായ രീതിയില്‍ യൂണിഫോം ധരിക്കുന്നതിനും കാഴ്ചയില്‍ എങ്ങനെ വേണമെന്നും സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിക്കാന്‍ വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ക്ക് അധികാരമുണ്ട്. ഒരു ഇടപെടലും നടത്താനാവില്ല’- വിധിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: