കാബൂള്‍: 329 ഇന്ത്യക്കാരും രണ്ട് അഫ്ഗാന് പ്രതിനിധികളും ഉള്‍പ്പെടെ 400 പേരെ അഫ്ഗാനിസ്ഥാനില്‍ നിന്നും മൂന്ന് പ്രത്യേക ഫ്ളൈറ്റുകളില്‍ ഇന്ത്യയിലെത്തിച്ചു.
രണ്ട് വിമാനങ്ങള്‍ കാബൂളില്‍ നിന്നും താജിക്കിസ്ഥാന്റെ തലസ്ഥാനമായ ഡുഷാന്‍ബേ വഴിയാണ് ദല്‍ഹിയില്‍ എത്തിയത്. ഇതില്‍ ഒരെണ്ണത്തില്‍ 168 യാത്രക്കാരും രണ്ടാമത്തേതില്‍ 87 യാത്രക്കാരും ഉണ്ടായിരുന്നു. നേരത്തെ കാബൂളില്‍ നിന്നും ഒഴിപ്പിച്ച് ദോഹയില്‍ എത്തിച്ചിരുന്ന 135 ഇന്ത്യക്കാരെയാണ് മൂന്നാമത്തെ വിമാനത്തില്‍ ദല്‍ഹിയില്‍ എത്തിച്ചത്.
ആദ്യത്തെ ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ 107 ഇന്ത്യക്കാരുള്‍പ്പെടെ 168 യാത്രക്കാരെയാണ് ദല്‍ഹിയിലെ ഹിന്ദോണ്‍ എയര്‍ ബേസില്‍ എത്തിച്ചത്. ഈ 168 പേരില്‍ 72 അഫ്ഗാന് സിഖുകാരും അഫ്ഗാന് ഹിന്ദുക്കളും ഉണ്ടായിരുന്നു. ന്യൂനപക്ഷ സമുദായങ്ങളെ അഫ്ഗാന് സര്‍ക്കാരില്‍ പ്രതിനിധീകരിച്ച രണ്ട് പാര്‍ലമെന്റ് അംഗങ്ങളായ നരിന്ദര്‍ സിംഗ് ഖല്‍സയും അനാര്‍ക്കലി കൗര്‍ ഹൊനാര്യാറും ഈ വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരെ കാബൂളില്‍ നിന്നും രക്ഷപ്പെടുത്തുന്നതിന് മുമ്പ് കാബൂള്‍ എയര്‍പോര്‍ട്ടിന് മുന്‍പ് താലിബാന് തീവ്രവാദികള്‍ തടഞ്ഞുവെച്ചിരുന്നു. പിന്നീട് ഇവരെ വിട്ടയച്ചു. കാബൂളില്‍ നിന്നും ഒഴിപ്പിച്ചെടുത്ത യാത്രക്കാരെ ആദ്യം താജിക്കിസ്ഥാന്റെ തലസ്ഥാനമായ ഡുഷാന്‍ബേയില്‍ എത്തിച്ചു. അവിടെ നിന്നും പിന്നീട് യുപിയിലെ ഗാസിയാബാദിലെ ഹിന്ദോണ്‍ വിമാനത്താവളത്തില്‍ എത്തി. വിമാനത്തില്‍ നിന്നും ഇറങ്ങിയ ഇവരെ കോവിഡ് ഉണ്ടോ എന്നറിയാനുള്ള ആര്‍ടി പിസിആര്‍ ടെസ്റ്റിന് വിധേയമാക്കി.
രണ്ടാമത്തെ എയറിന്ത്യ വിമാനത്തില്‍ രണ്ട് നേപ്പാളികളുള്പ്പെടെ 87 യാത്രക്കാരെയാണ് ആദ്യം താജിക്കിസ്ഥാനിലെ ഡുഷാന്ബെയിലും പിന്നീട് ദല്‍ഹിയിലും എത്തിച്ചത്. 87 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വിറ്ററിലൂടെ അറിയിച്ചു.
മൂന്നാമത്തെ വിമാനത്തില്‍ 135 ഇന്ത്യക്കാരെ ദോഹയില്‍ നിന്നും ദല്‍ഹിയില്‍ എത്തിച്ചു. ഇവരെ ഏതാനും ദിവസം മുമ്പ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഖത്തറിലെ ദോഹയില്‍ എത്തിച്ചിരുന്നതാണ്. യുഎസ്, ഖത്തര്‍, താജിക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുമായി ചേര്‍ന്നാണ് ഇന്ത്യ പൗരന്മാരെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഒഴിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: