പിണറായി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ച് ശ്രീരാമകൃഷ്ണന്റെ പിന്‍ഗാമിയായി എം.ബി. രാജേഷ് നിയമസഭാ സ്പീക്കര്‍ സ്ഥാനത്ത് അവരോധിക്കപ്പെട്ടപ്പോള്‍ ഇടതുപക്ഷത്തുള്ളവര്‍പോലും നെറ്റിചുളിക്കുകയുണ്ടായി. പാര്‍ലമെന്റംഗമായിരുന്ന കാലത്ത് രാജേഷിന്റെ ഭാഗത്തുനിന്നുണ്ടായ അപക്വമായ പെരുമാറ്റവും നിരുത്തരവാദപരമായ പ്രസ്താവനകളുമാണ് ഇതിനു കാരണം. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന തരത്തില്‍ തരംതാണ ചില പ്രതികരണങ്ങള്‍ രാജേഷ് നടത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. ഇതിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ നിശിതമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. സ്പീക്കറുടേത് ഭരണഘടനാപരമായ പദവിയാണ്. ആ സ്ഥാനം വഹിക്കുന്നവര്‍ കക്ഷി രാഷ്‌ട്രീയത്തിനതീതമായും നിഷ്പക്ഷമായും അന്തസ്സോടെയും പെരുമാറാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ തനിക്ക് അതിന് കഴിയില്ലെന്ന് രാജേഷ് സ്വയം തെളിയിച്ചിരിക്കുകയാണ്. 1921 ലെ മാപ്പിളക്കലാപത്തിന് നേതൃത്വം നല്‍കിയ, മതഭ്രാന്തിനാല്‍ നിരവധിയാളുകളെ കൂട്ടക്കൊല ചെയ്ത വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ സ്വാതന്ത്ര്യസമരത്തില്‍ പോരാടി തൂക്കുമരത്തിലേറിയ ഭഗത് സിങ്ങിനോട് ഉപമിച്ച രാജേഷ് മുഴുവന്‍ സ്വാതന്ത്ര്യസമര സേനാനികളെയും അപമാനിച്ചിരിക്കുകയാണ്.
കൊള്ളയും കൊള്ളിവയ്‌പ്പും നടത്തിയതിന് നാടുകടത്തപ്പെട്ട ശേഷം തിരിച്ചെത്തി നല്ല നടപ്പുകാരനായി തുടരുന്നതിനിടെ പച്ച മനുഷ്യരെ കൊന്നുതള്ളാന്‍ അവസരം ലഭിക്കുമെന്നു കണ്ട് മാപ്പിള ക്കലാപത്തിന് നേതൃത്വം നല്‍കിയ ആളാണ് വാരിയംകുന്നന്‍. കലാപകാലത്ത് മനുഷ്യപ്പിശാചിനെപ്പോലെ പെരുമാറിയ ഇയാളെ ബ്രിട്ടീഷുകാര്‍ പിടികൂടി വെടിവച്ചുകൊല്ലുകയായിരുന്നു. ഇത്തരമൊരാള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചുവെന്നും, ഭഗത് സിങ്ങിന് തുല്യനാണെന്നും പറയുന്നയാളുടെ കാര്യവിവരത്തെക്കുറിച്ച് ഒന്നും പറയാനില്ല. ഈ മാനസികാവസ്ഥ ഭയപ്പെടുത്തുന്നു. മതത്തിന്റെ പേരില്‍ മനുഷ്യരെ നിഷ്‌കരുണം കൊന്നു രസിക്കുന്ന താലിബാന്‍ ഭീകരരുടെ മാനസികാവസ്ഥയാണിത്. മതരാജ്യം സ്ഥാപിക്കുന്നതിനായി ആയിരങ്ങളെ കൊന്നുതള്ളുകയും, മതംമാറ്റങ്ങളും മാനഭംഗങ്ങളും നിര്‍ബാധം അരങ്ങേറുകയും ചെയ്ത ഒരു സംഭവത്തിന്റെ വാര്‍ഷികം ആഘോഷിക്കേണ്ടതില്ലെന്ന് വിവേകികളായ മനുഷ്യര്‍ ആവര്‍ത്തിച്ച് പറയുന്നതിനിടെ, ഒരു നൂറ്റാണ്ടു മുന്‍പ് ഈ ദുഷ്‌കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയയാളെ മഹത്വവല്‍ക്കരിക്കുന്ന നടപടി അങ്ങേയറ്റം അപലപനീയമാണ്. നിയമസഭാ സ്പീക്കറുടെ കസേരയിലിരിക്കുന്ന ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമെന്ന് സംസ്‌കാരബോധമുള്ളവര്‍ക്ക് സങ്കല്‍പ്പിക്കാനാവില്ല. ഇക്കാര്യത്തില്‍ രാജേഷിന്റെ നിലപാടാണോ സിപിഎമ്മിനുമുള്ളതെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കണം.
സ്പീക്കര്‍ക്ക് രാഷ്‌ട്രീയം പറയാം, പറയുകയും ചെയ്യുമെന്നാണ് ആ സ്ഥാനത്തെത്തിയ ശേഷം എം.ബി. രാജേഷ് നടത്തിയ പ്രസ്താവന. പക്ഷേ അത് ഇത്ര അപകടകരമായിരിക്കുമെന്ന് ആരും കരുതിയില്ല. മാപ്പിളക്കലാപ സമയത്ത് മനുഷ്യക്കുരുതികള്‍ നടത്തിയ വാരിയന്‍കുന്നനെയും ആലി മുസ്ലിയാരെയുമടക്കം മുന്നൂറിലേറെപ്പേരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍നിന്ന് നീക്കാന്‍ ഐസിഎച്ച്ആര്‍ സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നുവെന്നു വാര്‍ത്ത പുറത്തുവരുന്നതിനൊപ്പമാണ് എം.ബി. രാജേഷ് ഇതിന് കടകവിരുദ്ധമായ നിലപാട് എടുത്തിരിക്കുന്നത്. ജിഹാദിശക്തികളെ കൂട്ടുപിടിക്കുന്ന നയമാണ് ഇടതുപാര്‍ട്ടികളുടേത്. ഇതിനുവേണ്ടിയാണ് മാപ്പിള ക്കലാപത്തെ കര്‍ഷകസമരമായും സ്വാതന്ത്ര്യസമരമായും ഇവര്‍ ചിത്രീകരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് രാജേഷിന്റെ പ്രസംഗത്തിലും കാണുന്നത്. തന്റെ ആചാര്യനായ ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ മാപ്പിളക്കലാപക്കാലത്ത് ആക്രമിച്ച് നാടുകടത്തിയ ജിഹാദിയെയാണ് മഹത്വവല്‍ക്കരിക്കുന്നതെന്ന കാര്യം രാജേഷിന് അറിയില്ലെങ്കില്‍ ഒരിക്കല്‍ സഹപ്രവര്‍ത്തകനായിരുന്ന എ.പി. അബ്ദുള്ളക്കുട്ടി അക്കാര്യം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ആദ്യ താലിബാന്‍ നേതാവായിരുന്ന വാരിയന്‍കുന്നനെ പുകഴ്‌ത്തിയത് സിപിഎം നേതാവായ രാജേഷിന് ഭൂഷണമായിരിക്കാം. എന്നാല്‍ നിയമസഭാ സ്പീക്കറായിരിക്കെ അങ്ങനെ ചെയ്തത് നീതീകരിക്കാനാവില്ല. പരാമര്‍ശം പിന്‍വലിച്ച് രാജേഷ് മാപ്പു പറയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: