വികസനം സ്വപ്നം കാണാനാവാത്ത ഗ്രാമത്തിലെ ഒരു നാടന്‍ ഗുസ്തിക്കാരന്, പിന്നെ ചെറുവിദ്യാലയത്തിലെ അധ്യാപകന്. അവിടെനിന്ന് രാജ്യത്തിന്റെ രാഷ്ട്രീയം നിര്‍ണ്ണയിക്കുന്ന ഭരണകര്‍ത്താവിലേക്ക്. സംഘപ്രസ്ഥാനം ഇന്ത്യക്ക് സംഭാവന ചെയ്ത മഹാവ്യക്തിത്വം. കല്യാണ്‍സിങ്. ബിജെപിക്കാര്‍ക്ക്, നാട്ടുകാര്‍ക്ക് എന്നും അദ്ദേഹം ‘ബാബുജി’യായിരുന്നു. 1992 ല്‍ അയോധ്യയില്‍ രാമജന്മഭുമിയിലെ തര്‍ക്ക മന്ദിരം തകരുന്ന വേളയില്‍ കര്‍സേവകര്‍ക്ക് നേരെ ഒരു പോലീസുകാരനും വെടിവെക്കരുത് എന്ന് രേഖാമൂലം ഉത്തരവ് നല്കിയ മുഖ്യമന്ത്രി. അതെ, ആ മുഹൂര്‍ത്തമാണ് ഒരു പക്ഷെ രാജ്യത്തിന്റെ ആത്മാഭിമാനം വാനോളമുയര്‍ത്തിയത്; ഇന്ത്യന്‍ രാഷ്ട്രീയത്തെ ഇത്രമാത്രം മാറ്റിക്കുറിച്ചത്. അതിനുശേഷം ദേശീയ രാഷ്ട്രീയത്തിലുണ്ടായ മാറ്റം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. രാജ്യത്തെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ നെറുകയില്‍ സ്ഥാനം ലഭിക്കുന്ന വ്യക്തിയായി കല്യാണ്‍സിങ് മാറുന്നതും അതുകൊണ്ടുതന്നെ. അദ്ദേഹമാണ് നമ്മെ വിട്ടുപിരിഞ്ഞത്. ആ മഹാത്മാവിന്റെ സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കട്ടെ.
ഭാവുറാവുജിയുടെ പ്രതീക്ഷ, വിശ്വാസം
അലിഗഢ് ആണ് കല്യാണ്‍സിങിന്റെ ജന്മനാട്; ചെറുപ്പത്തിലേ സംഘപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടു; ആര്‍എസ്എസ് ശാഖയിലെത്തി. അന്നാട്ടില്‍ വലിയ പ്രാധാന്യവും അംഗീകാരവുമുള്ള തൊഴിലായ ഗുസ്തി പഠിപ്പിക്കലായിരുന്നു ആദ്യജോലി. അതുകഴിഞ്ഞാണ് കല്യാണ്‍സിങ് അധ്യാപകനാവുന്നത്. അടിയന്തരാവസ്ഥ വന്നതോടെ അറസ്റ്റിലായി, സംഘബന്ധംകൊണ്ട്. 21 മാസത്തെ ജയില്‍വാസം. 1969 – ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് അദ്ദേഹം ആദ്യമായി ജനസംഘം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. അത്രോളി മണ്ഡലത്തില്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ 4300 -ഓളം വോട്ടിന് പരാജയപ്പെടുത്തി നിയമസഭയിലെത്തി. പിന്നീട് 1974, 1977, 1980, 1985, 1989, 1991, 1993, 1996, 2002 എന്നീ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. 1980 ലൊഴികെ എല്ലാത്തിലും വിജയിക്കുകയും ചെയ്തു. 2004 ല്‍ ബുലന്ദ്ഷഹറില്‍ നിന്ന് ലോകസഭയിലുമെത്തി.
ഇവിടെ ശ്രദ്ധിക്കേണ്ടത്, സംഘത്തിന്റെ സഹസര്‍കാര്യവാഹ് ആയിരുന്ന ഭാവുറാവു ദേവറസ്ജിയുടെ ദീര്‍ഘവീക്ഷണമാണ്. ജനസംഘവും-ബിജെപി പ്രവര്‍ത്തനവുമായി കഴിയുമ്പോള്‍ ഒരു വേളയില്‍ യുപിയില്‍ ബിജെപിയുടെ തലപ്പത്തേക്ക് കല്യാണ്‍സിങ് വരുന്നതാണ് നല്ലതെന്ന് നിര്‍ദ്ദേശിച്ചത് അഥവാ അഭിപ്രായപ്പെട്ടത് ഭാവുറാവുജി ആയിരുന്നു. പരിവാര്‍ പ്രസ്ഥാനത്തില്‍ ഒരാളെ ഇന്ന സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്ന രീതി സംഘത്തിനില്ല. ഇന്നയാള് ആയാള്‍ നന്നാവുമെന്ന് ചിലപ്പോള്‍ അഭിപ്രായപ്പെടും. അക്കാര്യത്തില്‍ അന്തിമമായി തീരുമാനിക്കേണ്ടത് ആ പരിവാര്‍ പ്രസ്ഥാനമാണ്. അതാണ് സംഘത്തിന്റെ ശൈലി, സംസ്കാരം. അന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന മാധവ് പ്രസാദ് ത്രിപാഠി അന്തരിച്ചപ്പോഴാണ് അടുത്തയാള്‍ ആരെന്ന ചിന്ത തുടങ്ങിയത്. അപ്പോഴാവണം സഹ സര്‍കാര്യവാഹ് തന്റെ അഭിപ്രായം പറഞ്ഞത്. ത്രിപാഠിയുടെ കീഴില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു കല്യാണ്‍ സിങ്; 1984 കാലഘട്ടത്തില്‍ അദ്ദേഹം യുപി ബിജെപി അധ്യക്ഷനാവുന്നത് അങ്ങിനെയാണ്. യുപി രാഷ്ട്രീയത്തിലെ മറ്റൊരു വഴിത്തിരിവായി അത് മാറി എന്നത് ശ്രദ്ധിക്കുക. ഒബിസി വിഭാഗത്തിലെ കരുത്തനായ മുലായം സിങ് യാദവാണ് തന്റെ പ്രതിയോഗി അന്നറിഞ്ഞുകൊണ്ട് മുന്നോട്ട് പോകാന്‍ അദ്ദേഹത്തിനായി എന്നതുമോര്‍ക്കേണ്ടതുണ്ട്.
അതിനൊക്കെ മുന്‍പേ, 1977 ല്‍ യുപിയില്‍ ജനത സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ കല്യാണ്‍സിങ് ആരോഗ്യ മന്ത്രിയായിരുന്നു. അന്നാണ് ദീര്‍ഘകാലമായി ഒരിടത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ മുഴുവന്‍ സ്ഥലം മാറ്റിയത്. വലിയ പ്രശനങ്ങള്‍ക്ക് അത് അന്ന് വഴിവെച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനിന്നു. അതില്‍ ധാര്‍മ്മികതയുടെ അടിസ്ഥാനമുണ്ടായിരുന്നു. സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥലംമാറ്റം ഒരു ചട്ടത്തിന്റെ ഭാഗമാണ്. പക്ഷെ കുറേപ്പേര് ജീവിതകാലം മുഴുവന്‍ ഒരേയിടത്ത്, ഒരേ കസേരയില്‍ കയറിയിരിക്കുന്ന അവസ്ഥ. അത് സൃഷ്ടിക്കുന്ന അഴിമതിയും മറ്റു ദുഷ്പ്രവണതകളും. യുപിയിലെ ആരോഗ്യ രംഗത്ത് വലിയ പരിഷ്കാരത്തിന് കഴിഞ്ഞു എന്നതാണ് കല്യാണ്‍ സിംഗിന്റെ ആദ്യ നേട്ടം. മാത്രമല്ല നല്ല ഒരു ഭരണാധികാരിയാണ് താന്‍ എന്ന് തെളിയിക്കുകയും ചെയ്തു.
യു.പിയില്‍ വെറും മൂന്ന്- നാല് ശതമാനം മാത്രം വോട്ടുള്ള ലോധ് സമൂഹത്തിലാണ് അദ്ദേഹത്തിന്റെ ജന്മം. ഒരു ഒബിസി വിഭാഗം. സാധാരണനിലയില്‍ അത്രക്കൊക്കെ മാത്രം പിന്തുണയുള്ള ഒരു സമൂഹത്തില്‍ നിന്നൊരാള്‍ക്ക് യുപി രാഷ്ട്രീയം നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് എത്തുക പ്രയാസമാണ്. അതാണ് അന്നത്തെ യുപിയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍. പക്ഷെ യുപിയില്‍ മാത്രമല്ല മധ്യപ്രദേശിലും തന്റെ സ്വാധീനമുണ്ടാക്കാന്‍ ആ നേതാവിനായിരുന്നു. സംസ്ഥാനത്തെ ഒബിസി വിഭാഗം കണ്ണടച്ചു വിശ്വസിക്കുന്ന നേതാവ് എന്ന നിലയിലേക്ക് അദ്ദേഹത്തിന് പെട്ടെന്ന് കടന്നുവരാനായി. അതിനൊപ്പം സംഘപ്രസ്ഥാനങ്ങളുടെ നേതാവും. ജനസംഘം- ബിജെപി ചട്ടക്കൂടിനപ്പുറത്തുനിന്നും വലിയതോതില്‍ വോട്ട് കരസ്ഥമാക്കാന്‍ കഴിയുന്ന നേതാവായി കല്യാണ്‍സിങ് മാറി എന്നതാണ് ചരിത്രം കാണിച്ചുതരുന്നത്.
വി.പി. സിങ്ങും അയോദ്ധ്യയും
കല്യാണ്‍സിങ് യുപി അധ്യക്ഷ പദവി വഹിക്കുന്ന കാലത്താണ് ഡല്‍ഹിയില്‍ വി.പി. സിങ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നത്. അയോദ്ധ്യ പ്രശ്നം പരിഹരിച്ചുകൊള്ളാം എന്ന് സംഘ ബിജെപി- വിശ്വഹിന്ദു പരിഷത് നേതാക്കള്‍ക്ക് ഉറപ്പുനല്കിക്കൊണ്ടാണ് വിപി സിങ് ഭരണം തുടങ്ങുന്നത്. അത്തരമൊരു ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് പുറമെനിന്ന് സര്‍ക്കാരിനെ പിന്താങ്ങാന് ബിജെപി തീരുമാനിക്കുന്നതും. അതൊക്കെ ചരിത്രത്തിന്റെ ഭാഗമാണിന്ന്. എന്നാല്‍ അതിനപ്പുറം ബിജെപിയെ തകര്‍ക്കാനായി ജാതിരാഷ്ട്രീയം കളിക്കാനായിരുന്നു വിപിസിങ്ങിന്റെ നീക്കം. അങ്ങിനെയാണ് 1990 -ല്‍ ബിജെപി പിന്തുണ പിന്‍വലിക്കുന്നതും സര്‍ക്കാര്‍ നിലംപൊത്തുന്നതും. അപ്പോഴാണ് സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്ക് രാമരഥയാത്രക്ക് എല്‍കെ അദ്വാനി തയ്യാറാവുന്നതും കര്സേവക്ക് ഹിന്ദുക്കള്‍ തയ്യാറെടുത്തതും മറ്റും. പിന്നീട് 1991 ജൂണില്‍ യുപിയില്‍ കല്യാണ്‍ സിങ് സര്‍ക്കാര്‍ അധികാരത്തിലേറി. ഹിന്ദുപ്രസ്ഥാനങ്ങള്‍ 1992 ഡിസംബറില്‍ അയോധ്യയില്‍ കര്സേവക്ക് തയ്യാറെടുപ്പ് നടത്തിയിരുന്നു. അതിനനുസൃതമായി കേസുകളില്‍ തീര്‍പ്പുണ്ടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവു നല്കിയ ഉറപ്പ് പരിപാലിക്കപ്പെട്ടില്ല. യാതൊന്നും റാവു സര്‍ക്കാര്‍ ചെയ്തില്ല എന്നതാണ് യാഥാര്‍ഥ്യം.
അവസാനം ലക്ഷക്കണക്കിന് രാമഭക്തര്‍ അയോധ്യയില്‍, രാമ ജന്മഭൂമിയില് തടിച്ചുകൂടി. അവര്‍ക്ക് ഒരാഗ്രഹമേ ഉണ്ടായിരുന്നുള്ളു. രാമക്ഷേത്രത്തിനുള്ള കര്‍സേവയുടെ ഭാഗമാവണം. അവരുടെ നാവില്‍ രാമമന്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ അത് നിയന്ത്രണാതീതമായി. തര്‍ക്കമന്ദിരത്തില്‍ കുറേപേര്‍ കയറിക്കൂടി. പിന്നീട് കണ്ടത് ആ തര്‍ക്കമന്ദിരം തകര്‍ന്നു വീഴുന്നതാണ്. രാമജന്മസ്ഥാനത്തെ ആ വിദേശാധിപത്യത്തിന്റെ സ്മരണകള്‍ തകര്‍ന്ന മുഹൂര്‍ത്തം. ഒരര്‍ഥത്തില്‍ അതിനെ ഒരു ചരിത്രത്തിന്റെ ശുദ്ധീകരണം എന്നൊക്കെ പലരും വിലയിരുത്തി. എന്നാല്‍ ആ വേളയിലാണ് ഇന്ത്യയിലെ ഒരു മികച്ച ഭരണകര്താവിന്റെ മനക്കരുത്ത് ലോകം കണ്ടത്. കല്യാണ്‍സിങ് എന്ന മുഖ്യമന്ത്രിയുടെ. കര്‍സേവകര്‍ക്ക് നേരെ പോലീസ് വെടിവെക്കണം എന്നതായിരുന്നു മുഖ്യമന്ത്രിക്ക് ലഭിച്ച നിര്‍ദ്ദേശങ്ങള്‍. എല്ലാ കോണുകളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം. എന്നാല്‍ മുഖ്യമന്ത്രി ഒരു ഉത്തരവിട്ടു; എന്തൊക്കെ സംഭവിച്ചാലും പോലീസ് വെടിയുതിര്ത്തുകൂടാ. തര്‍ക്ക മന്ദിരം തകര്‍ന്നുവീണു. അവിടെ ആ കെട്ടിടത്തിനുള്ളില്‍ രാമലാലയുടെ വിഗ്രഹം ഉണ്ടായിരുന്നല്ലോ. അതെടുത്ത് അതെ സ്ഥാനത്ത്, രാമജന്മസ്ഥാനത്ത്, താല്‍ക്കാലിക ക്ഷേത്ര നിര്‍മ്മാണവും പ്രതിഷ്ഠയും നടന്നു. അതുകഴിഞ്ഞ് മുഖ്യമന്ത്രി പദം സ്വയം രാജിവെക്കുകയായിരുന്നു കല്യാണ്‍ സിങ് ചെയ്തത്. ഒരു ചരിത്ര നിയോഗം എന്ന പോലെ മുഖ്യമന്ത്രി പദത്തെ അദ്ദേഹം കണ്ടു എന്നര്‍ത്ഥം.
അവിടെനിന്നാണ് ഇന്ത്യയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രസക്തിയും ശക്തിയും വീണ്ടും വര്‍ധിച്ചത് എന്നതോര്‍ക്കുക. ശ്രീരാമന് സ്വന്തം ജന്മഭൂമി നേടിക്കൊടുത്തവരെ അധികാരത്തിലെത്തിക്കുന്നത് പിന്നീട് കണ്ടു. രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുള്ള തടസങ്ങള്‍ ഓരോന്നായി നീങ്ങുന്നതും ലോകം കണ്ടുവല്ലോ. അതിന് സാക്ഷ്യം വഹിച്ചത് നരേന്ദ്രമോദി സര്‍ക്കാരാണ് എന്നതും എടുത്തുപറയേണ്ടതുണ്ട്. ഇന്നിപ്പോള്‍ അവിടെ മനോഹരമായ, ലോകാത്ഭുതങ്ങളില്‍ ഒന്നെന്നവണ്ണം ഉയര്‍ന്നുവരാവുന്ന തരത്തിലുള്ള, രാമക്ഷേത്രം പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ പരിസമാപ്തി വരെ കാത്തിരിക്കാന്‍ ബാബുജിക്ക് ഭാഗ്യമുണ്ടായില്ല. എന്നാല്‍ ചരിത്ര നിയോഗം അദ്ദേഹം പൂര്‍ത്തീകരിച്ചിരിക്കുന്നു, സംശയമില്ല.
കാര്‍ക്കശ്യം, തെറ്റ് തിരുത്തല്‍
ഓര്‍മയില്‍ വരുന്നത്, 1991 -ലെ ഒരു അനുഭവമാണ്. അന്ന് ഞാന്‍ ബിജെപി ചുമതലയിലാണ്. തിരുവനന്തപുരത്ത് ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗം നടക്കുന്നു. കല്യാണ്‍സിങ് അടക്കം എല്ലാ ബിജെപി മുഖ്യമന്ത്രിമാരും അവിടെയുണ്ട്. ‘ജന്മഭുമി’ക്ക് വേണ്ടി കല്യാണ്‍സിങിനെ കാണാന്‍ ഒരു സംഘമെത്തി. കുമ്മനം രാജശേഖരന്, കെ കുഞ്ഞിക്കണ്ണന് എന്നിവരുണ്ട്; പിന്നെ ആരെന്ന് ഓര്‍മ്മയില്ല. ‘കേസരി’ പത്രാധിപരായിരുന്ന പി.കെ. സുകുമാരന്‍, പരസ്യവിഭാഗത്തിന്റെ ചുമതല നോക്കിയിരുന്ന രാമകൃഷ്ണന് എന്നിവരുമുണ്ട്. പാര്‍ട്ടി യോഗത്തിന്റെ തിരക്കിനിടയില്‍ ഇവര്‍ക്ക് കാണാന്‍ സമയം അനുവദിച്ചുകിട്ടി. ഇവരെയും കൊണ്ട് മസ്ക്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് പോകാനുള്ള നിയോഗം എനിക്കും. യു. പിയിലെ ബിജെപി സര്‍ക്കാരിന്റെ കുറച്ചു പരസ്യം ജന്മഭൂമി, കേസരി എന്നിവക്കും കിട്ടണം എന്നതാണ് പ്രശ്നം. കത്തുകള്‍ നോക്കിയിട്ട് മുഖ്യമന്ത്രി എന്ന നിലക്കുതന്നെ അദ്ദേഹം പറഞ്ഞു; ‘നിങ്ങളുടേത് മലയാളം പ്രസിദ്ധീകരണങ്ങളാണ്. അതിന് യുപിയില്‍ എന്ത് പ്രസക്തി. യുപി സര്‍ക്കാരിന് എന്താണ് അതുകൊണ്ട് നേട്ടം? നിങ്ങളുടെ പ്രസിദ്ധീകരണം യുപിയില്‍ ഇല്ലല്ലോ…… … ‘. കുമ്മനവും പി.കെ. സുകുമാരനും മറ്റും കുറെ വിശദീകരണങ്ങള്‍ നിരത്തി. ‘നോ, നോ’ എന്നതായിരുന്നു മറുപടി. എന്നിട്ട് പറഞ്ഞു, നിയമം അത് അനുവദിക്കുമെന്ന് തോന്നുന്നില്ല. നിയമം അനുവദിച്ചാല്‍ നോക്കാം, ഇല്ലെങ്കില്‍ ഇല്ല. നിയമലംഘനം സ്വന്തം പ്രസ്ഥാനത്തിന്റെ ജിഹ്വകള്‍ക്ക് വേണ്ടിപ്പോലും ചെയ്തുകൂടാ എന്നതാണ് പ്രസ്ഥാനം തന്നെ പഠിപ്പിച്ചത് എന്നും പറഞ്ഞു. പിന്നീട് കുമ്മനവും മറ്റും കുറെ ‘ഫോളോ അപ്പ്’ നടത്തിയതായി അറിയാം; കാര്യമായി എന്തെങ്കിലും നടന്നതായി തോന്നിയിട്ടില്ല. നിയമം നിയമത്തിന്റെ വഴിയേ മാത്രമേ അവിടെ നടക്കുമായിരുന്നുള്ളൂ. ആ കാര്‍ക്കശ്യം ഭരണാധികാരികളുടെ മേന്മയാണ് എന്നതും മറന്നുകൂടല്ലോ.
ഇതിനിടയില്‍ രണ്ടു തവണ കല്യാണ്‍സിങ് ബിജെപി വിട്ടുപോയിരുന്നു. ഒരിക്കല്‍ മുലായം സിങ് യാദവുമായിപ്പോലും കൂട്ടുചേര്‍ന്നു. അതൊക്കെ തെറ്റായിപ്പോയി എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു എന്നതാണ് പ്രധാനം. ഓര്‍ക്കുന്നു, ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്. വാക്കുകള്‍ ഏതാണ്ട് ഇതുപോലെയാണ്. ബിജെപിയില്‍ നിന്ന് അകന്നുനില്ക്കുമ്പോഴാണിത് എന്നതോര്‍ക്കുക. ‘ ഞാന്‍ സംഘത്തിന്റെ ഭാഗമാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. മൂല്യാധിഷ്ഠിത രാഷ്ട്രീയം ഞാന്‍ പഠിച്ചത് സംഘത്തില്‍ നിന്നാണ്. ഒരു സംശയം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ അവസാന യാത്ര ബിജെപിയുടെ പതാക പുതച്ചുകൊണ്ടായിരിക്കും …………..’. അദ്ദേഹത്തെ തിരികെ ബിജെപിയില്‍ കൊണ്ടുവരുന്നതില്‍ പാര്‍ട്ടി നേതൃത്വം മാത്രമല്ല സംഘ നേതാക്കളും വലിയ റോള്‍ വഹിച്ചിട്ടുണ്ട്. തിരികെ വന്നപ്പോള്‍ രാജസ്ഥാന് ഗവര്‍ണറായി നിയമിച്ചത് നരേന്ദ്രമോദിയാണ്; അഞ്ചുവര്‍ഷം ആ ചുമതല ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. ഇന്നിപ്പോള്‍ ബിജെപിയുടെ കുങ്കുമ ഹരിത പതാക പുതച്ചുകൊണ്ട് അദ്ദേഹം യാത്രയായി. അതെ യു.പിക്കാരുടെ ബാബുജിയുടെ അവസാനത്തെ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: