ന്യുദല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്ന ദൗത്യം ‘ഓപ്പറേഷന്‍ ദേവി ശക്തി’യെന്ന് അറിയപ്പെടുന്ന് കേന്ദ്ര വിദേശകാര്യമന്ത്രി ഡോ.എസ്.ജയ്ശങ്കര്‍. നിഷ്‌കളങ്കരായ ജനങ്ങളെ പൈശാചിക ശക്തികളില്‍ നിന്ന് ‘ദുര്‍ഗ ദേവി’ സംരക്ഷിക്കുന്ന പോലെ നിരപരാധികളെ യുദ്ധസമാനമായ സാഹചര്യത്തില്‍ നിന്ന് രക്ഷിച്ചുകൊണ്ടു വരുന്നതിനാലാണ് ഈ പേര് നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദിയാകട്ടെ ദുര്‍ഗാ ദേവിയുടെ വലിയ ഭക്തനും നവരാത്രി വ്രതം തീഷ്ണതയോടെ പാലിക്കുന്നയാളുമാണ്. യുദ്ധസാഹചര്യം നിലനില്‍ക്കുന്ന അഫ്ഗാനില്‍ നിന്നും നിരപരാധികളെ രക്ഷിച്ചുകൊണ്ടുവരുന്ന വ്യോമസേന, എയര്‍ ഇന്ത്യ, വിദേശകാര്യ മന്ത്രാലയം ടീം അംഗങ്ങള്‍ക്ക് തന്റെ അഭിവാദ്യമെന്നും ജയ്‌ശങ്കർ ട്വിറ്ററില്‍ കുറിച്ചു. ദൗത്യ തുടരുമെന്നും അഫ്ഗാനിൽ നിന്നും ഒഴിപ്പിച്ച 78 പേരുമായി എയര്‍ ഇന്ത്യ വിമാനം താജിക്കിസ്താന്‍ വഴി ദല്‍ഹിയിലെത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്‍ നിന്ന് രക്ഷാപ്രവര്‍ത്തനം മനുഷിക പരിഗണനകള്‍ മാത്രം നോക്കിയായിരിക്കണമെന്നും മറ്റൊന്നും ബാധകമാക്കരുതെന്നും മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സ്വന്തം പൗരന്മാര്‍ക്കൊപ്പം അഫ്ഗാനിലെ ഹിന്ദു, സിഖ് ന്യുനപക്ഷങ്ങളെ മാത്രമല്ല, ഇന്ത്യയില്‍ എത്താന്‍ ആഗ്രഹിച്ച അഫ്ഗാന്‍ പൗരന്മാരേയും രക്ഷപ്പെടുത്തണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: