കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ഉത്തര്‍പ്രദേശിന്റെ രാഷ്‌ട്രീയ മണ്ഡലത്തില്‍ ജ്വലിച്ചു നിന്നിരുന്ന ആ ഉജ്ജ്വല താരമണഞ്ഞു പോയിരിക്കുന്നു. അതീവ വേദനയോടെ ഞാന്‍ എന്നോട് ചോദിക്കുകയാണ് എങ്ങനെ ആയിരിക്കും ആദരണീയനായ കല്യാണ്‍ സിങ്ജിയുടെ ജീവിതത്തെ വരുംകാല ചരിത്രം അടയാളപ്പെടുത്തുക. കഴിഞ്ഞ വര്‍ഷം പാഞ്ചജന്യയില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ തന്റെ ജീവിതത്തെ അദ്ദേഹം നിര്‍വ്വചിക്കുന്നത് ഇങ്ങനെയാണ്. ”അഞ്ഞൂറു വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ശുഭമുഹൂര്‍ത്തം എത്തിയിരിക്കുന്നു. ഏന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഇച്ഛ പൂര്‍ണ്ണമായിരിക്കുകയാണ്. ഇനിയെനിക്ക് സന്തുഷ്ടിയോടെ പ്രാണന്‍ ത്യജിക്കാം.” ജീവിതസാക്ഷാത്കാരം നേടിയ ഒരു പുണ്യജന്മമായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹം തുടര്‍ന്നു, ‘ശ്രീരാമചന്ദ്ര മഹാപ്രഭുവില്‍ എനിക്ക് അങ്ങേയറ്റത്തെ ഭക്ത്യാദരങ്ങള്‍ ഉണ്ട്. ഇനി എനിക്ക് ജീവിതത്തില്‍ഒന്നും നേടേണ്ടതായിട്ടില്ല. രാമജന്മഭൂമിയുടെ മോചനമായിരുന്നു ഒരേയൊരാഗ്രഹം, അത്സഫലമായി. അധികാരം തുച്ഛമാണ്, അതു വരും, പോകും. സര്‍ക്കാര്‍ പോയതില്‍ എനിക്കു തെല്ലും ദുഖം അന്നുമില്ല ഇന്നുമില്ല. അധികാരം എന്നെ ഒരിയ്‌ക്കലും മോഹിപ്പിച്ചിട്ടില്ല. കര്‍സേവകന്മാര്‍ക്കെതിരെ നിറയൊഴിക്കില്ലെന്ന് തുടക്കം മുതലേ ഞാന്‍ അര്‍ത്ഥശങ്കയ്‌ക്കിടയില്ലാത്തവണ്ണം പറഞ്ഞിട്ടുണ്ട്. ..” ആത്മാര്‍ത്ഥതയുടെ പ്രതീകങ്ങളായിരുന്നു ആ വാക്കുകള്‍. തന്റെ വിശ്വാസങ്ങളില്‍ നിന്നോ കര്‍ത്തവ്യങ്ങളില്‍ നിന്നോ തെല്ലും വ്യതിചലിക്കാത്ത ഹിമവല്‍ സദൃശനായ വ്യക്തിത്വം. ഈ വസ്തുതകള്‍ തുറന്ന് പറയാന്‍ അല്‍പ്പവും സംശയം അദ്ദേഹത്തിനുണ്ടായിരുന്നില്ല. കാരണം അദ്ദേഹം ധീരനായിരുന്നു. ധീരന് മരണം ഒരിയ്‌ക്കല്‍ മാത്രമെ സംഭവിക്കൂ. ഭീരുക്കള്‍ നിലപാടുകളില്‍ ഉറച്ച് നില്‍ക്കാത്തത് കൊണ്ട് ഓരോ വ്യതിചലനത്തിലും അവര്‍ മരിക്കുന്നു. അതുകൊണ്ടവര്‍, അതായത് ഭീരുക്കള്‍ പലവട്ടം മരിക്കുന്നു.
കാലമേതായാലും കാരണമെന്തായാലും കല്യാണ്‍സിംഗാണു ഹൈന്ദവ സംസ്‌കൃതിയുടെ മാതൃക. താന്‍ ഉറച്ച് വിശ്വസിക്കുന്ന ധര്‍മ്മത്തില്‍ അദ്ദേഹം അഭിമാനിച്ചു. ഒരു സാഹചര്യത്തിലും അതിനെ അദ്ദേഹം തള്ളിപ്പറഞ്ഞില്ല. പ്രാണന്‍ പോയാലും വാക്കുമാറ്റി പറയില്ല രഘുകുലരീതി പിന്തുടരുമൊരാളുമെന്ന ശ്രീരാമശപഥം ജീവിച്ച് കാണിച്ച മഹാത്മാവായിരുന്നു അദ്ദേഹം. അതുകൊണ്ടാണ് മുഖ്യമന്ത്രിക്കസേര പുല്ലുപോലെ വലിച്ചെറിഞ്ഞു കൊണ്ട് കര്‍സേവകരോടൊപ്പം അദ്ദേഹം ഉറച്ചുനിന്നത്. 1992 ഡിസംബര്‍ ആറിന് അയോദ്ധ്യയില്‍ നടന്നത് രാമനിശ്ചയമാണ് എന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കാന്‍ അദ്ദേഹം തരിമ്പും മടിച്ചില്ല. ”ബാബരി കെട്ടിടം തകര്‍ന്നതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞാന്‍ മുഖ്യമന്ത്രിപദം രാജിവച്ചത് ആ ധാര്‍മ്മിക ഉത്തരവാദിത്തം ഉള്ളത് കൊണ്ടാണ്. ഏതൊരാള്‍ക്കുമയാള്‍ പിന്തുടരുന്ന മതത്തില്‍ അഭിമാനിക്കാന്‍ അവകാശമുണ്ട്. മുസ്ലീങ്ങള്‍ക്ക് ഇസ്ലാമില്‍ അഭിമാനിക്കാന്‍ അവകാശമുള്ളത് പോലെ ഹിന്ദുക്കള്‍ക്കും തങ്ങളുടെ മതത്തില്‍ അഭിമാനിക്കാന്‍ അവകാശമുണ്ട്.” 2009 ഫെബ്രുവരി 4 നു അദ്ദേഹം എഴുതിത്തയാറാക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചതാണ് ഈ ധീരമായ വാക്കുകള്‍. ആ കാലഘട്ടം ഏതായിരുന്നു എന്നു കൂടി വിലയിരുത്തുമ്പോഴാണ് ആ ദൃഢവ്യക്തിത്വത്തിന്റെ നിശ്ചയദാര്‍ഢ്യം മനസിലാക്കാന്‍ സാധിക്കൂ. രാഷ്‌ട്രീയജീവിതത്തിലെ വളരെ മോശമായ കാലഘട്ടമായിരുന്നു അത്. ‘അനുഗമിച്ചവരെന്നെ വെടിഞ്ഞിടാം അരുമയുള്ളവര്‍പോലുമൊഴിച്ചിടാം… ഒടുവിലേകനായ് തീര്‍ന്നിടാമെങ്കിലും വെടിയുകില്ല ഞാന്‍ ഈ വഴിത്താരയെ..’ എന്ന ഗീതത്തില്‍ പറയുന്നത് പോലെയുള്ള സാഹചര്യത്തിലൂടെയാണ് അദ്ദേഹം ആ കാലത്ത് കടന്നുപൊയ്‌ക്കൊണ്ടിരുന്നത്.
ഭാരതീയസമൂഹം കല്യാണ്‍സിങ്ജിയെന്ന ആ സമുജ്ജ്വല വ്യക്തിത്വത്തെ അദ്ദേഹത്തിന്റെ യുഗപരിവര്‍ത്തനകാരിയായ തീരുമാനങ്ങളുടെ പേരില്‍, കര്‍ത്തവ്യ ബോധത്തിന്റെയും ധര്‍മ്മനിഷ്ടയുടെയും ആത്മശുദ്ധിയുടെയും കറകളഞ്ഞ സ്വയംസേവകത്വത്തിന്റെയും പേരില്‍ എക്കാലവും ആദരിക്കുകയും പ്രേരണ ഉള്‍ക്കൊള്ളുകയും ചെയ്യും. പറയുകയും അത് പ്രവര്‍ത്തിക്കുകയും ചെയ്ത, ഒരു കാര്യത്തിന്റേയും പേരില്‍ ആരുടെയും മുന്നില്‍ തലകുനിക്കേണ്ടി വരാത്ത,ആ ജീവിതം സാമൂഹ്യ, രാഷ്‌ട്രീയരംഗത്തെ പ്രവര്‍ത്തകന്മാര്‍ക്കൊരു മാതൃകയും പാഠപുസ്തകവുമാണ്. രാമക്ഷേത്രപ്രക്ഷോഭം അദ്ദേഹത്തിനു ഒരു രാഷ്‌ട്രീയ അടവോ തന്ത്രമോ ആയിരുന്നില്ല.
അതുകൊണ്ടാണദ്ദേഹം മുഖ്യമന്ത്രി കസേര വെടിയേണ്ടി വന്നപ്പോഴും തല ഉയര്‍ത്തിപ്പിടിച്ച് പ്രഖ്യാപിച്ചത്, ”സംഭവിച്ചതൊക്കെ എന്റെ ഉത്തരവാദിത്തമാണ്, നിയമപാലന സംബന്ധമായ വീഴ്ചകളെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ അതിനും ഞാനാണ് കാരണക്കാരന്‍”. ഒരു ഉദ്യോഗസ്ഥനേയും അദ്ദേഹം ബലിയാടാക്കിയില്ല. ശിക്ഷയേറ്റുവാങ്ങാന്‍ തയാറാണെന്ന് പറഞ്ഞ് നിലക്കൊണ്ട ആ നിഷ്‌ക്കളങ്കമായ ആത്മാര്‍ത്ഥതയെ എന്നെന്നും ലോകം പൂജിക്കുക തന്നെ ചെയ്യും. ഇതോടൊപ്പം രോഗക്കിടക്കയില്‍ തീര്‍ത്തും അവശനായി തീരുന്നതിനു തൊട്ടുമുന്‍പ് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴും ആ ശ്രീരാമദാസന്‍ പറഞ്ഞു, ”ഇല്ല എനിക്കല്‍പ്പവും കുറ്റബോധമില്ല, അതുകൊണ്ട് തന്നെ പശ്ചാത്താപവുമില്ല. ചെയ്തത് ശരിയെന്ന ഉത്തമ ബോദ്ധ്യം നല്‍കുന്ന തെളിച്ചത്തിലും നിര്‍വൃതിയിലും ഞാന്‍ പറയുന്നു, 1992 ഡിസം 6 ന് നടന്നതാണ് ശരി. അവിടെ ഉണ്ടായിരുന്ന അപമാനസ്തംഭം തകരേണ്ടതായിരുന്നു. അത് പോയി. ഇനി അവിടെ ഭവ്യസുന്ദരമായ രാമക്ഷേത്രം ഉയരും.” കൃശഗാത്രെനങ്കിലും വജ്രസമാനമായ ഇച്ഛാശക്തിയുടെ പ്രതീകമായിരുന്ന ആ യോഗി തലകുനിച്ചിട്ടുള്ളത് സത്യത്തിന്റെ മുന്നില്‍ മാത്രമാണ്. ഉറപ്പണ്, നമ്മുടെ ഒന്നും പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലാതെ തന്നെ ശ്രീരാമചന്ദ്രമഹാപ്രഭു ആ ദിവ്യാത്മാവിനെ തന്റെ സവിധത്തില്‍ ചേര്‍ത്തിരുത്തിക്കഴിഞ്ഞു.
എങ്കിലും നമ്മുടെ ഉയര്‍ച്ചയ്‌ക്കായി നമുക്കു പ്രാര്‍ത്ഥിക്കാം, ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: