ന്യൂദല്‍ഹി : ഭീകരത അടിസ്ഥാനമാക്കി പടുത്തുയര്‍ത്തുന്ന ഒരു സാമ്രാജ്യവും ദീര്‍ഘകാലം നിലനില്‍ക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മനുഷ്യത്വത്തെ എല്ലാ കാലത്തേക്കും അടിച്ചമര്‍ത്താന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് സോമനാഥ് ക്ഷേത്രത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സോമനാഥ ക്ഷേത്രം പലതവണ തകര്‍ക്കപ്പെട്ടു. അതിന്റെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കാനും നിരവധി തവണ ശ്രമങ്ങളുണ്ടായി. എന്നാല്‍ ഓരോ തവണയും ക്ഷേത്രം ആക്രമണങ്ങളെ മറികടന്ന് ഉയര്‍ന്നുവന്നു. അതിലൂടെ ക്ഷേത്രം നമുക്കെല്ലാം ആത്മവിശ്വാസം നല്‍കുന്നുവെന്നും മോദി പറഞ്ഞു.
‘സത്യത്തെ അസത്യത്തിലൂടെ തോല്‍പ്പിക്കാനാകില്ല, വിശ്വാസത്തെ ഭീകരതയാല്‍ തകര്‍ക്കാനാകില്ല എന്ന വിശ്വാസത്തിന്റെ പ്രതീകമാണിത്’. ‘ഭയം വിതച്ച് ഒരു സാമ്രാജ്യം സ്ഥാപിക്കാന്‍ ശ്രമിക്കാമെന്ന വിനാശകാരികളായ ശക്തികളുടെ ചിന്ത, താല്‍ക്കാലിക ആധിപത്യത്തിലെത്തിയേക്കാം; പക്ഷേ, അതിനു ശാശ്വത നിലനില്‍പ്പില്ല; മനുഷ്യരാശിയെ ദീര്‍ഘനാളത്തേയ്ക്ക് അടിച്ചമര്‍ത്താനാകില്ല. അക്രമികള്‍ സോമനാഥ് പൊളിച്ച കാര്യത്തില്‍ ഇത് സത്യമായിരുന്നു, ലോകം അത്തരം ആശയങ്ങളെ ഭയപ്പെടുന്ന ഇന്നത്തെ കാലത്തും അത് സത്യമാണ്’ പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: