കാബൂള്‍ : അഫ്ഗാനിസ്ഥാനില പാഞ്ച്ശീര് പ്രവിശ്യയെ വളഞ്ഞ് താലിബാന് സംഘം. അഫ്ഗാനിസ്ഥാനിലെ 33 പ്രവിശ്യകള്‍ താലിബാന് കീഴടങ്ങിയിട്ടും അതിന് തയ്യാറാവാതെ ചെറുത്തു നില്ക്കുന്ന പ്രവിശ്യയാണ് പഞ്ച്ശീര്‍. ആയിരക്കണക്കിന് താലിബാന് അനുയായികള്‍ പഞ്ച്ശീര്‍ വളഞ്ഞെന്നും ഉടന്‍ ആക്രമണം ഉണ്ടാകുമെന്നും താലിബാന് വക്താവ് അറിയിച്ചു.
അഷ്റഫ് ഗനി സര്‍ക്കാരില്‍ വൈസ് പ്രസിഡന്റായിരുന്ന അമറുള്ള സലേഹ് അടക്കമുള്ള താലിബാന് വിരുദ്ധ നേതാക്കള്‍ ഇപ്പോള്‍ പാഞ്ച്ശീര് പ്രവിശ്യയിലാണുള്ളത്. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ താലിബാന് കനത്ത തിരിച്ചടി നല്‍കുമെന്ന് വടക്കന്‍ സഖ്യത്തിന്റെ നേതാവ് അഹമ്മദ് മസൂദ് മുന്നറിയിപ്പ് നല്കി.
വടക്ക് കിഴക്കന്‍ കാബൂളില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള പ്രദേശമാണ് പഞ്ച്ശീര്‍. പ്രദേശത്തെ ജനങ്ങള്‍ സമാധാനപൂര്‍വ്വം കീഴടങ്ങാത്തത് കാരണം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെ നൂറോളം ആളുകളെ അവിടേക്ക് അയച്ചതായി താലിബാന് അറിയിച്ചു.
താലിബാന് ഭീകരര്‍ അഫ്ഗാന് പിടിച്ചെടുക്കാന്‍ ആരംഭിച്ചത് മുതല്‍ പഞ്ച്ശീര്‍ പ്രദേശത്തെ ജനങ്ങള്‍ പ്രതിരോധം ശക്തമാക്കിയിരിക്കുകയാണ്. അഫ്ഗാന് ഭരണകൂടത്തിന് വേണ്ടി പ്രവര്‍ത്തിച്ചവരുടെ സംഘവും അഫ്ഗാന് പ്രതിരോധ സേനയും സംയുക്തമായാണ് താലിബാന് വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത്. പ്രദേശത്തെ ആളുകള്‍ കീഴടങ്ങാതെ നില്‍ക്കുന്നത് താലിബാന് ആശങ്ക വര്‍ധിപ്പിച്ചു. ഇതോടെയാണ് പ്രദേശം പിടിച്ചടക്കാന്‍ താലിബാന് തീരുമാനിച്ചത്.
അതേസമയം തങ്ങളുടെ നിഘണ്ടുവില്‍ കീഴടങ്ങല്‍ എന്ന വാക്കില്ല. ആരെങ്കിലും ഏതെങ്കിലും പേരില്‍ ഞങ്ങളുടെ വീടോ നാടോ സ്വാതന്ത്ര്യമോ ആക്രമിക്കാന്‍ ഉദ്ദേശിക്കുന്നെങ്കില്‍, ഞങ്ങള്‍ ജീവിതം നല്കി മരണത്തെ വരിക്കും. അല്ലാതെ ഞങ്ങളുടെ മണ്ണോ അഭിമാനമോ വിട്ടുതരില്ലെന്ന് താലിബാനെതിരെയുള്ള ചെറുത്തു നില്പ്പിന് നേതൃത്വം നല്കുന്ന അഹമ്മദ് മസൂദ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ചെറുത്ത് നില്‍പ്പ് തുടരും. പണ്ട് റഷ്യന്‍ സൈന്യത്തിനെതിരെ ചെറുത്തുനില്പ് സംഘടിപ്പിച്ച പഞ്ച്ശീറിന്റെ സിംഹം എന്നറിയപ്പെട്ടിരുന്ന അഹ്മദ് ഷാ മസൂദിന്റെ മകനാണ് അഹ്മദ് മസ്സൂദ്.
അതേസമയം കാബൂള്‍ വിമാനത്താവളത്തിന് പുറത്തും സ്ഥിതിഗതികള്‍ ഗുരുതരമാണ്. രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ വേണ്ടി നിരവധി പേരാണ് വിമാനത്താവളത്തിന് പുറത്ത് തടിച്ചുകൂടി നില്‍ക്കുന്നത്. കാബൂളില്‍ നിന്നും ഇന്നും ഇന്ത്യയിലേക്ക് ആളുകളെ എത്തിക്കും. കാബൂളില്‍ നിന്നും ഖത്തറിലേക്ക് എത്തിച്ച 146 പേര് ഉടന്‍ ഡല്‍ഹിയിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇനിയും അഞ്ഞൂറിലധികം പേര് കൂടി അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലായം നല്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: