കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഖ്ലാനിലെ പോൾ-ഇ-ഹെസർ, ദേഹ് സലാഹ്, ബാനു എന്നീ ജില്ലകളിൽ താലിബാന്റെ കയ്യിൽനിന്ന് മുഹമ്മദ് ആന്ദരാബിയുടെ നേതൃത്വത്തിലുള്ള ജനകീയ പ്രതിരോധ സേനകൾ വെള്ളിയാഴ്ച പിടിച്ചെടുത്തുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഫ്ഗാൻ വാർത്ത ഏജൻസി അസ്വാക നൽകുന്ന വിവരമനുസരിച്ച് നിരവധി താലിബാൻ ഭീകരർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തു. അറുപതോളം ഭീകരർ കൊല്ലപ്പെടുകയോ, പരിക്കേൽക്കുകയോ ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. മറ്റ് ജില്ലകളിലേക്കും മുന്നേറുകയാണെന്ന് പ്രതിരോധ സേനകൾ അവകാശപ്പെട്ടു.
പൊതുമാപ്പിന്റെ മനോഭാവത്തിൽ താലിബാൻ പ്രവർത്തിക്കില്ലെന്നും അവർ ചൂണ്ടിക്കാട്ടി. കെട്ടിടത്തിന്റെ മേൽക്കൂരയിൽനിന്ന് ആളുകൾ അഫ്ഗാൻ പതാക വീശുന്നത് വീഡിയോയിൽ കാണാം. വെള്ളിയാഴ്ചയാണ് പഞ്ച്ശീർ താഴ്വരയ്ക്ക് സമീപം വടക്കൻ കാബൂളിലുള്ള പോൾ-ഇ-ഹെസർ ജില്ല പ്രാദേശിക പ്രതിരോധ സേനകൾ തിരിച്ചു പിടിച്ചത്. പഞ്ച്ശീർ താഴ് വരയിലാണ് താലിബാനെതിരായ പ്രതിരോധത്തിന് ആളെ കൂട്ടുന്നത്. ഭരണം പിടിച്ചിട്ടും അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ താഴ് വരയിലേക്ക് താലിബാൻ ഭീകരർക്ക് ഇപ്പോഴും എത്താൻ കഴിഞ്ഞിട്ടില്ല.
അഷ്റഫ് ഗനി രാജ്യംവിട്ടതിന് പിന്നാലെ കാവൽ പ്രസിഡന്റെന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തെത്തിയ അഫ്ഗാനിസ്ഥാന്റെ മുൻ വൈസ് പ്രസിഡന്റ് അംറുള്ള സാലിഹ് ഇവിടെയാണുള്ളത്. താലിബാനെതിരെ പഞ്ച്ശിർ പ്രവിശ്യയിൽനിന്ന് പ്രതിരോധനിര രൂപപ്പെടുത്താനാണ് സാലിഹിന്റെ ശ്രമം. മരിച്ച താലിബാൻ വിരുദ്ധ നേതാവ് അഹമ്മദ് ഷാ മസൂദിന്റെ മകൻ അഹമ്മദ് മസൂദാണ് പ്രതിരോധ സേനയുടെ കമാൻഡർ എന്നാണ് കരുതുന്നത്. താലിബാന്റെ പ്രതിനിധികൾ അഹമ്മദ് മസൂദിനെ കാണുമെന്നും വിവരമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: